ലോകത്തെ നശിപ്പിക്കും 'ജനിതക' രോഗാണുക്കള്‍; പരീക്ഷണത്തിന് യുഎസ് നിര്‍ദേശം; ഭീതിയോടെ ശാസ്ത്രലോകം

ലോകം നശിപ്പിക്കാന്‍ തക്ക ശേഷിയുള്ള മഹാമാരി വിതയ്ക്കുന്ന രോഗാണുക്കളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്ക് വീണ്ടും അനുമതി. രോഗാണുക്കളില്‍ ജനിതക പരിവര്‍ത്തനം ഉള്‍പ്പെടെ വരുത്താന്‍ ശേഷിയുള്ള അനുവാദമാണ് ഗവേഷകര്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിലക്കായിരുന്നു. ആ മൊററ്റോറിയം എടുത്തു കളഞ്ഞ് പരീക്ഷണങ്ങള്‍ക്കു ധനസഹായം അനുവദിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം. ചെറിയൊരു കൈപ്പിഴയ്ക്കു പോലും ലോകം വലിയ വില കൊടുക്കേണ്ടി വരുന്ന പരീക്ഷണത്തിനു തിരഞ്ഞെടുത്തിരിക്കുന്ന അണുക്കളും വിനാശകാരികളാണ്. ഇന്‍ഫ്ലുവന്‍സ, സാര്‍സ്, മെര്‍സ് എന്നിങ്ങനെ മറുമരുന്നു പോലും എല്ലാവര്‍ക്കും കൃത്യമായി ലഭ്യമാക്കാനാകാത്ത വിധം പ്രശ്‌നക്കാരായ വൈറസുകളിന്മേലായിരിക്കും പരീക്ഷണം. പെട്ടെന്നു പെറ്റുപെരുകും വിധം ജനിതകമായി മാറ്റങ്ങള്‍ വരുത്തിയാല്‍ അത് മനുഷ്യരിലേക്ക് നിമിഷനേരം കൊണ്ടായിരിക്കും പടരുക. പിന്നെ തടയുക പോലും അസാധ്യം.

പക്ഷിപ്പനിയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. പല രാജ്യങ്ങളിലായി ഈ രോഗം ബാധിച്ചത് 1500 പേരിലാണ്. ഇവരില്‍ 40 ശതമാനം പേരും കൊല്ലപ്പെട്ടു. എന്നാല്‍ സാധാരണ പനി പോലെ ഇവയ്ക്കു പെട്ടെന്നു പടര്‍ന്നു പിടിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ മരണസംഖ്യ കണക്കുകൂട്ടാന്‍ പോലും സാധിക്കുമായിരുന്നില്ല. അത്തരമൊരു അവസ്ഥയിലേക്ക് പ്രശ്‌നങ്ങളെ എത്തിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞുവന്നിരിക്കുന്നത്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് നേരെ മറിച്ചാണ്. മഹാവ്യാധികളില്‍ പലതിനെയും നമുക്കു തടുക്കാന്‍ സാധിക്കാറില്ല. മരുന്നിനു പോലും നശിപ്പിക്കാനാകാത്ത വിധം ജനിതകമാറ്റം രോഗാണുക്കളില്‍ സംഭവിക്കുന്നതാണു കാരണം. ഈ സാഹചര്യത്തില്‍ എന്തെല്ലാം ജനിതകമാറ്റങ്ങളാണ് രോഗാണുക്കളില്‍ ഉണ്ടാകുന്നതെന്നു മനസ്സിലാക്കാനാണ് ഗവേഷകര്‍ പരീക്ഷണത്തിലൂടെ ശ്രമിക്കുന്നത്. അതു കണ്ടെത്തിയാല്‍ ആവശ്യത്തിനു മരുന്നു തയാറാക്കി പ്രതിരോധ കവചം ഒരുക്കാമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള മുന്‍കാല പരീക്ഷണങ്ങള്‍ അത്ര നല്ല അനുഭവങ്ങളല്ല ഗവേഷകര്‍ക്കു സമ്മാനിച്ചിരുന്നതും. ഇതിന്റെ പേരില്‍ ശാസ്ത്രലോകം തന്നെ രണ്ടു ചേരികളായിത്തിരിഞ്ഞ് വാദപ്രതിവാദങ്ങള്‍ ശക്തമാണ്.

2011ല്‍ കീരികളില്‍ പക്ഷിപ്പനി വൈറസിനെ പരീക്ഷിക്കാനായി ഒരു തരം പുതിയ രോഗാണുവിനെ സൃഷ്ടിച്ചെടുത്തിരുന്നു. കീരികളില്‍ വളരെ പെട്ടെന്നു പടരുന്നവയായിരുന്നു ഇവ. എന്നാല്‍ ലാബില്‍ ഒരു അപകടമുണ്ടായി കീരികള്‍ പുറത്തു കടന്നാലുണ്ടാകുന്ന പ്രശ്‌നത്തെ തടുക്കാന്‍ അതുവരെ ആര്‍ജ്ജിച്ച ഒരറിവും പോരാതെ വരുമെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറഞ്ഞത്. ഗവേഷകര്‍ക്ക് രോഗം ബാധിക്കുന്ന സാധ്യതയും തള്ളിക്കളയാനാകില്ല. വിമര്‍ശനം ശക്തമായതോടെ തങ്ങളുടെ പരീക്ഷണത്തിന് 60 ദിവസത്തെ മൊററ്റോറിയം ഗവേഷകര്‍ പ്രഖ്യാപിച്ചു. 2012 അവസാനം കൊണ്ടുവന്ന ആ വിലക്ക് പക്ഷേ തുടര്‍ന്നത് ഒരു വര്‍ഷത്തോളമായിരുന്നു. അതിനു കാരണമായതാകട്ടെ എവിടെ നിന്നാണു തുടക്കമെന്നറിയാതെ പൊട്ടിപ്പുറപ്പെട്ട ആന്ത്രാക്‌സും പക്ഷിപ്പനിയും തന്നെ. ഗവേഷകരില്‍ ചിലര്‍ കരുതുന്നത് ആ മാരകവ്യാധി പടരാന്‍ കാരണം ഏതെങ്കിലും ഒരു ലാബിലെ അശ്രദ്ധയായിരിക്കുമെന്നാണ്. 

ഇതിനു പിന്നാലെയാണ് ആയിരങ്ങളെ കൊന്നൊടുക്കിയ എബോള വൈറസും എത്തിയത്. അതോടെ പരീക്ഷണങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് എടുത്തുമാറ്റുന്നത്. മെര്‍സ്, സാര്‍സ്, ഇന്‍ഫ്ലുവന്‍സ രോഗാണുക്കളില്‍ പരീക്ഷണം നടത്തുന്നതിനുള്ള ധനസഹായം 2014ലാണ് വൈറ്റ് ഹൗസ് നിര്‍ത്തലാക്കിയത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് പരീക്ഷണം തുടരേണ്ടതുണ്ടെന്നാണ് ഇതിനെ ന്യായീകരിച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കുന്നത്.