അടുക്കളയിലും തോട്ടത്തിലും മാത്രമല്ല അങ്ങ് ബഹിരാകാശത്ത് പോലും കത്തിയും കത്രികയും ഉപയോഗിക്കേണ്ടിവരും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് അറ്റകൈക്ക് കത്തിയും കത്രികയും ഉപയോഗിച്ച് സുപ്രധാനമായ ഒരു ദൗത്യം പൂര്‍ത്തിയാക്കിയത്. വലിയ വിവാദമായ ബഹിരാകാശ നിലയത്തിലെ ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ തെളിവിനായാണ് അവര്‍ കത്തിയുടെയും കത്രികയുടെയും സഹായം തേടിയത്.
റഷ്യന്‍ സഞ്ചാരികളായ സെര്‍ജി പ്രോകോപ്യേവും ഒലെഗ് കൊനോനെകോവുമാണ് ബഹിരാകാശ നിലയത്തിലെ ദ്വാരത്തിന്റെ കാരണം തേടി നിലയത്തിന് പുറത്തിറങ്ങിയത്. ഏകദേശം ഏഴ് മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനിറ്റും ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചാണ് അവര്‍ നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ചത്. ബഹിരാകാശ നിലയത്തിലെ ദ്വാരത്തിന്റെ പുറംഭാഗം കത്തിയും കത്രികയുമുപയോഗിച്ച് ചുരണ്ടിയെടുക്കുകയാണ് ഇവര്‍ ചെയ്തത്.
150 ബില്യണ്‍ ഡോളർ (ഏകദേശം പത്തു ലക്ഷം കോടിയിലേറെ രൂപ) ചിലവിട്ട് നിര്‍മിച്ച ഈ ബഹിരാകാശ നിലയത്തിന് ഗുരുതരമായ കേടുപാടുകള്‍ക്കിടയാക്കുന്നതായിരുന്നു കണ്ടെത്തിയ 2 മില്ലിമീറ്റര്‍ വലിപ്പമുള്ള ദ്വാരം. കഴിഞ്ഞ ഓഗസ്റ്റ് 29നാണ് ബഹിരാകാശ നിലയത്തിലെ മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദ്വാരം കണ്ടെത്തിയത്. ബഹിരാകാശത്ത് പറന്നു നടക്കുന്ന ചെറുവസ്തുക്കളാണ് ഇതിന് കാരണമായതെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണം പിഴവ് മനുഷ്യന്റേതാണെന്ന നിഗമനത്തിലെത്തിലേക്കെത്തിച്ചു.
ഡ്രില്‍ ചെയ്യുമ്പോള്‍ സംഭവിച്ച ദ്വാരം പശവെച്ച് ഒട്ടിച്ച് മൂടിവെക്കാന്‍ ശ്രമിക്കുകയും ബഹിരാകാശത്തെത്തിയപ്പോള്‍ പശ ഇളകിപോരുകയും ചെയ്തുവെന്നതാണ് ഒരു സാധ്യത. അതേസമയം ബഹിരാകാശത്ത് വെച്ചും ഇത്തരമൊരു ഡ്രല്ലിങ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. യഥാര്‍ഥ കാരണം ഇപ്പോഴും വ്യക്തമല്ല. റഷ്യയും അമേരിക്കയും തമ്മില്‍ സഹകരിക്കുന്ന അപൂര്‍വ്വം വിഷയങ്ങളിലൊന്നാണ് രാജ്യാന്തര ബഹിരാകാശ നിലയം. ഈ ചെറു ദ്വാരം എങ്ങനെ അടയ്ക്കാമെന്ന കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിരുദ്ധാഭിപ്രായം പോലുമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഏകദേശം നാല് മണിക്കൂറെടുത്താണ് റഷ്യന്‍ സഞ്ചാരികള്‍ സോയുസ് പേടകത്തിലെ ദ്വാരത്തിനടുത്തെത്തിയത്. നൂറ് അടി സഞ്ചരിക്കാനായിരുന്നു നാല് മണിക്കൂര്‍ വേണ്ടി വന്നത്. ബഹിരാകാശ നിലയത്തെ അപേക്ഷിച്ച് സോയുസ് പേടകത്തില്‍ പുറമേ നിന്നും പിടിക്കുന്നതിനോ മറ്റോയുള്ള സൗകര്യങ്ങളില്ല. ഇതാണ് സോയുസ് പേടകത്തിന് ചുറ്റുമുള്ള ബഹിരാകാശ നടത്തം (സ്‌പേസ് വോക്ക്) അത്യന്തം ദുഷ്‌കരമാക്കിയത്.
എങ്ങനെ സംഭവിച്ചാലും ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് വലിയ തലവേദനയാണ് ഈ രണ്ട് മില്ലിമീറ്റര്‍ ദ്വാരം സൃഷ്ടിച്ചത്. ബഹിരാകാശ നിലയത്തോട് ഘടിപ്പിച്ചിട്ടുള്ള സോയുസ് പേടകത്തിന്റെ ഭാഗത്തിലാണ് ഈ ദ്വാരമുള്ളത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ സ്വാഭാവികമായും ഉപേക്ഷിക്കുന്ന ഭാഗത്തായതിനാല്‍ ദ്വാരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ റഷ്യന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഡിസംബര്‍ 20നാണ് സോയുസ് പേടകം സഞ്ചാരികളേയും വഹിച്ച് തിരിച്ചിറങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 20ന് ശേഷം ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ബുദ്ധിമുട്ടായിരിക്കും.