sections
MORE

പടയോട്ടങ്ങളിൽ പോലും തകരാത്ത പുരി ക്ഷേത്രത്തിലെ ‘രത്ന ഭണ്ഡാരം’; എന്താണ് ആ തുറക്കാത്ത അറകളിൽ?

puri-treasure
SHARE

ഇന്ത്യയിലെ ഓരോ പുരാതന ക്ഷേത്രങ്ങളും പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആഭരണങ്ങളും വിലകൂടിയ വസ്തുക്കളുമാണ് ഓരോ ദിവസവും പുരാവസ്തു ശാസ്ത്ര ഗവേഷകര്‍ക്ക് മുന്നിലേക്ക് വന്നുക്കൊണ്ടിരിക്കുന്നത്. പുരാവസ്തു ശാസ്ത്ര ലോകത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം പുരാവസ്തു ശാസ്ത്ര മേഖലയ്ക്ക് നൽകിയതും നൽകാനിരിക്കുന്നതും വലിയ സംഭാവനയാണ്.

ഒഡിഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പുരാതന നിധി ശേഖരങ്ങളും രത്നങ്ങൾ സൂക്ഷിച്ച അറകളുമാണ് ഇപ്പോൾ വാർത്തകളില്‍ നിറഞ്ഞുനിൽക്കുന്നത്. ഒഡിഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘രത്ന ഭണ്ഡാര’ങ്ങളുടെ സുരക്ഷാപരിശോധന വൻ വാർത്തയായപ്പോൾ പലർക്കുമുണ്ടായ ഒരു സംശയം ഇങ്ങനെ: ‘എത്രമാത്രം വിലമതിക്കുന്നതായിരിക്കും ക്ഷേത്രത്തിലെ സ്വത്തുവകകള്‍?’ ഉത്തരം ഒന്നേയുള്ളു– ‘ആർക്കും അറിയില്ല’ എന്നത്. ഏഴു രഹസ്യ രത്ന ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. 1984ലാണ് ഇതിനു മുൻപ് ഈ അറകൾ തുറന്നത്. അന്നാകട്ടെ തുറന്നത് മൂന്ന് അറകൾ മാത്രവും. ശേഷിച്ച നാല് ഭണ്ഡാരങ്ങളിൽ എന്താണെന്നു പോലും ആർക്കും അറിയില്ല. ഇത്തവണ തുറന്നതാകട്ടെ രണ്ട് അറകളും. അവയിലൊന്നിന്റെ മേൽക്കൂരയ്ക്കു വിള്ളലുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്തു കൊണ്ട് മൂന്നാമത്തെ അറ തുറന്നില്ല എന്നതും ദുരൂഹം. 

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പുരി ജഗന്നാഥ ക്ഷേത്രം നിർമിക്കുന്നത്. വർഷം തോറും ഇവിടെ നടത്തുന്ന രഥ ഘോഷയാത്ര ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിലെ ഇത്തരം വിശേഷാവസരങ്ങളിൽ വിഗ്രഹങ്ങൾക്കു ചാർത്തുന്ന സ്വർണാഭരണങ്ങൾ മാത്രം 208 കിലോഗ്രാം വരും! ക്ഷേത്രത്തിലെ നിധി എത്രത്തോളം വരുമെന്ന കാര്യത്തിൽ ഇതുവരെ കണക്കെടുപ്പുകളൊന്നും നടന്നിട്ടില്ല. അതിന്റെ പേരിൽ വൻ വിവാദങ്ങളുമുണ്ടായിട്ടുണ്ട്. സര്‍ക്കാർ ട്രഷറിയിലാണ് രത്ന ഭണ്ഡാരത്തിന്റെ താക്കോൽ സൂക്ഷിക്കുക. അറകൾക്കു ക്ഷേത്രം വക തന്നെ വൻ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 1984ൽ രത്ന ഭണ്ഡാരം പരിശോധിക്കാൻ പോയവർ അറയ്ക്കകത്തു നിന്നു വിഷപ്പാമ്പുകളുടെ സീൽക്കാരം കേട്ടെന്നാണു പറയപ്പെടുന്നത്. ഇത്തവണ അതിനാൽ രണ്ടു പാമ്പുപിടിത്തക്കാരെയും പരിശോധനയ്ക്ക് ഒപ്പം കൂട്ടി. എന്നാൽ പരിശോധനയ്ക്കിടെ അകത്തു കണ്ട കാര്യങ്ങളൊന്നും പുറത്തു പറയില്ലെന്നു പുരി ജഗന്നാഥനു മുന്നിൽ പ്രതിജ്ഞ ചെയ്താണ് എല്ലാവരും കയറുന്നതു തന്നെ. കാഴ്ചകളെല്ലാം വിഡിയോയിൽ പകർത്തിയിട്ടുണ്ടെങ്കിലും അതും പൊതുജനങ്ങൾക്ക് അപ്രാപ്യം. 

രത്ന ഭണ്ഡാരങ്ങൾ തുറന്നു പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാലു വർഷം മുൻപു തന്നെ ക്ഷേത്രത്തിൽ വിവാദമുയർന്നിരുന്നു. ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ എണ്ണി മൂല്യം തിട്ടപ്പെടുത്തണമെന്നായിരുന്നു ക്ഷേത്ര കാവൽസമിതിയിലെ ഒരു കൂട്ടരുടെ ആവശ്യം. ഇതിന്റെ ഭാഗമായി ഒരു സബ്കമ്മിറ്റിയും രൂപീകരിച്ചിരുന്നു. പുരി രാജാവ് ദിബ്യ സിങ് ദേവിന്റെ നേതൃത്വത്തിൽ ക്ഷേത്ര ഭരണസമിതി ഒരു പ്രമേയവും ഇതു സംബന്ധിച്ചു പാസ്സാക്കി. ജഗന്നാഥ ഭഗവാന്റെയും സുഭദ്രാദേവിയുടെയും ബാലഭദ്ര ഭഗവാന്റെയും വിഗ്രഹങ്ങളിൽ ചാർത്താനായി രത്നങ്ങളും പവിഴങ്ങളും മുത്തുകളും കൂടാതെ സ്വർണത്തിലും വെള്ളിയിലും തീർന്ന ആഭരണങ്ങളുടെ വൻശേഖരമാണുള്ളത്. ഇവയെല്ലാം രത്ന ഭണ്ഡാരത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ എന്നിവിടങ്ങളിലെ രാജകുടുംബങ്ങളിൽ നിന്നായിരുന്നു പണ്ട് ക്ഷേത്രത്തിലേക്കുള്ള സമർപ്പണങ്ങളുടെ ഒഴുക്ക്. വിഗ്രഹങ്ങളിൽ ചാർത്താനുള്ള വിലപിടിച്ച ആഭരണങ്ങളായിരുന്നു അതിലേറെയും. ഒട്ടേറെ ഭക്തരാണു ഇന്നും ക്ഷേത്രത്തിലേക്ക് ആഭരണങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളും സംഭാവന ചെയ്യുന്നത്. 

ആകെയുള്ള ഏഴറകളിൽ രണ്ടെണ്ണത്തിലെ ആഭരണങ്ങളുടെ കണക്ക് ക്ഷേത്രഭരണ സമിതി വെളിപ്പെടുത്തിയിട്ടുണ്ട്. 1952ലെ ‘പുരി ശ്രീ ജഗന്നാഥ ടെംപിൾ ആക്ടി’ലെ വ്യവസ്ഥ പ്രകാരമാണ് ആഭരണങ്ങളുടെ കണക്കു രേഖപ്പെടുത്തിയത്. മൂന്നു സ്വർണ മാലകൾ, സ്വർണ പാദം, സ്വർണക്കൈ, സ്വർണ കിരീടങ്ങൾ, രത്നക്കല്ലുകളും പതിപ്പിച്ച മറ്റ് ആഭരണങ്ങൾ എന്നിങ്ങനെ 150ഓളം ഇനങ്ങളാണ് അന്നു തരംതിരിച്ചെടുത്തത്. ‘ബാഹർ ഭണ്ഡാർ’ എന്നറിയപ്പെടുന്ന പുറത്തെ അറയിലായിരുന്നു ഇത്. ‘ഭീതർ ഭണ്ഡാർ’ എന്നറിയപ്പെടുന്ന ഉൾവശത്തെ അറയിൽ 180 ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 74 എണ്ണവും ശുദ്ധസ്വർണത്തിൽ നിർമിച്ചവയായിരുന്നു. വെള്ളി ആഭരണങ്ങളും മുത്തും പവിഴവും രത്നങ്ങളും വേറെ. രഥയാത്ര പോലുള്ള വിശേഷാവസരങ്ങളിലാണ് ഈ രണ്ട് അറകളിലെയും ആഭരണങ്ങൾ പുറത്തെടുക്കുക. എന്നാൽ ക്ഷേത്ര കാവൽ സമിതിയിലെ ഒരു വിഭാഗം ഇതിനെ എതിർത്തിരുന്നു. 

അതിനിടെ ക്ഷേത്രത്തിനു ഭീകരവാദ ഭീഷണിയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നു. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങള്‍ പുറത്തുവിടരുതെന്നും കാവൽ സമിതിയിലെ ചില അംഗങ്ങൾ പറയുന്നു. 18 തവണയെങ്കിലും ക്ഷേത്രത്തിനു നേരെ വിവിധ രാജവംശങ്ങളുടെ പടയോട്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നും രത്നഭണ്ഡാരങ്ങളെ സ്പർശിക്കാൻ പോലും സാധിച്ചിട്ടില്ല. അതേസമയം ക്ഷേത്രം സ്വത്തുവകകളെക്കുറിച്ചറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നാണ് അഞ്ച് അറകൾ തുറക്കാൻ അനുവദിക്കാത്തതിനെ എതിർക്കുന്നവർ പറയുന്നത്. ഏതാനും വർഷം മുൻപ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറക്കുന്നതു സംബന്ധിച്ച വിവാദമുണ്ടായപ്പോഴാണ് പുരി ക്ഷേത്രത്തിലെ രത്ന ഭണ്ഡാരങ്ങളും വാർത്തകളിൽ നിറഞ്ഞത്. ഇത്തവണ ഭണ്ഡാരങ്ങൾ തുറന്നെങ്കിലും അകത്തു കണ്ട കാര്യങ്ങൾ കയറിയ 16 പേർക്കല്ലാതെ മറ്റാർക്കും അറിയാത്ത അവസ്ഥയും. തുറക്കാത്ത അഞ്ചു ഭണ്ഡാരങ്ങളുടെ കാര്യത്തിലാകട്ടെ ഇപ്പോഴും ഉത്തരമില്ല!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA