sections
MORE

നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കും, ഭൂമിയുടെ അച്ചുതണ്ട് മാറും, അന്റാരസ് സൂപ്പനോവയാകും

supernova
SHARE

പിറവിയെടുത്ത അന്ന് മുതല്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളടക്കമുള്ള എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും ഭൂമിക്കും രക്ഷയില്ല. നിലവിലുള്ള ഭൂമിയും പതിനായിരം വര്‍ഷം കഴിഞ്ഞുള്ള ഭൂമിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകും. ഭൂമിക്കുണ്ടാകുന്ന ഈ മാറ്റങ്ങളെ മനുഷ്യകുലം അതിജീവിക്കാനുള്ള സാധ്യത പോലും കുറവാണെന്നും മുന്നറിയിപ്പുണ്ട്. 

ഭൂമിയിലെ ധ്രുവപ്രദേശങ്ങള്‍ അധികകാലം അങ്ങനെയുണ്ടാകില്ലെന്നതാണ് മുന്നറിയിപ്പില്‍ പ്രധാനം. അന്റാര്‍ട്ടിക്കയുടെ കിഴക്കന്‍ ഭാഗം പൂര്‍ണ്ണമായും സമുദ്രത്തോട് ഉരുകി ചേരും. ഇത് മൂന്ന് മീറ്ററിലേറെ സമുദ്രനിരപ്പില്‍ വര്‍ധനവുണ്ടാക്കും. ഇന്ന് കാണുന്ന തീരങ്ങളും ദ്വീപുകളുമായിരിക്കില്ല വര്‍ഷങ്ങള്‍ക്കകം ഭൂമിയിലുണ്ടാവുകയെന്ന് ചുരുക്കം. 

അതേസമയം പല റിപ്പോര്‍ട്ടുകളും സമുദ്ര നിരപ്പിലെ വര്‍ധനവില്‍ മനുഷ്യര്‍ക്ക് അത്രയേറെ ആശങ്കപ്പെടാനില്ലെന്ന് വാദിക്കുന്നവയാണ്. എങ്കിലും മനുഷ്യന്റെ ഭൂമിയിലെ വാസത്തിന് അധികം ആയുസ്സില്ലെന്ന സൂചനകളും നിരവധി. ഓസ്‌ട്രേലിയന്‍ തിയററ്റിക്കല്‍ ഫിസിസിസ്റ്റ് ബ്രാണ്ടന്‍ കാര്‍ട്ടറുടെ അഭിപ്രായ പ്രകാരം 10,000 വര്‍ഷത്തിനുള്ളില്‍ മനുഷ്യനു വംശനാശം സംഭവിക്കാനുള്ള സാധ്യത 95 ശതമാനമാണ്.

മനുഷ്യന്‍ ഏതെങ്കിലും വിധത്തില്‍ ഈ പ്രകൃതി വെല്ലുവിളികളെ അതിജീവിക്കുകയാണെങ്കില്‍ തന്നെ ജനിതക വ്യത്യാസങ്ങള്‍ ഇല്ലാതാകും. അതിനര്‍ഥം എല്ലാ മനുഷ്യരും ഒന്നുപോലെയാകുമെന്നല്ല. മറിച്ച് ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന കണ്ണ്, മുടി, നിറം തുടങ്ങിയ സവിശേഷതകള്‍ എല്ലാവരിലും തുല്യമായ തോതിലായിരിക്കും കൈമാറ്റം ചെയ്യപ്പെടുക. 

സൂര്യനെ അടിസ്ഥാനമാക്കിയുള്ള നിലവിലെ കാലബോധം മാറുമെന്നതാണ് മറ്റൊരു പ്രധാന മുന്നറിയിപ്പ്. പതിനായിരം വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞത് ഒരു നക്ഷത്ര സ്‌ഫോടനത്തിനെങ്കിലും ഭൂമി സാക്ഷിയാകും. ഭൂമിക്കടുത്തുള്ള ചുവന്ന ഭീമന്‍ നക്ഷത്രമായ അന്റരാസ് സൂപ്പര്‍നോവയായി മാറും. ഭൂമിയില്‍ പകല്‍ സമയത്ത് പോലും ഇത് തെളിഞ്ഞുകാണാനാകും. ഈ ചുവന്ന നക്ഷത്രം ഏത് നിമിഷവും സൂപ്പര്‍നോവയായി മാറാനും സാധ്യതയുണ്ട്. 

ഇനി 10,000 വര്‍ഷമെന്നത് 13,000 വര്‍ഷമായി കണക്കിലെടുത്ത് മാറ്റങ്ങള്‍ കണക്കാക്കിയാല്‍ ഇതിലും ഭീകരമായിരിക്കും ഫലം. ഭൂമിയുടെ അച്ചുതണ്ട് തന്നെ ഈ കാലയളവില്‍ മാറിക്കളയും. ഇതോടെ വടക്ക് തെക്ക് അര്‍ധഗോളങ്ങള്‍ തമ്മില്‍ പരസ്പരം കാലാവസ്ഥകളെ വെച്ചുമാറുന്നതിനും ഭൂമി സാക്ഷിയാകും. ഭൂമിയില്‍ പതിനായിരം കൊല്ലത്തിനിടെ എന്ത് നടന്നാലും ചന്ദ്രനിലെ നീല്‍ ആംസ്‌ട്രോങ്ങിന്റെ കാലടയാളം പത്ത് ലക്ഷം വര്‍ഷം ഒരു മാറ്റവുമില്ലാതെ കിടക്കും. അപ്പോഴും മനുഷ്യ നിര്‍മിതമായ വോയേജര്‍ പേടകവും, പയനീര്‍ 10ഉം 11 ഉം ശൂന്യാകാശത്തെ അനന്തതകളിലെവിടയോ യാത്ര ചെയ്യുന്നുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA