sections
MORE

കേരളത്തെ മുക്കിയത് ഡാമുകൾ; തുറക്കാൻ വൈകിയത് വീഴ്ചയെന്ന് നാസ ഗവേഷകൻ

nasa-image
SHARE

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന് കാരണമായത് സംസ്ഥാനത്തെ ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടതിനാലാണെന്ന് നാസ വെബ്സൈറ്റ് റിപ്പോർട്ട്. ഓഗസ്റ്റിലെ മഴ നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയമായി മാറി. ഡാമുകളിലെ വെള്ളം ഗണ്യമായി തുറന്നവിട്ടത് പ്രളയത്തിന്റെ വ്യാപ്തി കൂട്ടി. ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ശക്തമായ മഴ പെയ്യുന്ന സമയത്തു തന്നെ സർക്കാർ നിരവധി ഡാമുകളാണ് തുറന്നവിട്ടുതെന്നും നാസ വെബ്സൈറ്റിലെ റിപ്പോര്‍ട്ടിലുണ്ട്.

നിരവധി അണക്കെട്ടുകളില്‍ നിന്നും ഒരേസമയം ജലം തുറന്നുവിട്ടത് പ്രളയത്തിന്‍റെ ആധിക്യം കൂട്ടി. ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ പെയ്ത മഴയും  പ്രളയത്തിന് ഒരു പങ്കു വഹിച്ചു. മഴ കുറഞ്ഞ സമയത്ത് ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ഏഷ്യയിലെ വലിയ അണക്കെട്ടുകളിൽ ഒന്നായ ഇടുക്കി അണക്കട്ട് ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്നുവിടാൻ അധികൃതർ നിർബന്ധിതരായി. ഇതില്‍ 35 അണക്കെട്ടുകൾ ആദ്യമായാണ് തുറന്നത്. അണക്കെട്ടുകൾ തുറക്കാൻ വളരെ വൈകി. തുടരുന്ന കനത്ത മഴയും ഇതിനോട് കൂടി ചേർന്നു.

ഡാമുകൾ തുറക്കാൻ സമയം ഏറെ വൈകിയിരുന്നു. ഇതോടൊപ്പം ശക്തമായ മഴയും വന്നതോടെ പ്രശ്നം ഗുരുതരമായെന്നാണ് നാസ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഗവേഷകൻ സുജയ് കുമാർ പറഞ്ഞത്.

എന്നാൽ ഡാമുകൾ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തെ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിന്റെ കാലാവസ്ഥ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെഎസ്ഇബിയുടെ ജലസംഭരണികളിൽ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതെന്നുമാണ് മന്ത്രിയുടെ വാദം.

നാസയുടെ എർത്ത്ഒബ്സർവേറ്ററി വെബ്സൈറ്റില്‍ ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെയുള്ള, വിവിധ വാർത്താ വെബ്സൈറ്റുകളിലെ റിപ്പോർട്ടുകളും ഡേറ്റയും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ കാലാവസ്ഥയുടെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അറബിക്കടലിൽനിന്നും നീങ്ങിയ ഈർപ്പം കലർന്ന കാറ്റ് പശ്ചിമഘട്ട മലനിരകൾ തടുത്തുനിർത്തിയതാണ് മഴയുടെ തോത് വർധിക്കാനിടയാക്കിയ പ്രധാനപ്പെട്ട ഒരു ഘടകമെന്ന് നാസയുടെ വാർത്താക്കുറിപ്പിലുണ്ട്. കടലിൽനിന്നു കരയിലേക്ക് അടിക്കുന്ന തെക്കുപടിഞ്ഞാറൻ കാറ്റിൽ ജലാംശം കൂടുതലാണ്. ഇതു കൂടുതൽ മഴയ്ക്കും കാരണമായി.

ഓഗസ്റ്റിൽ തുടർച്ചയായുള്ള കനത്ത മഴയുടെ രണ്ടു ബാൻഡുകളാണ് നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്. മഴയുടെ ആദ്യ ബാൻഡ് കൂടുതൽ വിശാലവും വടക്കൻ മേഖല വരെ പരന്നു കിടക്കുന്നതുമാണ്. പടിഞ്ഞാറൻ മേഖലയിൽ ആഴ്ചയിൽ ശരാശരി 120 മില്ലിമീറ്ററും കിഴക്കൻ മേഖലയിൽ ശരാശരി 350 മില്ലിമീറ്ററുമാണു സാധാരണ മഴക്കാലത്തിന്‍റെ ഭാഗമായുള്ള ഈ കാലയളവിലെ മഴക്കണക്ക്.

nasa-report

രണ്ടാമത്തെ ബാൻഡ് കൂടുതൽ തീഷ്ണവും പശ്ചിമഘട്ട മലനിരകളുമായും തെക്കുപടിഞ്ഞാറന്‍ മേഖലയുമായും അടുത്ത് ഇടകലർന്നതുമാണ്. ഇവിടെ തീരങ്ങളിലെ കാലാവസ്ഥ കാറ്റിനു ന്യൂനമർ‌ദവും കൂടുതൽ കരുത്തും പകർന്നു നൽകിയതായി നാസ വ്യക്തമാക്കുന്നു. ഈ ബാൻഡിലെ ഒരാഴ്ച ലഭിച്ച മഴ ശരാശരി 250 മില്ലിമീറ്ററാണ്. ചില മേഖലകളിൽ ഇത് 400 മില്ലിമീറ്ററും കടന്നു. ഈ ബാൻഡിൽ പ്രതീക്ഷിച്ച പരമാവധി മഴ 469 മില്ലിമീറ്ററായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA