ചന്ദ്രയാൻ –2 ലൂടെ ഇന്ത്യ ചന്ദ്രനിൽ സാന്നിധ്യമറിയിക്കും: പ്രധാനമന്ത്രി

ചന്ദ്രയാൻ –2 പദ്ധതിയിലൂടെ ഇന്ത്യ ഉടൻ ചന്ദ്രനിൽ സാന്നിധ്യമറിയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ മൻ കി ബാത്ത് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഒരു റോക്കറ്റ് ഉപയോഗിച്ചു തുടർച്ചയായി 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് നമ്മൾ ലോകറെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചന്ദ്രയാൻ –2 പദ്ധതിയിലൂടെ അധികം വൈകാതെ തന്നെ ചന്ദ്രനിലും സാന്നിധ്യമറിയിക്കും’ – പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ വർധിച്ചുവരുന്ന ശക്തിയുടെ പ്രതീകങ്ങളാണ് നമ്മുടെ ഉപഗ്രഹങ്ങളെന്നും മറ്റു രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ഇവ ഗുണം ചെയ്യാറുണ്ടെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിനും ബഹിരാകാശ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു.

സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ് എന്ന തീർത്തും വ്യത്യസ്തമായ പദ്ധതി അയൽരാജ്യങ്ങൾക്കു വികസനം സമ്മാനിച്ച ഒന്നാണ്. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക എന്നത് അത്യന്തം സങ്കീർണമായ പദ്ധതിയാണെങ്കിലും വികസ്വര രാജ്യങ്ങളുടെ മാത്രമല്ല, വികസിത രാജ്യങ്ങളുടെ കൂടെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ ഇന്ത്യ ഏർപ്പെട്ടിരിക്കുന്നുണ്ടെന്നത് അത്യന്തം അഭിമാനകരമായ ഒരു കാര്യമാണ്. സർക്കാർ പദ്ധതികൾ ജനങ്ങളിലേക്കു എത്തിക്കാനും ഇവയുടെ ശരിയായ നടത്തിപ്പു ഉറപ്പുവരുത്താനും ബഹിരാകാശ ശാസ്ത്ര രംഗത്തെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടെന്നും മോദി പറഞ്ഞു.

23 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 40 ലക്ഷം വീടുകൾ ജിയോ ടാഗിങ് നടത്തിയാണ് 'എല്ലാവർക്കും വീട്' എന്ന പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ വരുന്ന 30.5 ദശലക്ഷം പദ്ധതികളും ഇത്തരത്തിൽ ടാഗ് ചെയ്തിട്ടുള്ളതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.