ഇന്ത്യയിൽ നിന്ന് മൂന്നു പേർ ബഹിരാകാശത്തേക്ക്, 10000 കോടിയുടെ പദ്ധതിക്ക് അംഗീകാരം

10,000 കോടി രൂപ ചെലവിൽ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേയ‌യ്ക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 40 മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മിഷൻ ഗഗൻയാൻ സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ആദ്യമായി നടത്തിയത്. 2022 ആകുമ്പോഴേക്കും ഇന്ത്യ ബഹിരാകാശത്തേക്കു മനുഷ്യനെ അയക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനെ ചുവടുപിടിച്ചുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടന്നുവരികയായിരുന്നു. ബഹിരാകാശത്തേക്കു മനുഷ്യനെ അയക്കുന്ന നാലാമത്തെ രാഷ്ട്രമാകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആകാശത്തേക്ക് ആളെ അയക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്ക് വൻ പ്രതീക്ഷകളാണുള്ളത്. രണ്ടു ആളില്ലാ വാഹനങ്ങളും മനുഷ്യൻ നിയന്ത്രിച്ച് പറത്തുന്ന മറ്റൊരു വാഹനങ്ങളമാണ് പദ്ധതിക്ക് ഉപയോഗിക്കുക. ഭൂമിയോടു ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ അഞ്ചോ ഏഴോ ദിവസം തങ്ങാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ജിഎസ്എൽവി മാർക്ക് 3 യാകും വിക്ഷേപണ വാഹനം. ‘ഗഗൻയാൻ’ ദൗത്യത്തിന്റെ സ്പേസ് സ്യൂട്ട് ഐഎസ്ആർഒ അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ നടന്ന സ്പെയ്സ് എക്സ്പോയിൽ ഇതിനൊപ്പം ക്രൂ മോഡൽ കാപ്സ്യൂൾ, ക്രൂ എസ്കേപ് മോഡൽ എന്നിവയുടെ പ്രദർശനവും നടന്നു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതികൾക്കായി ഐഎസ്ആർഒ ഇതിനകം തന്നെ 173 കോടി ചെലവിട്ടിട്ടുണ്ട്. 2008 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക പ്രശ്നങ്ങളും പദ്ധതിയെ പിന്നോട്ടടിക്കുകയായിരുന്നു.

സ്പേസ് സ്യൂട്ട്

∙വികസിപ്പിച്ചത് വിക്രം സാരാഭായി സ്പേസ് സെന്റർ, തിരുവനന്തപുരം 

രണ്ടുവർഷത്തെ ഗവേഷണഫലം 

∙60 മിനിറ്റ് പ്രവർത്തനദൈർഘ്യമുള്ള ഒരു ഓക്സിജൻ സിലിണ്ടർ വഹിക്കാനുള്ള കഴിവ്. 

∙ആകെ എണ്ണം 3. രണ്ടെണ്ണം വികസിപ്പിച്ചുകഴിഞ്ഞു. 

ഗഗൻയാൻ

∙ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യം. 

∙വിക്ഷേപണവാഹനം:ജിഎസ്എൽവി മാർക്ക് 3 

∙ മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ യാത്രികർ ബഹിരാകാശത്ത് ചെലവഴിക്കും

ക്രൂ മോഡൽ ക്യാപ്സ്യൂൾ 

∙ബഹിരാകാശ യാത്രികർ വസിക്കുന്ന സ്ഥലം 

∙കടുത്ത ചൂടിൽനിന്നു യാത്രികർക്കു സംരക്ഷണമേകി താപകവചം. 

∙തിരിച്ചിറക്കത്തിൽ തീപിടിക്കുമെങ്കിലും ഉള്ളിലെ താപനില 25 ഡിഗ്രി മാത്രം.