അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ പേടകം ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ തിളങ്ങുന്ന ‘ഗോൾഡൺ’ പാറ കണ്ടെത്തി. റോവർ അയച്ച ചിത്രം സൂം ചെയ്തപ്പോഴാണ് തിളക്കമുള്ള വിചിത്ര വസ്തു കണ്ടത്. ഇത് സംബന്ധിച്ച് കൂടുതൽ ചിത്രങ്ങൾ കണ്ടെത്താനും ലഭിച്ച ചിത്രത്തെ കുറിച്ച് പഠിക്കാനുമാണ് ഗവേഷകരുടെ നീക്കം.
‘ലിറ്റിൽ കൊളോനസി’ എന്നാണ് നാസ ഗവേഷകർ ഈ പാറക്കഷ്ണത്തിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ക്ലോസ് അപ് ചിത്രങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതൊരു ഉല്‍ക്കാശില ആകാനാണ് സാധ്യതയെന്നും ഇതിനാലാണ് വിചിത്ര തിളക്കമെന്നും നാസ ഗവേഷകർ പറഞ്ഞു.
എന്നാൽ കെമിസ്ട്രി ലാബിൽ നിന്നുള്ള റിപ്പോർട്ട് വന്നതിനു ശേഷമെ കണ്ടെത്തിയത് എന്താണെന്ന് വ്യക്തമായി പറയാൻ സാധിക്കൂ. എന്നാൽ ആ സ്ഥലത്തിന്റെ ചിത്രം പകർത്താനുള്ള റോവറിന്റെ രണ്ടാം ശ്രമം പരാജയപ്പെട്ടു. വിചിത്ര വസ്തുവിന്റെ ക്ലോസ് അപ് ചിത്രം പകർത്താനുള്ള ശ്രമം തുടരുകയാണ്.