ജലകണങ്ങൾ അതിനിഷ്ടമുള്ളിടത്തേക്ക് സഞ്ചരിക്കുകയും അതിനിഷ്ടമുള്ള രൂപം സ്വീകരിക്കുകയും ചെയ്യും എന്ന് ഇനി ഒരു ക്ലാസ്സിലും പഠിപ്പിക്കരുത്. ഉദയന്റെ ജലകണങ്ങൾ അങ്ങനെയല്ല. ജലകണങ്ങളെ തനിക്കിഷ്ടമുള്ളിടത്തേക്ക് സഞ്ചരിപ്പിക്കാനും ഇഷ്ടമുള്ള ജലകണങ്ങളുമായി സംയോജിപ്പിക്കാനുമൊക്കെ ഉദയനു കഴിയും. മസാച്ചുസൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ശാസ്ത്രജ്ഞനായ കർണാടക സ്വദേശി ഉദയൻ ഉമാപതിയുടേതാണ് നിർണായകമായ കണ്ടെത്തൽ. വെള്ളം ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകാൻ ലോകത്തിനു പരിചിതമായ മോട്ടോർ-പമ്പ്-പൈപ്പ് സംവിധാനങ്ങളിൽ നിന്നുള്ള ചുവടുമാറ്റമാണ് ഉദയൻ അവതരിപ്പിച്ച പ്രോഗ്രാം ചെയ്യാവുന്ന ജലകണങ്ങൾ.
ഉദയന്റെ പദ്ധതി പ്രകാരം നിശ്ചിത ട്രാക്കിലൂടെ കമാൻഡുകൾ അനുസരിച്ച് വെള്ളം സഞ്ചരിക്കുകയും വിവിധ രൂപങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇലക്ട്രോവെറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉദയൻ ജലകണങ്ങളെ നിശ്ചിത ട്രാക്കിലൂടെ നീക്കുന്നത്. ജലകണങ്ങളെ ഇത്തരത്തിൽ നിയന്ത്രിക്കുന്നതുകൊണ്ട് പല ഉപയോഗങ്ങളുമുണ്ട്.
കലാസൃഷ്ടികൾക്കുള്ള പുതിയൊരു മാധ്യമമായി ജലത്തെ മാറ്റാൻ ഇതുകൊണ്ടു സാധിക്കും.
കലാകാരന്റെ ഭാവനയ്ക്കനുസരിച്ച് നൃത്തം വയ്ക്കുന്ന ജലകണങ്ങളോ വിവിധ രൂപങ്ങൾ സ്വീകരിച്ച ജലത്തിന്റെ ഇൻസ്റ്റലേഷനുകളോ ഇതുവഴി സാധിക്കും. രാസ, ജൈവ പദാർഥങ്ങൾ വഹിക്കാൻ കഴിയുന്ന ജലകണങ്ങളെ രസതന്ത്ര, ജീവശാസ്ത്ര പരീക്ഷണങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമെന്ന് ഉദയൻ പറയുന്നു.