ക്വാണ്ടം കംപ്യൂട്ടിങ്: ചൈനയെ നേരിടാൻ അമേരിക്കയുടെ 8500 കോടി

സാങ്കേതികവിദ്യാ വ്യവസായരംഗത്തു വൻ മുതൽമുടക്കു നടക്കുന്ന മേഖലകളിലൊന്നാണു ക്വാണ്ടം കംപ്യൂട്ടിങ്. ചൈന ഇക്കാര്യത്തിൽ കാട്ടുന്ന ശുഷ്കാന്തി അവർക്കു മേൽക്കൈ നേടിക്കൊടുക്കുമെന്ന ആശങ്കയുള്ളതിനാൽ അമേരിക്ക വമ്പൻ പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാണ്ടം കംപ്യൂട്ടിങ് പ്രോൽസാഹനത്തിന് ഈയിടെ പ്രത്യേക നിയമം തന്നെ പാസാക്കി. ഈ രംഗത്തെ ഗവേഷണങ്ങൾക്കു യുഎസ് സർക്കാർ 120 കോടി ഡോളർ (ഏതാണ്ട് 8500 കോടി രൂപ) ചെലവിടും. ഏകദേശം ഇതേ തുകയ്ക്കുള്ള പദ്ധതി യൂറോപ്യൻ യൂണിയനും അവതരിപ്പിച്ചിട്ടുണ്ട്.

ഏറെക്കാലമായി ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ശൈശവദശയിലാണു ക്വാണ്ടം കംപ്യൂട്ടിങ്. നിലവിലെ കംപ്യൂട്ടറുകളും സൂപ്പർ കംപ്യൂട്ടറുകളും സ്മാർട്ഫോണുകളുമൊക്കെ വിവരങ്ങൾ ഡിജിറ്റൽ ബിറ്റുകളാക്കി (0,1) കോഡ് ചെയ്ത് കണക്കുകൂട്ടലുകൾ നടത്തുമ്പോൾ ക്വാണ്ടം കംപ്യൂട്ടറുകളിൽ 0,1 എന്നീ ബിറ്റുകൾ വെവ്വേറെയും ഒന്നിച്ചുമൊക്കെ നിലനിൽക്കുന്ന (സൂപ്പർ പൊസിഷൻ എന്നാണീ സവിശേഷതയ്ക്കു പേര്) ക്യുബിറ്റുകളാണുള്ളത്. സാധാരണ കംപ്യൂട്ടറുകളുടെ പരിമിതി മറികടന്ന് എത്രയോ അധികം വേഗത്തിൽ കണക്കൂകൂട്ടലുകൾ നടത്താൻ ഈ രീതിയിൽ സാധിക്കും എന്നതാണ് ലോകത്തെ ക്വാണ്ടം കംപ്യൂട്ടിങ്ങിലേക്ക് ആകർഷിക്കുന്നത്.  

അതേസമയം, ഇതിനു ശേഷിയുള്ള ചിപ്പുകൾ ഗവേഷണഘട്ടത്തിലാണെന്നേ പറയാനാകൂ. ഗൂഗിൾ 72–ക്യുബിറ്റ് ചിപ്പും ഐബിഎം 50–ക്യുബിറ്റ് ചിപ്പും രൂപപ്പെടുത്തിയെന്നു പറയുമ്പോൾ റിഗെറ്റി കംപ്യൂട്ടിങ് എന്ന യുഎസ് സ്റ്റാർട്ടപ് കമ്പനി 128–ക്യുബിറ്റ് ചിപ്പും ഡി–വേവ് 2000 ക്യുബിറ്റ് ചിപ്പും രൂപപ്പെടുത്തി എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇനിയും ഏറെ പുരോഗതി കൈവരിച്ചാലേ ക്വാണ്ടം കംപ്യൂട്ടിങ് വഴി പ്രതീക്ഷിക്കുന്ന നേട്ടം ലഭിക്കൂ.

വിവിധ രംഗങ്ങളിൽ

ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ മികവ് ഏതെങ്കിലും ചില മേഖലകളിൽമാത്രം ഒതുങ്ങുന്നില്ല. ഒരുദാഹരണം നോക്കാം:  ആറ്റങ്ങളുടെയും ഇലക്ട്രോൺ, പ്രോട്ടോൺ തുടങ്ങിയ ആറ്റമിക് കണങ്ങളുടെയും പ്രവർത്തനം സാധാരണ കംപ്യൂട്ടറുകളെക്കാൾ കൃത്യതയോടെ പ്രവചിക്കാനും വിലയിരുത്താനും ക്വാണ്ടം കംപ്യൂട്ടിങ്ങിനു കഴിയുമെന്നു വിലയിരുത്തപ്പെടുന്നു. ഇത് രസതന്ത്രഗവേഷണമേഖലയിലാകെ മാറ്റം വരുത്തുകയാണ്. ഡെയിംലർ, ഫോക്സ്‌വാഗൺ എന്നീ വാഹനക്കമ്പനികൾ ഇപ്പോൾ ശ്രമിക്കുന്നത് ‘ബാറ്ററി രസതന്ത്രം’ പരിഷ്കരിച്ച് ബാറ്ററികളുടെ ശേഷിയും ‘ലൈഫും’ കൂട്ടാൻ ഈ വിദ്യ ഉപയോഗിക്കുന്നതെങ്ങനയെന്നാണ്. 

സൈബർ ആക്രമണത്തിനും

അതീവ സുരക്ഷാമേഖലകളിലൊക്കെ നേട്ടമുണ്ടാക്കുമെന്നു വിലയിരുത്തപ്പെടുന്ന ക്വാണ്ടം കംപ്യൂട്ടിങ് ഇതിന് എതിർദിശയിൽ പ്രവർത്തിക്കാനും സാധ്യതയില്ലേ? ബാങ്കിങ്ങും ഷോപ്പിങ്ങും ഡേറ്റിങ്ങുമടക്കമുള്ള ഓൺലൈൻ ഇടപാടുകളുടെയൊക്കെ വിവരം, ഇപ്പോഴത്തെ സുരക്ഷാകോഡുകളെയൊക്കെ കീറിമുറിച്ച് ചോർത്തിയെടുക്കാൻ ഈ സാങ്കേതികവിദ്യയ്ക്കു കഴിയുമെന്നാണു വിലയിരുത്തൽ. അതുകൊണ്ടുതന്നെ ‘ക്വാണ്ടം–പ്രൂഫ്’ ആയ സുരക്ഷാ കോഡുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

∙ജീവൻ