ലോകത്തെ അദ്ഭുതപ്പെടുത്തിയ ദൗത്യം,ബഹിരാകാശം കീഴടക്കി ചൈന

ചാന്ദ്രപദ്ധതികളുടെ കൂട്ടത്തിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ചൈനയുടെ ചാങ് ഇ 4. ഇതുവരെ അപ്രാപ്യമായിരുന്ന ലക്ഷ്യങ്ങൾ തേടിയാണ് ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ചന്ദ്രന്റെ വിദൂരഭാഗത്തേക്കു (ഫാർ സൈഡ്) ചൈന വിക്ഷേപിച്ച ചാങ് ഇ 4 ദൗത്യം വിജയമായതോടെ ചന്ദ്രപര്യവേക്ഷണ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവം. 

ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു ഫാർ സൈഡ്. ചന്ദ്രന്‍ സ്വയം കറങ്ങുന്നതിന്റെയും ഭൂമിയെ വലംവയ്ക്കുന്നതിന്റെയും തോത് ഒന്നു തന്നെ. ടൈഡൽ ലോക്കിങ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മൂലം ചന്ദ്രന്റെ ഈ മുഖം നമ്മിലേക്കു തിരിയില്ല. ഇരുണ്ടതെന്നു പറയുമെങ്കിലും യഥാർഥത്തിൽ മറ്റെല്ലാ ഭാഗങ്ങളിലും കിട്ടുന്നതുപോലെ സൂര്യപ്രകാശം ഇവിടെയുമുണ്ട്. കാണാൻ കഴിയാത്തതിനാൽ മനുഷ്യർ ഇരുണ്ടതെന്നു വിളിച്ചെന്നു മാത്രം. ചൈനയുടെ പുതിയ കാൽവയ്പ് ഒട്ടേറെ ശാസ്ത്രനേട്ടങ്ങൾക്കുള്ള തുടക്കമാകുമെന്നു കരുതുന്ന ബഹിരാകാശവിദഗ്ധർ ലോകമെങ്ങുമുണ്ട്.

ചന്ദ്രനെ അറിയാൻ

ചന്ദ്രന്റെ ഘടനയും മറ്റും അറിയാൻ ഏറ്റവും നല്ലതു വിദൂരഭാഗമാണെന്നു ശാസ്ത്രജ്ഞർ ഒരുപോലെ സമ്മതിക്കുന്നുണ്ട്. ഇപ്പോൾ ദൗത്യം പറന്നിറങ്ങിയത് ചന്ദ്രനിൽ ദക്ഷിണധ്രുവ‌ത്തിലുള്ള ഗർത്തമേഖലയായ ഐട്കിൻ ബേസിനിലാണ്. ചന്ദ്രനിലെ ഏറ്റവും പ്രാചീനമായ ഈ ബേസിനിലെ വോൻ കർമാൻ എന്ന 180 കിലോമീറ്റർ വിസ്തീർണമുള്ള വൻ ഗർത്തത്തിലാണ് ഇപ്പോള്‍ ദൗത്യം.

കോടിക്കണക്കിനു വർഷങ്ങൾക്കു മുന്‍പു ചന്ദ്രനിൽ 500 കിലോമീറ്റർ വിസ്തീർണമുള്ള ഒരു ഛിന്നഗ്രഹം ഇടിച്ചിറങ്ങിയിരുന്നു. ചന്ദ്രന്റെ പുറംകവചത്തിൽ ഗർത്തം തീർത്ത് മധ്യകവചത്തിലെ വരെ വസ്തുക്കൾ പുറത്തേക്കെത്തിക്കാൻ ഈ ആഘാതം കാരണമായിരുന്നു. 

ഈ വസ്തുക്കൾ പഠിക്കാൻ ദൗത്യം ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതുവഴി ചന്ദ്രന്റെ ആന്തരികഘടനയും ചരിത്രവും പഠിക്കാം. ഇതിനായി ക്യാമറ, സ്പെക്ട്രോമീറ്റർ, ലൂണർ പെനട്രേറ്റിങ് റഡാർ തുടങ്ങിയ സംവിധാനങ്ങൾ ദൗത്യത്തിലുണ്ട്.

വാനനിരീക്ഷണം

ചന്ദ്രന്റെ വിദൂരഭാഗം ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഏറ്റവും അനുയോജ്യമാണ്. ഭൂമിയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ ഇവിടെയെത്താത്തതാണു കാരണം. ചെറിയ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്താൻ ഇവിടെ അവസരമുണ്ട്. സൂര്യനെ കൂടുതൽ വ്യക്തതയോടെ നിരീക്ഷിക്കാൻ ഇതുവഴി അവസരമൊരുങ്ങും.

കോളനി 

വിവിധ ബഹിരാകാശ ഏജൻസികൾക്കു ചന്ദ്രനിലേക്ക് ആളെ വിടാനും അവിടെ മനുഷ്യ കോളനി സ്ഥാപിക്കാനും പദ്ധതിയുണ്ട്. എന്നാൽ പ്രധാന പ്രതിബന്ധം, ഭൂമിയിൽനിന്നു വ്യത്യസ്തമായി സൂര്യപ്രകാശത്തിൽ നിന്ന് അവിടെയേൽക്കുന്ന വികിരണങ്ങളുടെ ആധിക്യമാണ്. ഭൂമിയിൽ അന്തരീക്ഷമുള്ളതിനാൽ വികിരണങ്ങൾക്ക് ഒരു പരിധി വരെ തടയിടാം. ചന്ദ്രനിൽ ഇതല്ല സ്ഥിതി. ഇതെ കുറിച്ചു പഠനം നടത്താൻ ലൂണർ ലാൻ‌‍ഡർ ആൻഡ് ഡോസിമെട്രി എക്സ്പെരിമെന്റ് (എൽഎൻഡി) എന്ന പരീക്ഷണം ഇക്കുറി നടത്തും.

ഇടത്താവളം

ബഹിരാകാശത്തെ വിദൂര മേഖലകളിലേക്കുള്ള യാത്രയ്ക്കു ഭൂമിയിൽനിന്ന് ഇന്ധനം നിറച്ചുപോകുന്ന രീതി പ്രാവർത്തികമല്ലെന്ന വാദം പണ്ടേയുണ്ട്. സൗരയൂഥത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കു ചന്ദ്രനിൽ ഫ്യുവൽ സ്റ്റേഷനുകൾ സ്ഥാപിക്കുക ശാസ്ത്രസമൂഹത്തിന്റെ സ്വപ്നപദ്ധതിയാണ്. ചന്ദ്രനിലുള്ള ഹീലിയം–3 നിക്ഷേപം ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇന്ധനത്തിനു മറ്റെവിടെയും പോകേണ്ട. ഈ നിക്ഷേപങ്ങളും സവിശേഷമായ സ്ഥാനവും വിദൂരഭാഗത്തെ ഇടത്താവളമെന്ന നിലയിലും ശ്രദ്ധേയമാക്കുന്നു.