മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കാനുള്ള നാസയുടെ ദൗത്യത്തിനുള്ള റോക്കറ്റുകളുടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. പരീക്ഷണങ്ങള്‍ക്കിടെ പേടകത്തിന്റെ 200 അടിയോളം വലുപ്പമുള്ള പടുകൂറ്റന്‍ ഇന്ധന ടാങ്കിന്റെ ചിത്രങ്ങളും പുറത്തുവന്നു. നാല് RS25 റോക്കറ്റ് എൻജിനുകള്‍ക്കാവശ്യമായ ദ്രവഹൈഡ്രജന്‍ ഇന്ധനമാണ് ഈ ടാങ്കില്‍ സൂക്ഷിക്കുക.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിന് പിന്നാലെയാണ് അമേരിക്കയുടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിക്ക് വേഗം ലഭിച്ചത്. മനുഷ്യ ചരിത്രത്തില്‍ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കരുത്തുള്ള എസ്എല്‍എസ് റോക്കറ്റാണ് നാസയുടെ ശക്തി.
സാറ്റേണ്‍ വി റോക്കറ്റിനേക്കാള്‍ 15 ശതമാനം അധികം വേഗം കൈവരിക്കാന്‍ നാസയുടെ ഈ പുതിയ റോക്കറ്റിനാകും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ അലബാമയിലെ മാര്‍ഷല്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററില്‍ വെച്ചാണ് ബഹിരാകാശ പേടകത്തിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നത്.
200 അടിയിലേറെ ഉയരമുള്ള റോക്കറ്റിന്റെ പ്രധാന ഇന്ധന ടാങ്കിന് 27.6 അടി വ്യാസവുമുണ്ട്. 5.37 ലക്ഷം ഗ്യാലന്‍ ദ്രവീകൃത ഹൈഡ്രജന്‍ വഹിക്കാനുള്ള ശേഷിയുണ്ട് ഇതിന്. മൈനസ് 423 ഫാരന്‍ഹീറ്റ് എന്ന അതിശീതീകരിച്ച അവസ്ഥയിലായിരിക്കും ടാങ്കില്‍ ദ്രവീകൃത ഹൈഡ്രജന്‍ സൂക്ഷിക്കുക.
ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ റോക്കറ്റിന് ബ്ലോക്ക് 1 എന്നാണ് പേരിട്ടിരിക്കുന്നത്. 26 മെട്രിക് ടണ്‍ വരെ ഭാരം ചന്ദ്രന് അപ്പുറമെത്തിക്കാന്‍ ഇവക്ക് ശേഷിയുണ്ട്. ബ്ലോക്ക് 2 എന്നറിയപ്പെടുന്ന രണ്ടാം റോക്കറ്റിന് 11.9 ദശലക്ഷം എല്‍ബിഎസ് വരെ വേഗത്തില്‍ കുതിക്കാനാകും. ഇവയുടെ കരുത്തിലായിരിക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അടക്കം ആവശ്യമായ സാധനങ്ങള്‍ ഭൂമിയില്‍ നിന്നും എത്തിക്കുക. 45 ടണ്‍ ഭാരം വരെ വഹിച്ച് ബഹിരാകാശത്ത് സഞ്ചരിക്കാന് ഇവക്ക് കഴിവുണ്ട്.
റോക്കറ്റ് വിക്ഷേപണത്തെ തുടര്‍ന്നുണ്ടാകുന്ന ഉയര്‍ന്ന താപനിലയെ തണുപ്പിക്കുന്നതിന് വെള്ളം ഉപയോഗിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് താപനില ക്രമീകരിക്കാനായി തുറന്നുവിടുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് കെന്നഡി സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ വെള്ളം തുറന്നുവിടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കൂറ്റന്‍ ഫൗണ്ടനുകളുടെ രൂപത്തിലാണ് രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ വിക്ഷേപണത്തറയെ വെള്ളം മൂടുന്നത്.
EM 1(എക്‌സ്‌പ്ലൊറേഷന്‍ മിഷന്‍) എന്ന് പേരുള്ള ദൗത്യം 2019 അവസാനത്തിലോ 2020 ആദ്യത്തിലോ നടത്താനാണ് നാസയുടെ പദ്ധതി. മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലുമെത്തിക്കാനുള്ള ദൗത്യ പരമ്പരയിലെ ആദ്യത്തേതിനാണ് നാസ EM 1 എന്ന് പേരിട്ടിരിക്കുന്നത്. 25 ദിവസമാണ് ദൗത്യം നീണ്ടു നില്‍ക്കുക. ചന്ദ്രനെ ചുറ്റി ചിത്രങ്ങളെടുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍. ഇഎം 2 ദൗത്യത്തില്‍ മനുഷ്യനെ ചന്ദ്രനിലിറക്കുമെന്നാണ് കരുതപ്പെടുന്നത്.