sections
MORE

രാത്രി ചൈനയുടെ 3 ചന്ദ്രൻമാർ തെളിഞ്ഞാൽ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത്...

china-lunar
SHARE

തെരുവു വിളക്കുകള്‍ക്ക് പകരമായി കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കാനുള്ള ചൈനീസ് ആശയം അടുത്തിടെയാണ് പരസ്യമായത്. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ചെങ്ടു നഗരത്തിന് രാത്രിയിലും പ്രകാശം പരത്താന്‍ ഒരു ചന്ദ്രനെ നിര്‍മിക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. വൈദ്യുതി ലാഭിക്കുന്നതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേസമയം, ഈ കൃത്രിമ ചന്ദ്രന്‍ നടപ്പുള്ള ആശയമാണോ എന്ന ആശങ്ക ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. 

2020 ആകുമ്പോഴേക്കും ചൈനയുടെ ആകാശത്ത് കൃത്രിമ ചന്ദ്രനും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്രിമ ചന്ദ്രന്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പ്രധാനമായും വിമര്‍ശകര്‍ എടുത്തകാണിക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം ചെങ്ടു പ്രാദേശിക സര്‍ക്കാരിന് വൈദ്യുതി വകയില്‍ മാത്രം പ്രതിവര്‍ഷം 17.3 കോടി ഡോളര്‍ ലാഭമുണ്ടാക്കികൊടുക്കും കൃത്രിമ ചന്ദ്രനെന്നാണ് അനുകൂലികളുടെ വാദം. 

ചൈനീസ് ബഹിരാകാശ വ്യവസായിയായ വു ചുങ്‌ഫെങ് ഒക്ടോബര്‍ പത്തിനാണ് കൃത്രിമ ചന്ദ്രനെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ചുങ്‌ഫെങിന്റെ ചുങ്ടു എയറോസ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി കമ്പനി ചൈനീസ് ബഹിരാകാശ പദ്ധതിക്കുവേണ്ടി കരാര്‍ ജോലികള്‍ ചെയ്യുന്നുണ്ട്. ചുങ്‌ഫെങ് പദ്ധതിയെക്കുറിച്ച് വിശദമാക്കിയെങ്കിലും ചൈനീസ് അധികൃതരുടെ ഭാഗത്തു നിന്നും ഒൗദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 

സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ചന്ദ്രന്റെ രീതി തന്നെയാണ് ചൈനീസ് ചന്ദ്രനും പിന്തുടരുക. സൂര്യവെളിച്ചം ചുങ്ടുവിലേക്ക് രാത്രിയും പ്രതിഫലിപ്പിക്കുകയാണ് കൃത്രിമ ചന്ദ്രന്റെ ദൗത്യം. ഭൂമിയില്‍ നിന്നും ഏകദേശം 500 കിലോമീറ്റര്‍ ഉയരെയായിരിക്കും കൃത്രിമ ചന്ദ്രന്റെ സ്ഥാനം. രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണുള്ളത്. 

ചന്ദ്രന്റെ എട്ടിരട്ടി പ്രകാശമായിരിക്കും ചൈനീസ് ചന്ദ്രന്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുക. എങ്കിലും സാധാരണ തെരുവുവിളക്കിന്റെ അഞ്ചിലൊന്ന് വെളിച്ചം മാത്രമേ ഭൂമിയിലേക്കെത്തൂ എന്നും കരുതപ്പെടുന്നു. ഭൂമിയിലിരുന്ന് കൃത്രിമ ചന്ദ്രന്റെ വെളിച്ചം നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ടാകും. വേണ്ടിവന്നാല്‍ കൃത്രിമ ചന്ദ്രനെ പൂര്‍ണ്ണമായും കെടുത്തിക്കളയാനും സാധിക്കും. 

ഭൂമിയില്‍ 10 മുതല്‍ 80 കിലോമീറ്റര്‍ ഭാഗത്താണ് ചൈനീസ് ചന്ദ്രന്റെ വെളിച്ചം ലഭിക്കുക. 12,400 കിലോമീറ്റര്‍ വിസ്തൃതിയുള്ള ചെങ്ടുവില്‍ ഈ കൃത്രിമചന്ദ്രനെ കൊണ്ടെന്ന് പ്രയോജനമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ 50 കിലോമീറ്റര്‍ പ്രദേശത്തെങ്കിലും പ്രകാശമെത്തിക്കാന്‍ കഴിഞ്ഞാല്‍ ചെങ്ടു സര്‍ക്കാരിന് പ്രതിവര്‍ഷം വൈദ്യുതി ഇനത്തില്‍ 17.3 കോടി ഡോളര്‍ ലാഭമാകുമെന്നാണ് ചുങ്‌ഫെങിന്റെ കണക്ക്. 

അധികമായി വെളിച്ചം ഭൂമിയിലെത്തുന്നത് മറ്റൊരു മലിനീകരണമായി മാറുമെന്ന ആശങ്കയും വിമര്‍ശകര്‍ പങ്കുവെക്കുന്നുണ്ട്. ഈ ചന്ദ്രന്റെ വെളിച്ചമെത്തുന്ന ഭാഗത്തുള്ളവര്‍ക്ക് രാത്രിയില്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്ക പ്രപഞ്ചശാസ്ത്രഞ്ജര്‍ ഉന്നയിക്കുന്നു. മറ്റൊരു പ്രധാന പ്രശ്‌നം ഈ കൃത്രിമ വെളിച്ചം മറ്റു ജീവികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതാണ്. ഉദാഹരണത്തിന് ചന്ദ്രന്റെ നിലാവിനനുസരിച്ച് സഞ്ചരിക്കുന്ന കടലാമകളും പക്ഷികളുമെല്ലാം കുഴങ്ങി പോകുമെന്നും അവയുടെ നാശത്തിന് പോലും കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്. 

എന്തായാലും വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മരുഭൂമിയിലോ മറ്റോ വിശദമായ പരീക്ഷണങ്ങള്‍ നടത്തിയേ കൃത്രിമ ചന്ദ്രനെ സ്ഥാപിക്കൂ എന്നാണ് ചുങ്‌ഫെങ് പറയുന്നത്. ഇനി പരീക്ഷണം വിജയമായാല്‍ 2022 ഓടെ മൂന്ന് ചന്ദ്രന്മാരെ കൂടി വിക്ഷേപിക്കാനും ചുന്‍ഫെങിനും കൂട്ടര്‍ക്കും പദ്ധതിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA