നരകത്തിലേക്കുള്ള കവാടം എന്നാണ് ആ ഗുഹയുടെ വാതില്‍ അറിയപ്പെട്ടിരുന്നത്. അതിനകത്തു നിന്ന് എല്ലായിപ്പോഴും മൂടല്‍മഞ്ഞുപോലെ നേര്‍ത്ത പുക പുറത്തേക്കു വരാറുണ്ടായിരുന്നു. ഗുഹയ്ക്കു ചുറ്റും കെട്ടിപ്പൊക്കിയ അനേകം പടിക്കെട്ടുകള്‍. അതിന്മേലിരുന്നാണു ഗുഹയ്ക്കു മുന്നിലെ ചടങ്ങുകള്‍ ജനം വീക്ഷിച്ചിരുന്നത്. പുരാതന ഗ്രീക്ക് നഗരമായ ഹിയറാപൊലിസിലായിരുന്നു ആ ഗുഹ. മതപരമായ ചടങ്ങുകള്‍ക്കുപയോഗിച്ചിരുന്ന ആ ഗുഹ ഇന്നും നിലവിലുണ്ട്. ഇന്നത്തെ തുര്‍ക്കിയിലാണത്. ഏഴു വര്‍ഷം മുന്‍പാണ് ഗവേഷകര്‍ ഗുഹ കണ്ടെത്തിയത്. പക്ഷേ ചരിത്രത്തില്‍ നിന്നുള്ള അറിവു പ്രകാരം അതിനകത്തേക്കു കടക്കാന്‍ പലരും ഒന്നു മടിക്കും.
കാരണം നരകത്തിന്റെ കവാടം എന്ന പേരുസൂചിപ്പിക്കും പോലെ മരണമാണ് ആ വാതില്‍ക്കല്‍ കാത്തിരിക്കുന്നത്. പാതാളത്തിന്റെ ദേവനായ പ്ലൂട്ടോയുടെ വസതിയിലേക്കു വാതില്‍ എന്നാണ് റോമാക്കാര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഗുഹ അറിയപ്പെട്ടിരുന്നതു തന്നെ പ്ലൂട്ടോണിയം എന്നും. പാതാളദേവനെ പ്രീതിപ്പെടുത്താന്‍ മൃഗങ്ങളെ ബലി നല്‍കിയിരുന്നത് ഈ ഗുഹയിലായിരുന്നു. ആ ബലിയാണ് ഇന്നു ശാസ്ത്രലോകത്തെ ചര്‍ച്ച. ഒരു പുരോഹിതനൊപ്പമായിരിക്കും ബലിക്കുള്ള കാളയെ ഗുഹയ്ക്ക് അകത്തേക്കു കടത്തുക. എന്നാല്‍ ഗുഹയിലേക്കു കയറിയാലുടന്‍ കാള മരിച്ചു വീഴും, പുരോഹിതനാകട്ടെ ഒരുകുഴപ്പവും പറ്റാതെ തിരികെ വരും. അമാനുഷിക ശക്തിയുള്ളവരാണ് പുരോഹിതര്‍ എന്ന വാദം ശക്തിപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച.
2200 വര്‍ഷം പഴക്കമുള്ളതാണു ഗുഹ. ഗ്രീക്ക് ചരിത്രകാരായ സ്ട്രാബോയും ഗുഹയെപ്പറ്റി എഴുതിയിട്ടുണ്ട്- 'ഞാനാ ഗുഹയ്ക്കകത്തേക്കു നോക്കി. മൂടല്‍മഞ്ഞു പിടികൂടിയതു പോലൊരു കാഴ്ച. ഗുഹയുടെ അടിത്തട്ടു കാണുവാനുണ്ടായിരുന്നില്ല. കയ്യിലിരുന്ന ഒരു കുരുവിയെ ഞാന്‍ അകത്തേക്കു പറത്തിവിട്ടു. നിമിഷങ്ങള്‍ക്കകം അതു പിടഞ്ഞു വീണു ചത്തു...' ഏഴു വര്‍ഷം മുന്‍പ് ഗുഹ വീണ്ടും കണ്ടെത്തുമ്പോള്‍ ഗവേഷകരുടെ മനസ്സിലും ഈ കുറിപ്പുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഏറെ കരുതലോടെയായിരുന്നു അകത്തേക്കു പ്രവേശിച്ചത്. ശാസ്ത്രീയ ഉപകരണങ്ങളുടെ പരിശോധനയിലാണു വ്യക്തമായത്, ഗുഹയ്ക്കകത്തു വന്‍തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യമുണ്ട്. ഗുഹാകവാടത്തിനു സമീപത്തു കൂടെ പറന്നു പോകുന്ന ചെറുകിളികള്‍ പോലും ചത്തുവീഴുന്നു. പക്ഷേ മനുഷ്യന് കാര്യമായ പ്രശ്‌നമൊന്നുമുണ്ടാകുന്നുമില്ല.
അങ്ങനെയാണ് ഗുഹാരഹസ്യം കണ്ടെത്താനായി ജര്‍മന്‍ ഗവേഷകരുടെ ഒരു സംഘം തീരുമാനിക്കുന്നത്. വിശദമായ പരിശോധനയില്‍ ഒരു കാര്യം തിരിച്ചറിഞ്ഞു- ഗുഹയുടെ അടിത്തട്ടില്‍ 40 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കനത്ത സാന്നിധ്യമുണ്ട്. ഭൂമിക്കടിയിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് ആ വിഷവാതകത്തെ ഉല്‍പാദിപ്പിക്കുന്നത്. അഗ്നിപര്‍വത സ്‌ഫോടനമുണ്ടാകുമ്പോള്‍ പുറന്തള്ളപ്പെടുന്ന വാതകത്തിനു സമാനമായിരുന്നു ഗുഹയ്ക്കകത്തും. അതാകട്ടെ രാവിലെ സൂര്യപ്രകാശത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ കാര്യമായ തീവ്രത പ്രകടിപ്പിക്കാറില്ല. പക്ഷേ രാത്രി വന്‍തോതില്‍ കെട്ടിക്കിടക്കും. പുലര്‍ച്ചെ ഗുഹയ്ക്കു സമീപത്തെത്തുന്ന പക്ഷികള്‍ ഉള്‍പ്പെടെ ചത്തുപോകുംവിധം കഠിനമായിരിക്കും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം.
മാത്രവുമല്ല ഗുഹയിലേക്കിറങ്ങുന്ന കാള പൂര്‍ണമായും വിഷവാതകത്തില്‍ പെട്ടു പോകുന്ന അവസ്ഥയാണ്. ഒപ്പം കയറുന്ന പുരോഹിതനാകട്ടെ ഉയരമുള്ളതിനാല്‍ മൂക്കിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കയറുകയില്ല. ചില പുരോഹിതര്‍ പൊക്കം കൂട്ടാനായി കാല്‍ച്ചുവട്ടില്‍ കല്ലു വച്ച് കയറി നിന്നിരുന്നു. ഗുഹയ്ക്കകത്തു വിഷവാതകമുണ്ടെന്ന കാര്യവും പുരോഹിതര്‍ക്ക് അറിയാമായിരുന്നിരിക്കണം. അതിനാല്‍ത്തന്നെ ശ്വാസം പിടിച്ചു നിന്ന് രക്ഷപ്പെടാനും അവര്‍ക്കു സാധിച്ചു. മൃഗങ്ങളാകട്ടെ വിഷവാതകത്തില്‍ മുങ്ങി തത്ക്ഷണം മരിച്ചു വീഴുകയും ചെയ്തു. ചെറുപക്ഷികളെയും പ്രാണികളെയുമെല്ലാം കൊല്ലാനുള്ള വിഷവാതകം എല്ലായിപ്പോഴും ഗുഹ നിറഞ്ഞുനിന്നിരുന്നു. പക്ഷേ മനുഷ്യനെ കൊല്ലാന്‍ മാത്രം തീവ്രത അതിനുണ്ടായിരുന്നില്ല.
പടൂകൂറ്റന്‍ കാളകള്‍ നിമിഷങ്ങള്‍ക്കകം മരിച്ചുവീഴുകയും പുരോഹിതര്‍ ഒരു കുഴപ്പവുമില്ലാതെ ഗുഹവിട്ടു പുറത്തിറങ്ങുകയുംചെയ്തതിനു പിന്നില്‍ ഇതാണു കാരണമെന്നാണു നിഗമനം. മേഖലയില്‍ കൂടുതല്‍ പ്ലൂട്ടോണിയങ്ങള്‍ ഉണ്ടോയെന്ന പരിശോധനയിലാണ് ഗവേഷകര്‍. അതിനവര്‍ ആശ്രയിക്കുന്നത് സീസ്മിക് ഉപകരണങ്ങളെയും. ഭൂമിക്കടിയില്‍ നിന്ന് വോള്‍ക്കാനിക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടുന്നയിടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്ലൂട്ടോണിയങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍.