2017 ജൂലൈയിലാണ് പ്രശസ്ത ആർക്കിയോളജിസ്റ്റ് സാവി ഹവാസിന്റെ ഒരു പ്രസ്താവന പുറത്തു വരുന്നത്. ഈജിപ്തിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രിയുമായിരുന്നു സാവി. ഈജിപ്ഷ്യൻ ചരിത്രത്തിൽ നിന്നു തന്നെ നീക്കം ചെയ്യപ്പെട്ട ഒരു രാജ്ഞിയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചെന്ന സൂചനയാണ് അദ്ദേഹം പുറത്തുവിട്ടത്. മറ്റാരുമല്ല, സ്വന്തം അർധസഹോദരനെയും പിതാവിനെയും മുത്തച്ഛനെയും വരെ വിവാഹം കഴിക്കേണ്ടി വന്ന രാജ്ഞി– അനെക്സെനമുൻ. തുത്തൻഖാമൻ ഫറവോയുടെ പത്നി. അദ്ദേഹത്തോടൊപ്പം തന്നെ ഈജിപ്ഷ്യൻ ദുരൂഹതയുടെ കാര്യത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട റാണി. എഴുതപ്പെട്ട ഒരു ചരിത്രം പോലും ഫലകങ്ങളിൽ നിന്നോ പാപ്പിറസ് ചുരുളുകളിൽ നിന്നോ ഇവരെപ്പറ്റി ലഭിച്ചിട്ടില്ല. തുത്തൻഖാമനൊപ്പം ഒട്ടേറെ പ്രതിമകളിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കല്ലറയിൽ അനെക്സെനമുനിന്റെ ശവകുടീരമുണ്ടായിരുന്നില്ല.
അങ്ങനെയാണ് ഫറവോകളെ അടക്കിയിരുന്ന ‘രാജാക്കന്മാരുടെ താഴ്‌വര’ എന്ന പ്രദേശത്ത് ഗവേഷകർ റഡാർ പരിശോധനയ്ക്കു തുടക്കമിട്ടത്. എന്നാൽ താഴ്‌വരയ്ക്കു സമീപത്തുള്ള ‘കുരങ്ങുകളുടെ താഴ്‌വര’ എന്ന പ്രദേശത്ത് അനെക്സെനമുന്നിന്റെ കല്ലറയുണ്ടെന്ന സൂചനയാണ് സാവി ഹവാസ് പുറത്തുവിട്ടത്. തുത്തൻഖാമന്റെ മരണ ശേഷം സ്വന്തം മുത്തച്ഛനായ അയ് രാജാവിനെയാണ് അനെക്സെനമുൻ വിവാഹം ചെയ്തത്. ബിസി 1327 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഇദ്ദേഹത്തിന്റെ കല്ലറയോടു ചേർന്നാണ് ഭൂമിക്കടിയിൽ മറ്റൊരു കല്ലറയുള്ളതായി തെളിവു ലഭിച്ചത്.
ഏകദേശം 16 അടി താഴെയായി ഈ കല്ലറയിലേക്കുള്ള പ്രവേശകന കവാടമുണ്ടെന്നും റഡാർ പരിശോധനയിൽ തെളിഞ്ഞു. ഒരു കല്ലറ ഉണ്ടെന്നത് ഉറപ്പായി, ഇനി അതിൽ അനെക്സെനമുൻ ആണോയെന്ന കാര്യം ഉറപ്പിച്ചാൽ മാത്രം മതി. അതിനുള്ള ഉദ്ഖനനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. അധികം വൈകാതെ തന്നെ ഇതിനുത്തരം ലഭിക്കുമെന്നാണ് ആർക്കിയോളജിസ്റ്റുകളുടെ പ്രതീക്ഷ. അങ്ങനെയെങ്കിൽ ഈജിപ്തിലെ ഈ ‘നിഗൂഢ രാജ്ഞി’ക്ക് എന്തു സംഭവിച്ചതാണ് എന്നതിന്റെ ഉൾപ്പെടെ കൃത്യമായ വിവരങ്ങൾ ലഭിക്കും. ലോകം കാത്തിരിക്കുകയാണതിന്.
ആ നിഗൂഢതയുടെ കഥ
ഈജിപ്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു രാജകുമാരിയുണ്ടാകില്ല. നേട്ടങ്ങളുടെ പേരിലല്ല, അത്രയും കാലത്തിനിടെ അവർക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിലാണ് അനെക്സെനമുൻ എന്ന രാജകുമാരിയുടെ ചരിത്രത്തിന്റെ താളുകളിൽ വിറകൊണ്ടു നിൽക്കുന്നത്. ഈജിപ്തിലെ ഏറ്റവും പേരുകേട്ട രാജാക്കന്മാരിലൊരാളായ തുത്തൻഖാമന്റെ ഭാര്യാപദവിയിൽ നിന്ന് സ്വന്തം പിതാവിന്റെയും മുത്തച്ഛന്റെയും ഉൾപ്പെടെ ഭാര്യയാകേണ്ടി വന്ന പെൺകുട്ടി. പക്ഷേ ചരിത്രത്തെ തുണിയിൽ പൊതിഞ്ഞുകെട്ടി മരവിപ്പിച്ചു വയ്ക്കുന്നതിൽ പേരെടുത്ത ഈജിപ്ഷ്യന്‍ വിദഗ്ധർ ഈ രാജകുമാരിയുടെ കാര്യത്തിൽ മാത്രം അത്രയേറെ താത്പര്യമെടുത്തില്ല. അതിനാൽത്തന്നെ മരിച്ചിട്ടും ഇത്രയും കാലം മറഞ്ഞിരിക്കുകയായിരുന്നു അവൾ.
ആരാണ് അനെക്സെനമുൻ?
ബിസി 1322ലാണ് ഈ രാജകുമാരിയുടെ ജനനമെന്നാണ് കരുതുന്നത്. ആഖെനാത്തൻ രാജാവിന്റെയും നെഫെർതിതി രാജ്ഞിയുടെയും മൂന്നാമത്തെ മകൾ. ആകെയുള്ള ആറുപേരിൽ അനെക്സെനമുൻ ഉൾപ്പെടെ ആദ്യത്തെ മൂന്നു പെൺമക്കൾക്കായിരുന്നു ‘സീനിയർ’ പദവി. പതിമൂന്നാം വയസ്സിലായിരുന്നു തുത്തൻഖാമനുമായുള്ള വിവാഹം. അദ്ദേഹത്തിന് അന്ന് പത്തു വയസ്സു മാത്രം പ്രായം. തുത്തൻഖാമന്റെയും അച്ഛനായിരുന്നു ആഖെനാത്തൻ. എന്നാൽ അമ്മ നെഫെർതിതി ആയിരുന്നില്ലെന്നും ‘കിയ’ എന്നു പേരുള്ള മറ്റൊരു വനിതയായിരുന്നുവെന്നും വാദമുണ്ട്. അതിനാൽത്തന്നെ ആഖെനാത്തൻ ഭരണമൊഴിഞ്ഞപ്പോൾ ചരിത്രരേഖകളിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ തുത്തൻഖാമൻ കിണഞ്ഞു പരിശ്രമിച്ചതായും പറയപ്പെടുന്നു.
അതേസമയം അനെക്സെനമുന്നുമൊത്തുള്ള തുത്തൻഖാമന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ചെറുപ്രായമായിരുന്നെങ്കിലും ഭരണമികവിൽ പേരെടുത്തിരുന്നു തുത്തൻഖാമൻ എന്ന ‘യുവരാജാവ്’. അതിനിടെ രണ്ട് പെൺമക്കളുണ്ടായി. പക്ഷേ ഒരാൾ അഞ്ചാം മാസത്തിലും രണ്ടാമത്തെയാൾ ഏഴാം മാസത്തിലും മരിച്ചു. രക്തബന്ധത്തിൽപ്പെട്ടവർ തമ്മിൽ ബന്ധപ്പെട്ട് ഗർഭം ധരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായിരുന്നു കുട്ടികളുടെ മരണകാരണം. പക്ഷേ അധികാരം തങ്ങളുടെ വംശത്തിന്റെ കൈവിട്ടു പോകാതിരിക്കാനായി ഇത്തരം വിവാഹങ്ങൾ ഈജിപ്തിലെ രാജാക്കന്മാർക്കിടയിൽ പതിവായിരുന്നു.
ദൗർഭാഗ്യങ്ങളുടെ രാജകുമാരി
അനന്തരവകാശികളില്ലാതെയാണ് പതിനെട്ടാം വയസ്സിൽ തുത്തൻഖാമൻ മരിക്കുന്നത്. ആ മരണത്തിന്റെയും കാരണം ഇന്നും ദുരൂഹമാണ്. ഇരുപത്തിയൊന്നാം വയസ്സിൽ വിധവയായ അനെക്സെനമുന്നിനെ വിവാഹം ചെയ്യാൻ തുത്തൻഖാമന്റെ മുത്തച്ഛനും ഉപദേശകനുമായ അയ് (Ay) രാജാവ് തീരുമാനിച്ചു. എന്നാൽ രാജകുമാരി ഇതിനെ ശക്തിയുക്തം എതിർത്തു. മാത്രവുമല്ല അയൽപ്പക്കമായ അനറ്റോളിയയിലെ രാജാവിന് കത്തും അയച്ചു. അദ്ദേഹത്തിന്റെ ആൺമക്കളിൽ ഒരാളെ തന്നെ വിവാഹം ചെയ്യാനായി അയയ്ക്കണമെന്നായിരുന്നു കത്തിൽ. ഈജിപ്തിലെ ഫറവോകളെ നേരിടാൻ അന്ന് ശക്തി കൊണ്ടും ആയുധബലം കൊണ്ടും അനറ്റോളിയയിലെ ‘ഹിറ്റൈറ്റ്’ വംശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രാജാവ് മക്കളിലൊരാളെ അയച്ചെങ്കിലും അതിർത്തിയിൽ വച്ച് അവരെല്ലാം കൊല ചെയ്യപ്പെട്ടു. അനെക്സെനമുന്നിന് അയ് രാജാവിനു മുന്നിൽ കീഴ്പ്പെടേണ്ടി വന്നു. അദ്ദേഹമാണ് അനെക്സെനമുന്നിനെ കൊലപ്പെടുത്തിയതെന്ന് ഒരു വാദമുണ്ട്. എന്നാൽ അയ് രാജാവിന്റെ മരണശേഷം ആ രാജകുമാരിക്ക് സ്വന്തം പിതാവിനെയും അദ്ദേഹത്തിന്റെ അനന്തരാവകാശിയായെത്തിയ രാജാവിനെയും വിവാഹം ചെയ്യേണ്ടി വന്നതായും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. തുത്തൻഖാമന്റെ ശവകുടീരത്തിൽ നിന്ന് മരിച്ചു പോയ രണ്ട് പെൺകുഞ്ഞുങ്ങളുടെ മമ്മികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവിടെയോ അയ് രാജാവിന്റെ കുടീരത്തിലോ അനെക്സെനമുന്നിന്റെ മമ്മി കാണാത്തതാണ് ഗവേഷകരെ കുഴക്കുന്ന വിഷയം.
അന്യഗ്രഹശക്തികളുടെ രാജാവ്!
വ്യക്തികേന്ദ്രീകൃതം അല്ലെങ്കിൽ മനുഷ്യരൂപമുള്ള ദൈവം എന്നതിൽ നിന്നു മാറി ‘ആത്തൻ’ എന്ന ശക്തിയെയായിരുന്നു ആഖെനാത്തൻ രാജാവ് ആരാധിച്ചിരുന്നത്. ‘സൺ ഡിസ്ക്’ എന്നറിയപ്പെടുന്ന ഈ ‘ദൈവം’ പറക്കുംതളികകളുടെ പ്രാചീന രൂപമാണെന്നു വരെ വാദിക്കുന്നവരുണ്ട്. ഈ ‘ഡിസ്കി’നെ ആരാധിക്കുന്ന രാജാക്കന്മാരുടെ ചിത്രങ്ങളും പിരമിഡുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹശക്തികൾ സഹായിച്ച ഫറവോ എന്നാണ് ആഖെനാത്തൻ അറിയപ്പെടുന്നതു തന്നെ! പിരമിഡുകൾക്കു മുകളിലേക്ക് കൂറ്റൻ കല്ലുകൾ എത്തിക്കാൻ സഹായിച്ചത് അന്യഗ്രഹജീവികളാണെന്ന വാദവും ഇടയ്ക്ക് വന്നിരുന്നു. പക്ഷേ വൈദ്യശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത പല ആരോഗ്യരഹസ്യങ്ങളും വർഷങ്ങൾക്കു മുൻപേ അറിയാമായിരുന്ന ഈജിപ്ഷ്യർക്ക് വലിയൊരു കല്ല് മുകളിലേക്ക് എത്തിക്കാനാണോ വിഷമം എന്നു ചോദിച്ച് ഈ വാദത്തെ നിരാകരിക്കുന്നവരാണ് ഏറെയും.
എന്തായാലും ജനനസമയത്ത് അനെക്സെനമുന്നിന്റെ പേര് ‘അനെക്സെൻപാത്തൻ’ എന്നായിരുന്നു. അതായത് ‘ആത്തൻ എന്ന ദൈവത്തിലൂടെ ജീവിക്കുന്നവൾ’ എന്നർഥം. പിന്നീട് തുത്തൻഖാമനൊപ്പം ചേർന്നപ്പൊഴാണ് ‘അനെക്സെനമുൻ’ എന്ന പേര് സ്വീകരിക്കുന്നത്. പുരോഹിതന്മാരുടെ ദൈവമായ ‘അമുനി’നെ ആരാധിക്കുന്നവർ അപ്പോഴേക്കും മേൽക്കോയ്മ നേടിയെന്നാണു കരുതുന്നത്. അങ്ങനെയാണ് ‘അമുനിലൂടെ ജീവിക്കുന്നവൾ’ എന്ന പേരിലേക്ക് രാജകുമാരി മാറുന്നതും. ‘ആത്തനെ’ ആരാധിച്ചിരുന്നവരുടെ വംശത്തെ ഇല്ലാതാക്കാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തിയിരുന്നതായും വാദമുണ്ട്. അങ്ങനെയാണ് അനെക്സെനമുൻ കൊല്ലപ്പെടുന്നതെന്നും!
എവിടെയാണ് ആ രാജകുമാരി?
തുത്തൻഖാമൻ രാജാവിന്റെ പ്രതിമകൾക്കു പുറകിലായി പലയിടത്തു നിന്നും അനെക്സെനമുന്നിന്റെ പ്രതിമയും ലഭിച്ചിട്ടുണ്ട്. എന്നാൽ രാജകുമാരിയുടെ പേരുകൊത്തിയിട്ട ശവസംസ്കാര ഉപകരണങ്ങൾ യാതൊന്നും ഇന്നേവരെ ലഭ്യമായിട്ടില്ല. അങ്ങനെയാണ് അയ് രാജാവിന്റെ കല്ലറയ്ക്കു സമീപം ഉദ്ഖനനം ശക്തമാക്കിയത്. സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ ഗവേഷകർ ലേസർ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അനെക്സെനമുന്നിന്റെ കല്ലറയിലേക്കുള്ള വഴി അൽപമെങ്കിലും തുറന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പഠനവും അദ്ദേഹം ‘നാഷനൽ ജ്യോഗ്രഫിക്’ മാഗസിനിൽ പ്രസിദ്ധപ്പെടുത്തി. എന്നാൽ ഇതെല്ലാം ആദ്യസൂചനകൾ മാത്രമാണെന്നും ഒരുപക്ഷേ കുഴിച്ചു ചെല്ലുമ്പോൾ കല്ലറ അവിടെ ഉണ്ടാകുമോയെന്നു തന്നെ ഉറപ്പില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ലഭ്യമായിരിക്കുന്ന സൂചനകളെല്ലാം വിരൽ ചൂണ്ടുന്നത് ഗവേഷകരുടെ യാത്ര കൃത്യമായ ദിശയിലേക്കാണെന്നാണ്.
ആ സൂചനകൾ നയിക്കുന്നത്...
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോമാരുടെ മൃതദേഹങ്ങൾ മമ്മിയാക്കി സൂക്ഷിച്ചിരുന്ന സ്ഥലമാണ് ‘രാജാക്കന്മാരുടെ താഴ്‌വര’ എന്നറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ഒരു കല്ലറയുടെ അടിത്തറയുടെ അവശിഷ്ടങ്ങൾ (foundation deposits) സാഹിയും സംഘവും കണ്ടെത്തിയത്. ഓരോ ശവക്കല്ലറയും നിർമിക്കുന്നതിനു മുൻപ് മന്ത്രത്തകിടുകളും ഭക്ഷ്യവസ്തുക്കളും പൂജാസാധനങ്ങളും ആചാരപരമായ കാര്യങ്ങൾക്കുപയോഗിക്കുന്ന ഉപകരണങ്ങളും എല്ലാം നിറയ്ക്കാനായി ഉപയോഗിക്കുന്ന ചെറു കല്ലറകളെയാണ് ‘ഫൗണ്ടേഷൻ ഡെപ്പോസിറ്റുകൾ’ എന്നു വിളിക്കുന്നത്. കല്ലറകളുടെ നിർമാണത്തിനു മുൻപ് ഇത്തരത്തിലുള്ള നാലോ അഞ്ചോ ‘മന്ത്ര’ അടിത്തറകൾ കെട്ടുന്നത് പതിവാണ്. റഡാർ പരിശോധനയിലാകട്ടെ നാല് അടിത്തറകൾ മാത്രമല്ല, കല്ലറയിലേക്കുള്ള പ്രവേശനകവാടത്തിനു സമാനമായ ഒരു കാഴ്ചയും തെളിഞ്ഞിട്ടുണ്ട്. അയ് രാജാവിന്റെ കുടീരത്തിനു തൊട്ടടുത്തായതിനാലാണ് അനെക്സെനമുൻ ആണെന്ന് ഏകദേശം ഉറപ്പിക്കുന്നതും.
തുത്തൻഖാമന്റെ കല്ലറയിലെ ചുമരുകളിലൊന്നിൽ മറ്റൊരു കല്ലറയുടെ സൂചനകൾ കണ്ടതിനെത്തുടർന്ന് അരിസോണ സർവകലാശാലയിലെ അധ്യാപകൻ കൂടിയായ ഡോ.നിക്കോളസ് റീവ്സിന്റെ നേതൃത്വത്തിൽ നിലവിൽ ഗവേഷണം പുരോഗമിക്കുന്നുണ്ട്. പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും ഉൾപ്പെടെ വിലമതിക്കാനാകാത്ത സ്വർണരൂപങ്ങളായിരുന്നു തുത്തൻഖാമന്റെ കല്ലറയിൽ നിന്നു കണ്ടെടുത്തത്. പക്ഷേ യഥാർഥത്തിൽ ആ ശവക്കല്ലറ നെഫെർതിതി രാജ്ഞിയെ അടക്കാൻ വേണ്ടി നിർമിച്ചാതാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. പക്ഷേ രാജ്ഞിയുടെ കല്ലറ എന്തിന് ഒളിപ്പിച്ചു എന്നുമാത്രം വ്യക്തമല്ല. ഇക്കാരണങ്ങളാൽത്തന്നെ അനെക്സെനമുന്നിന്റെ കല്ലറയാണ് തുത്തൻഖാമനൊപ്പമുള്ളതെന്ന് ചരിത്രകാരന്മാർ പോലും വിശ്വസിക്കുന്നില്ല. ഇതും പുതിയ കണ്ടെത്തലിന് ശക്തി പകരുന്നു.