sections
MORE

ഭൂമിക്കുപുറത്തെ ആദ്യ ഹോട്ടല്‍ 2021ൽ തുറക്കും‍, 12 ദിവസ താമസത്തിന് ചിലവ് 61 കോടി രൂപ!

space-hotel
SHARE

ഭൂമിക്കു പുറത്തെ ആദ്യത്തെ ഹോട്ടല്‍ 2021ല്‍ യാഥാര്‍ഥ്യമാകും. നാല് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ ഹോട്ടലെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഓറിയോണ്‍ സ്പാനാണ്. പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ സഞ്ചാരികളെ സ്വാഗതം ചെയ്യാനും ബഹിരാകാശ ഹോട്ടലിനാകും. 

ബഹിരാകാശ ഹോട്ടലെന്ന ആശയമൊക്കെ ഉഗ്രനാണെങ്കിലും അങ്ങനെയൊരു യാത്ര നടത്തണമെങ്കില്‍ ചെറുതല്ലാത്ത മുതല്‍ മുടക്ക് വേണ്ടി വരും. ഇപ്പോഴത്തെ കണക്കുകൂട്ടലില്‍ ഒരാള്‍ക്ക് 9.5 ദശലക്ഷം ഡോളറാണ് ഓറിയോണ്‍ സ്പാന്‍ കണക്കാക്കുന്ന ടിക്കറ്റ് വില. ഇത് ഏകദേശം 61 കോടി രൂപയിലേറെ വരും. ഭൂമിയില്‍ ജീവിക്കുന്ന ഒരു മനുഷ്യന് കാണാനും അനുഭവിക്കാനുമാകാത്ത യാത്രയ്ക്ക് ഇത്ര മുടക്കുന്നതില്‍ നഷ്ടമില്ലെന്നാണ് ഓറിയോണ്‍ സ്പാനിന്റെ അവകാശവാദം. 

space-hotel-

ഗുരുത്വാകര്‍ഷണമില്ലാതെ പറന്നു നടന്ന് ഭൂമിയിലേയും ബഹിരാകാശത്തേയും കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. 12 ദിവസത്തേക്കുള്ള ടൂര്‍ പാക്കേജാണ് സഞ്ചാരികള്‍ക്കായി ഒരുക്കുക. ഒരു ദിവസത്തെ സമയത്ത് ശരാശരി 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാനാകുമെന്നതും മറ്റൊരു പ്രത്യേകത. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന സ്‌പേസ് 2.0 സമ്മിറ്റിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഓറ സ്‌റ്റേഷന്‍ എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ ഹോട്ടലില്‍ ഒരേസമയം ആറ് പേര്‍ക്കാണ് തങ്ങാനാവുക. ഇതില്‍ രണ്ട് പേര്‍ വിദഗ്ധ ബഹിരാകാശ യാത്രികരും നാല് പേര്‍ ബഹിരാകാശ സഞ്ചാരികളുമായിരിക്കും. ബഹിരാകാശ യാത്ര എല്ലാവര്‍ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് തനിക്ക് മുന്നിലെന്നാണ് കമ്പനി ഓറിയോണ്‍ സ്പാന്‍ സിഇഒ ഫ്രാങ്ക് ബന്‍ജര്‍ പറയുന്നത്. 

space-hotel-1

യാത്ര നടത്തുന്ന ദിവസങ്ങളില്‍ ബഹിരാകാശ യാത്രികരുടേതിനു തുല്യമായ അനുഭവമായിരിക്കും ഹോട്ടലിലെത്തുന്നവരെ കാത്തിരിക്കുന്നത്. 43.5 അടി നീളവും 14.1 അടി വീതിയുമാണ് ബഹിരാകാശ ഹോട്ടലിനുണ്ടാകുക. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനങ്ങള്‍ക്ക് ശേഷമായിരിക്കും സഞ്ചാരികളെ യാത്രയ്ക്ക് പ്രാപ്തരാക്കുക. 

ബഹിരാകാശ ടൂറിസത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തുന്നത് ഓറിയോണ്‍ സ്പാനല്ല. കഴിഞ്ഞ ഡിസംബറില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ ടൂറിസ്റ്റുകളെ എത്തിക്കുന്ന പദ്ധതി റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ യാത്രയേക്കാള്‍ കുറഞ്ഞ ചെലവാണ് ഓറ മിഷനെ ആകര്‍ഷണീയമാക്കുന്നത്. 40 ദശലക്ഷം ഡോളറാണ് (ഏകദേശം 259 കോടി രൂപ) ഒരാള്‍ക്ക് ഒന്നു മുതല്‍ രണ്ട് ആഴ്ച വരെ ബഹിരാകാശ തങ്ങുന്നതിന് റഷ്യ പ്രഖ്യാപിച്ച ടിക്കറ്റ് തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA