sections
MORE

പ്രപഞ്ചത്തിലെ നിഗൂഢ ശബ്ദങ്ങൾ പിടിച്ചെടുക്കാൻ ചൈന, കൂടെ യൂറോപ്യൻ രാജ്യങ്ങളും

telescope
SHARE

ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെങ്ങനെയാണ്? പ്രപഞ്ചത്തില്‍ മനുഷ്യരുടേതല്ലാതെ വേറൊരു സംസ്‌കാരുണ്ടാകുമോ? ഐന്‍സ്റ്റീന്റെ ഭൗതിക സിദ്ധാന്തങ്ങളെല്ലാം സത്യമാണോ? ചോദ്യങ്ങള്‍ ഒരുപാടാണ്. ഇതിനെല്ലാം ഉത്തരം കണ്ടെത്താനുള്ള ഒരേയൊരു വഴിയും ഒരുങ്ങുകയാണ്. അതും കോടിക്കണക്കിനു രൂപ ചെലവിട്ട്. ഒട്ടേറെ രാജ്യങ്ങള്‍ ചേര്‍ന്ന് ഈ രഹസ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ സത്യം നമുക്കു മുന്നിലെത്താന്‍ അധികം വൈകില്ലെന്നു തന്നെ കരുതാം.

3000 റേഡിയോ ടെലസ്‌കോപ്പുകളാണ് പദ്ധതിയുടെ ഭാഗമായി ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കന്‍ മരുഭൂമികളിലും സ്ഥാപിക്കുന്നത്. ലക്ഷ്യം മറ്റൊന്നുമല്ല പ്രപഞ്ചത്തിലെ ഏറ്റവും പഴക്കം ചെന്ന ശബ്ദങ്ങളെ പിടിച്ചെടുക്കുക. ചൈന, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ചേര്‍ന്നാണ് ഈ വമ്പന്‍ പദ്ധതിക്കു രൂപം നല്‍കുന്നത്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ പദ്ധതിയായും ഇതു മാറും. സ്‌ക്വയര്‍കിലോമീറ്റര്‍ അറേ(എസ്‌കെഎ) എന്നാണു പദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ഭാഗമായുള്ള ഓരോ ഡിഷ് ആന്റിനയ്ക്കും വരിക 21 മീറ്റര്‍ ഉയരം. 

െൈചനയില്‍ ഈ ഡിഷിന്റെ പ്രോട്ടോടൈപ്പ് ഫെബ്രുവരി ആദ്യം അവതരിപ്പിച്ചിരുന്നു. ഏപ്രിലില്‍ സൗത്ത് ആഫ്രിക്കയിലും ഒരു പ്രോട്ടോടൈപ്പ് സ്ഥാപിക്കും. ഒട്ടേറെ രാജ്യങ്ങള്‍ പദ്ധതിയില്‍ സഹകരിക്കുന്നതിനാല്‍ അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. പണം കണ്ടെത്താനുമുണ്ട് ബുദ്ധിമുട്ട്. നയതന്ത്രപ്രശ്‌നങ്ങളും ധനസമാഹരണവും പൂര്‍ത്തിയാക്കി 2026ഓടെ പൂര്‍ണമായ തോതില്‍ പദ്ധതി നടപ്പില്‍ വരുത്താനാണു നീക്കം. ഇപ്പോള്‍ തയാറാക്കിയിരിക്കുന്ന പ്രോട്ടോടൈപ്പിനു പിന്നില്‍ത്തന്നെ അഞ്ചു വര്‍ഷത്തെ ഗവേഷണമുണ്ട്. 

ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി എന്ന കമ്പനിക്കാണു നിര്‍മാണ ചുമതല. ശബ്ദങ്ങള്‍ ഏറ്റവും കൃത്യതയോടെ പിടിച്ചെടുക്കാനുള്ള പ്രതലം ഡിഷുകള്‍ക്കു വേണ്ടി തയാറാക്കുകയെന്നതാണു വലിയ വെല്ലുവിളിയെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

യന്ത്രഭാഗങ്ങള്‍ ചൈനയാണെങ്കിലും ജര്‍മനിയിലെ എംടി ഇലക്ട്രോണിക്‌സിനാണ് ബാക്കി ചുമതലകള്‍. പ്രപഞ്ചത്തിന്റെ ഓരോ മൂലയിലേക്കും കൃത്യതയോടെ ഡിഷിനെ തിരിക്കേണ്ട ഇലക്ട്രോണിക്‌സ് സംവിധാനമാണ് ജര്‍മനി ഒരുക്കുന്നത്. ഏറ്റവും സൂക്ഷ്മമായ ശബ്ദതരംഗത്തെ വരെ പിടിച്ചെടുക്കാനാകണമെന്നതിനാല്‍ത്തന്നെ ഏറെ കൃത്യതയോടെയാണു നിര്‍മാണം. 

ബഹിരാകാശത്തു നിന്നുള്ള ഓരോ കമാന്‍ഡുകളോടും ഡിഷ് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഇനി അറിയാനുള്ളത്. അതിനു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് അടുത്ത ഘട്ടത്തില്‍. ഓരോ കമാന്‍ഡുകളോടും കൃത്യമായി പ്രതികരിക്കുന്നുണ്ടോ എന്നറിയണം. ബഹിരാകാശത്തുണ്ടാകുന്ന ഓരോ ചെറുശബ്ദത്തോടു പോലും കൃത്യമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യ ശബ്ദങ്ങളെ ഫില്‍ട്ടര്‍ ചെയ്യുകയും വേണം. പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നു വരുന്ന ശബ്ദങ്ങളെ വരെ ഇത്തരത്തില്‍ പിടിച്ചെടുക്കേണ്ടതുണ്ട്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ശബ്ദതരംഗങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുക. അതുവഴി പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഉള്‍പ്പെടെ ഉത്തരം ലഭിക്കും. 

ലോകത്തിലെ ആദ്യത്തെ തമോഗര്‍ത്തങ്ങളും ആദ്യത്തെ നക്ഷത്രങ്ങളുമെല്ലാം രൂപപ്പെട്ടത് എങ്ങനെയെന്നും തിരിച്ചറിയാം. ഇരുണ്ട ദ്രവ്യത്തെപ്പറ്റിയുള്ള അന്വേഷണത്തിനും ഇതുവഴി ഉത്തരം ലഭിക്കും. ബഹിരാകാശത്ത് എങ്ങനെയാണ് കൂറ്റന്‍ കാന്തിക മണ്ഡലങ്ങള്‍ രൂപപ്പെട്ടതെന്നും തിരിച്ചറിയാം. നിലവില്‍ നാം വിശ്വസിച്ചു വച്ചിരിക്കുന്ന ഭൗതികശാസ്ത്രത്തിലെ പല തിയറികളെയും മാറ്റിമറിക്കുന്ന പരീക്ഷണമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നു ചുരുക്കം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA