ലോകരാജ്യങ്ങളുടെയെല്ലാം ശ്രദ്ധ ചൈനയിൽ, സംഭവിക്കാൻ പോകുന്നതെന്ത്?

ഒട്ടേറെ സൂപ്പർ കംപ്യൂട്ടറുകളുടെ പ്രവർത്തനവേഗമുള്ള ഒരു കംപ്യൂട്ടർ. ഇന്നത്തെ കംപ്യൂട്ടറുകളുടെ 

‘കണക്കുകൂട്ടൽ’ തെറ്റിക്കുന്ന ആ കംപ്യൂട്ടറാണു ക്വാണ്ടം കംപ്യൂട്ടർ. സാധാരണക്കാരുടെ ജീവിതം മാറ്റിമറിക്കാൻ ഇവയെത്തുന്ന കാലം വിദൂരമല്ല. പരിചയപ്പെടാം, സാധ്യതകളുടെ ആ സാങ്കേതികവിദ്യ.

ക്വാണ്ടം കംപ്യൂട്ടിങ്ങിൽ ലോകരാജ്യങ്ങളുടെയെല്ലാം ശ്രദ്ധ ചൈനയിലാണ്. ഈ മേഖലയിൽ ചൈന മുന്നേറ്റമുണ്ടാക്കുമെന്നു പലരും കരുതുന്നു. 2016ൽ തന്നെ മിസിയസ് എന്ന ക്വാണ്ടം ഉപഗ്രഹം ചൈന ബഹിരാകാശത്ത് അയച്ചിരുന്നു. ഇതുപയോഗിച്ച് തീർത്തും സുരക്ഷിതമായ ഒരു വാർത്താവിനിമയ ശൃംഖല രൂപപ്പെടുത്താനാണ് ചൈനീസ് ശ്രമം. ഈ ഉപഗ്രഹമുപയോഗിച്ച് ചൈനയിലെയും ഓസ്ട്രിയയിലെയും ഗവേഷകർ തമ്മിൽ ഒരു വിഡിയോകോൾ യാഥാർഥ്യമാക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിരുന്നു.

ചൈനയുടെ സാങ്കേതികശേഷി വർധിപ്പിക്കാനായി രൂപപ്പെടുത്തിയിരിക്കുന്ന ‘മെഗാപ്രോജക്ട്’ പദ്ധതിയിൽ ഹൃദയസ്ഥാനമാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിന്. ചൈനയിലെ ഹെഫിയിൽ 1000 കോടി ഡോളർ ചെലവിൽ നാഷനൽ ലബോറട്ടറി ഫോർ ക്വാണ്ടം ഇൻഫർമേഷൻ സയന്‍സസ് എന്ന വിദ്യാഭ്യാസ സ്ഥാപനവും അവർ ഒരുക്കുന്നുണ്ട്.

ക്വാണ്ടം കംപ്യൂട്ടിങ് വന്ന വഴി

1960- ക്യൂബിറ്റുകള്‍ ഉപയോഗിച്ച് കോൺജുഗേറ്റ് കോഡിങ് എന്ന പ്രക്രിയ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫന്‍ വീസ്നർ കണ്ടുപിടിക്കുന്നു.

1976- പോളിഷ് ശാസ്ത്രജ്ഞൻ റോമൻ ഇന്‍ഗാർഡൻ ക്വാണ്ടം ഇന്‍ഫർമേഷൻ തിയറി എന്ന പ്രബന്ധം പ്രസിദ്ധീകരിക്കുന്നു.

1981- വിഖ്യാത ശാസ്ത്രജ്ഞന്‍ റിച്ചഡ് ഫെയ്ൻമാൻ എംഐടിയിൽ ക്വാണ്ടം കംപ്യൂട്ടറിന്റെ അടിസ്ഥാനമോഡൽ അവതരിപ്പിക്കുന്നു.

1982- ക്വാണ്ടം കംപ്യൂട്ടറിന്റെ സൈദ്ധാന്തികമായ സാധ്യത ശാസ്ത്രജ്ഞനായ പോൾ ബേനിയോഫ് അവതരിപ്പിക്കുന്നു.

1985- യൂണിവഴ്സൽ ക്വാണ്ടം കംപ്യൂട്ടിങ്ങിനെക്കുറിച്ചുള്ള ആശയം ഓക്സ്ഫഡ് സർവകലാശാലയിൽ ഡേവിഡ് ഡ്യൂഷെ അവതരിപ്പിക്കുന്നു.

1993- ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വേഗം വർധിപ്പിക്കാനുള്ള ഓറക്കിൾ പ്രോഗ്രാം മോണ്‍ട്രിയൽ സർവകലാശാല കണ്ടുപിടിക്കുന്നു.

1994- ക്വാണ്ടം കംപ്യൂട്ടിങ്ങിനു വേണ്ടിയുള്ള പ്രധാനപ്പെട്ട അൽഗോരിതം ന്യൂയോർക്കിലെ ബെൽ ലബോറട്ടറിയിലെ ഗവേഷകനായ പീറ്റർ ഷോർ കണ്ടുപിടിക്കുന്നു. ഷോർസ് അൽരഗിതം എന്ന പേരിൽ ഇതു പ്രശസ്തമാകുന്നു.

1996- ബെൽലാബ്സിൽ ക്വാണ്ടം ഡേറ്റബേസ് സെർച് അൽഗരിതം കണ്ടെത്തുന്നു.

1998- ആദ്യ 3 ക്യൂബിറ്റ് കംപ്യ‌ൂട്ടർ

2000- ആദ്യ 5,7 ക്യൂബിറ്റ് എൻഎംആർ കംപ്യൂട്ടറുകൾ

2006- ക്വാണ്ടം ടെലിക്ലോണിങ് പരീക്ഷിക്കുന്നു, 12 ക്യൂബിറ്റ് കംപ്യൂട്ടർ

2008- ഗ്രാഫിൻ ഉപയോഗിച്ചുള്ള ക്വാണ്ടം ഡോട് ക്യൂബിറ്റ്. 128 ക്യൂബിറ്റ് കംപ്യൂട്ടർ നിർമിച്ചെന്നു ഡിവേവ് സിസ്റ്റംസ് അവകാശപ്പെടുന്നു.

2009- ഗൂഗിളും ഡിവേവും തമ്മിൽ ക്വാണ്ടം കംപ്യൂട്ടിങ്ങിൽ സഹകരണത്തിനു ധാരണ.

2010- ക്യൂബിറ്റുകളെ വൈദ്യുതി ഉപയോഗിച്ച് കൈകാര്യം ചെയ്യാനുള്ള ശേഷി.

2012- ലോകത്തെ ആദ്യ ക്വാണ്ടം കംപ്യൂട്ടിങ് സോഫ്റ്റ്‌വെയർ കമ്പനിയായ 1 ക്യൂബി ഇൻഫർമേഷൻ ടെക്നോളജീസ് തുടങ്ങുന്നു.

2017- 2000 ക്യൂബിറ്റുകളുള്ള ഡി–വേവ് ക്വാണ്ടം അനീലർ എന്ന കംപ്യൂട്ടറിന്റെ വരവ് ഡിവേവ് പ്രഖ്യാപിക്കുന്നു.

2018- 72 ക്യൂബിറ്റുകളുള്ള ബ്രിസിൽകോണ്‍ എന്ന ചിപ്പ് ഗൂഗിളും 50 ക്യൂബിറ്റുള്ള ടാംഗിൾ ലേക് ചിപ് ഇന്റലും പ്രഖ്യാപിക്കുന്നു.

∙അശ്വിൻ