ബഹിരാകാശ ‘യുദ്ധം’: ട്രംപിന്റെ പടയൊരുക്കത്തിനെതിരെ ചൈന

ബഹിരാകാശത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ചൈന. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശത്തിലാണ് സൈന്യത്തിന്റെ ആറാമത് വിഭാഗമായി യുഎസ് സ്‌പേസ് ഫോഴ്‌സ് രൂപീകരിക്കാനൊരുങ്ങുന്നത്. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ലോകരാജ്യങ്ങളില്‍ നിന്നു വലിയ എതിര്‍പ്പാണ് ഉയരുന്നത്.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ സേനയെ സജ്ജമാക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇതിനായി 800 ദശലക്ഷം ഡോളര്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും മുന്നേറ്റം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് അമേരിക്കന്‍ വിശദീകരണം. ബഹിരാകാശത്തെ സാറ്റ്‌ലൈറ്റുകളും മറ്റും നല്‍കുന്ന വിവരങ്ങളെ അമേരിക്കന്‍ സൈന്യം വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. വിവരകൈമാറ്റത്തിനും നാവിഗേഷനും ചാരപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഇവയുടെ സേവനം നിര്‍ണായകമാണ്.

അതേസമയം റഷ്യയും ചൈനയും സാറ്റ്‌ലൈറ്റുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരുന്നു. ഭാവിയിലെ യുദ്ധസാഹചര്യങ്ങളില്‍ ഇത്തരത്തില്‍  സാറ്റ്‌ലൈറ്റുകളെ തകര്‍ക്കുകയെന്ന നിര്‍ണായകവുമായിരിക്കും. ബഹിരാകാശത്തെ മേല്‍കോയ്മയാണ് ഭൂമിയില്‍ വിജയം സമ്മാനിക്കുകയെന്ന ധാരണയില്‍ നിന്നാണ് അമേരിക്ക പുതിയ സേനാ വിഭാഗത്തെ തന്നെ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ചൈനീസ് വിദേശ കാര്യ വക്താവ് പറഞ്ഞു. ബഹിരാകാശത്തെ യുദ്ധക്കളമാക്കുന്നതിനോട് യോജിക്കാനാകില്ല. ഇത് രാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശ ആയുധമത്സരത്തിന് പോലും ഇടയാക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംങ് പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അമേരിക്ക ബഹിരാകാശ സേനയെ ഒരുക്കുമെന്ന പ്രഖ്യാപനം ട്രംപ് നടത്തുന്നത്.

ബഹിരാകാശത്തെ സൂപ്പര്‍ പവറാകാനായി റഷ്യയും ചൈനയും നടത്തുന്ന നീക്കങ്ങളാണ് അമേരിക്കയെ അലോസരപ്പെടുത്തുന്നതും ബഹിരാകാശ സേനയെ ഒരുക്കുന്നതിലേക്ക് നയിക്കുന്നതും. പ്രത്യേകിച്ച് ചൈന അടുത്തവര്‍ഷങ്ങളില്‍ ബഹിരാകാശ ശാസ്ത്രത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ചന്ദ്രനിലെ ഇരുണ്ടഭാഗത്തെക്കുറിച്ച് പഠിക്കുന്നതിനായി ചൈന ഈമാസം തുടക്കത്തില്‍ പേടകം അയച്ചിരുന്നു. 2013ല്‍ ചൈനയുടെ യുടു പേടകം ചന്ദ്രനില്‍ ഇറങ്ങിയിരുന്നു.