ചെമ്പൻ മുടിയിഴകളും നീലക്കണ്ണുകളുമായി അവൾ; മരണദൂതുമായെത്തിയ ടൈഫോയ്ഡ് മേരി
ഫ്രഞ്ച് എഴുത്തുകാരൻ യുഷെൻ സ്യൂ 1844ൽ എഴുതിയ നോവലാണ് ‘ദ് വാണ്ടറിങ് ജ്യൂ’ അഥവാ അലയുന്ന ജൂതൻ. ഇതിലെ ടൈറ്റിൽ കഥാപാത്രമായ വാണ്ടറിങ് ജ്യൂ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം കോളറ മഹാമാരി ഉടലെടുക്കും. ആയിരങ്ങൾക്കു രോഗം ബാധിക്കും. നിരവധി പേർ മരിക്കും...മരണത്തിന്റെ ദൂതനായി മാറുകയായിരുന്നു അയാൾ. ഈ നോവലിലെ
ഫ്രഞ്ച് എഴുത്തുകാരൻ യുഷെൻ സ്യൂ 1844ൽ എഴുതിയ നോവലാണ് ‘ദ് വാണ്ടറിങ് ജ്യൂ’ അഥവാ അലയുന്ന ജൂതൻ. ഇതിലെ ടൈറ്റിൽ കഥാപാത്രമായ വാണ്ടറിങ് ജ്യൂ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം കോളറ മഹാമാരി ഉടലെടുക്കും. ആയിരങ്ങൾക്കു രോഗം ബാധിക്കും. നിരവധി പേർ മരിക്കും...മരണത്തിന്റെ ദൂതനായി മാറുകയായിരുന്നു അയാൾ. ഈ നോവലിലെ
ഫ്രഞ്ച് എഴുത്തുകാരൻ യുഷെൻ സ്യൂ 1844ൽ എഴുതിയ നോവലാണ് ‘ദ് വാണ്ടറിങ് ജ്യൂ’ അഥവാ അലയുന്ന ജൂതൻ. ഇതിലെ ടൈറ്റിൽ കഥാപാത്രമായ വാണ്ടറിങ് ജ്യൂ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം കോളറ മഹാമാരി ഉടലെടുക്കും. ആയിരങ്ങൾക്കു രോഗം ബാധിക്കും. നിരവധി പേർ മരിക്കും...മരണത്തിന്റെ ദൂതനായി മാറുകയായിരുന്നു അയാൾ. ഈ നോവലിലെ
ഫ്രഞ്ച് എഴുത്തുകാരൻ യുഷെൻ സ്യൂ 1844ൽ എഴുതിയ നോവലാണ് ‘ദ് വാണ്ടറിങ് ജ്യൂ’ അഥവാ അലയുന്ന ജൂതൻ. ഇതിലെ ടൈറ്റിൽ കഥാപാത്രമായ വാണ്ടറിങ് ജ്യൂ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം കോളറ മഹാമാരി ഉടലെടുക്കും. ആയിരങ്ങൾക്കു രോഗം ബാധിക്കും. നിരവധി പേർ മരിക്കും...മരണത്തിന്റെ ദൂതനായി മാറുകയായിരുന്നു അയാൾ. ഈ നോവലിലെ ജൂതകഥാപാത്രത്തോടു സാമ്യമുള്ള ഒരു വനിത യഥാർഥത്തിൽ ജീവിച്ചിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ യുഎസിൽ. അവരെ പിൽക്കാലത്ത് വൈദ്യശാസ്ത്രം ടൈഫോയ്ഡ് മേരിയെന്നു വിളിച്ചു.
അക്കാലത്ത് ആളുകളുടെ പേടിസ്വപ്നമായ ടൈഫോയ്ഡിന്റെ ലക്ഷണങ്ങളൊന്നുമില്ലാത്ത വാഹകയായിരുന്നു മേരി. ‘അസിംപ്റ്റമാറ്റിക് കാരിയർ’ എന്നു വൈദ്യശാസ്ത്രം വിശേഷിപ്പിച്ച ഈ അവസ്ഥ മേരിയുടെ ജീവിതത്തെ തീർത്തും ദുസ്സഹവും നിർഭാഗ്യപൂർണവും ആക്കി മാറ്റി. വൈദ്യശാസ്ത്രത്തിലെ സമാനതകളില്ലാത്ത ഒരുദാഹരണമായി അവർ വിശേഷിപ്പിക്കപ്പെടുന്നു. 53 പേർക്ക് രോഗം പരത്തിയ മേരി 3 മരണങ്ങൾക്കും കാരണമായി.
ക്വാറന്റീൻ എന്ന വാക്ക് ഇന്നു നമുക്ക് സുപരിചിതമാണ്. 106 വർഷം മുൻപ് ഇതുപോലൊരു മാർച്ച് 27നാണ് ടൈഫോയ്ഡ് മേരിയെ അമേരിക്കൻ സർക്കാർ ക്വാറന്റീനു വിടുന്നത്. കാൽനൂറ്റാണ്ടോളം കാലം നീണ്ടു നിന്ന ആ ക്വാറന്റീൻ അവരുടെ മരണത്തോടെയാണ് അവസാനിച്ചത്.
∙ അയർലൻഡിൽനിന്ന് അമേരിക്കയിലേക്ക്
1869ൽ അയർലൻഡിലെ കുക്ക്സ്ടൗണിലാണു മേരി മലോൺ ജനിച്ചത്. യൂറോപ്പിൽ നിന്നു യുഎസിലേക്കുള്ള കുടിയറ്റങ്ങളുടെ പുതിയ തരംഗം നടക്കുന്നകാലമായിരുന്നു അത്. പുതിയൊരു ജീവിതം കരുപ്പിടിക്കാനുള്ള സ്വപ്നങ്ങളുമായി 1883ൽ തന്റെ പതിനാലാം വയസ്സിൽ മേരി യുഎസിലേക്ക് കുടിയേറി. അമേരിക്കയിലെത്തിയ ശേഷം ന്യൂയോർക്കിലെ സമ്പന്നരുടെ വീടുകളിൽ ജോലിക്കാരിയായും പാചകക്കാരിയായുമെല്ലാം മേരി ഉപജീവനം നടത്തി വന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്നത്തെ കാലത്തെപോലെ ശക്തമായ ശുചീകരണ സംവിധാനങ്ങളും നടപടികളും ന്യൂയോർക്ക് നഗരത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ ടൈഫോയ്ഡ് ബാധകൾ ഇടയ്ക്കിടെ സംഭവിച്ചിരുന്നു. കടുത്ത പനി, വയറിളക്കം, തലകറക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്ന ടൈഫോയ്ഡ് ബാധിച്ച് 639 പേരാണ് 1906ൽ ന്യൂയോർക്കിൽ മാത്രം മരിച്ചത്. സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയ കലരുന്ന ഭക്ഷണത്തിലും വെള്ളത്തിലൂടെയുമാണ് ടൈഫോയ്ഡ് പകരുന്നത്. 1900 മുതൽ 1907 വരെയുള്ള സമയത്ത് മേരി ജോലി ചെയ്തിരുന്ന വീടുകളിൽ 24 പേർക്ക് ടൈഫോയ്ഡ് രോഗബാധയുണ്ടായി. ന്യൂയോർക്കിലും ലോങ് ഐലൻഡിലുമായിരുന്നു ഇത്. ഇതോടെയാണ് മേരിയുടെ ജീവിതം എന്നന്നേക്കുമായി കീഴ്മേൽ മറിഞ്ഞത്.
1906ൽ ന്യൂയോർക്കിലെ ഓയ്സ്റ്റർ ബേയിലുള്ള സമ്പന്ന കുടുംബത്തിലെ ആറു പേർക്ക് ടൈഫോയ്ഡ് ബാധയുണ്ടായി. എത്ര ആലോചിച്ചിട്ടും രോഗം എവിടെ നിന്നാണു വന്നതെന്നു കണ്ടെത്താൻ വീട്ടുകാർക്കായില്ല. തുടർന്ന് അവർ ജോർജ് സോപർ എന്ന പകർച്ചവ്യാധി വിദഗ്ധനെ നിയമിച്ചു. പകർച്ചവ്യാധികളെക്കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ള സോപർ ഈ മേഖലയിലെ ഒരു പ്രശസ്തനായിരുന്നു. എന്നാൽ ആദ്യമൊന്നും രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്താൻ സോപറിനും സംഘത്തിനും കഴിഞ്ഞിരുന്നില്ല.
ഗാർഹികാവശ്യത്തിനെടുത്ത മലിനജലത്തിൽ നിന്നാകാം അണുബാധ സംഭവിച്ചതെന്നായിരുന്നു അവരുടെ വിലയിരുത്തൽ. മേരി തുടർന്നും ആ വീട്ടിൽ പാചകക്കാരിയായി ജോലി നോക്കി. മാത്രമല്ല, പലവീടുകളിലും അവർ ജോലിക്കു പോയിത്തുടങ്ങിയിരുന്നു അക്കാലത്ത്. 1907ൽ മാൻഹട്ടനിലെ ഒരു വീട്ടിൽ മേരി ജോലിക്കു ചേർന്നു. ഇവിടെ താമസിയാതെതന്നെ കുറച്ചുപേർ ടൈഫോയ്ഡ് ബാധിച്ച് ആശുപത്രിയിലായി. ഇതിന്റെ കാരണമന്വേഷിച്ചെത്തിയ സോപർ യാദൃശ്ചികമായി മേരിയെ വീട്ടിൽ കണ്ടു. ഓയ്സ്റ്റർ ബേ സംഭവവുമായി ബന്ധപ്പെട്ട് മേരിയെ പരിചയമുള്ള സോപറിന്റെ ഉള്ളിൽ സംശയം ഉടലെടുക്കാൻ ആ കൂടിക്കാഴ്ച വഴിയൊരുക്കി. അന്ന് മേരിയെ ശ്രദ്ധിച്ച സോപർ അവരെക്കുറിച്ച് എഴുതിയിട്ടുണ്ട്. ‘37 വയസ്സുള്ള, അഞ്ചടി ആറിഞ്ച് നീളമുള്ള വനിത. ചെമ്പൻ മുടിയിഴകളും, നീലനിറത്തിലുള്ള കൃഷ്ണമണികളുമുള്ള അവരുെട കണ്ണുകൾ തെളിഞ്ഞതായിരുന്നു’.
∙ പൊലീസ് വന്നു, ആശുപത്രിയിൽനിന്ന് ചാടാനും ശ്രമം
മേരിക്ക് ടൈഫോയ്ഡ് ഉണ്ടാകാനിടയുണ്ടെന്ന് സോപർ വിശ്വസിച്ചു. ഇതു സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി മൂത്രത്തിന്റെയും വിസർജ്യത്തിന്റെയും സാംപിൾ വേണമെന്നു പറഞ്ഞെത്തിയ സോപറിനെ ഒരു ഫോർക്കെടുത്ത് മേരി കുത്താൻ ചെന്നു. സോപർ നിരാശനായെങ്കിലും തന്റെ സുഹൃത്തും വനിതാ ഡോക്ടറുമായ ജോസഫൈൻ ബേക്കറെ മേരിയുടെ സമീപത്തേക്കു പറഞ്ഞുവിട്ടു. എന്നാൽ സാംപിളുകളെടുക്കാൻ ജോസഫൈനെയും മേരി അനുവദിച്ചില്ല. ജോസഫൈന്റെ പിതാവ് ടൈഫോയ്ഡ് ബാധിച്ചാണു മരിച്ചത്. അതിനാൽ തന്നെ രോഗത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച വനിതയായിരുന്നു അവർ. മേരിയെ സമ്മതിപ്പിക്കാനുള്ള ശ്രമങ്ങൾ അവർ തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിൽ അഞ്ചു പൊലീസുകാരുടെ അകമ്പടിയോടെ ജോസഫൈൻ മേരിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നു ചാടിപ്പോകാൻ മേരി രണ്ടും കൽപിച്ച് ഒരു ശ്രമം നടത്തിയെങ്കിലും പാളിപ്പോയി. ചെറിയ ഒരു പനി പോലും മേരിക്കുണ്ടായിരുന്നില്ല. അതിനാൽതന്നെ തനിക്ക് ടൈഫോയ്ഡുണ്ടെന്ന് മേരി സ്വപ്നേവി വിചാരിച്ചിരുന്നുമില്ല. തന്നെ കുടുക്കാൻ ചിലർ ചേർന്നു നടത്തുന്ന ശ്രമങ്ങളായാണു സോപറിന്റെയും ജോസഫൈന്റെയും ശ്രമങ്ങളെ അവരുടെ വിഹ്വലമായ മനസ്സ് വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെയായിരുന്നു രക്ഷപ്പെടാൻ മേരി ശ്രമിച്ചതും.
ഏതായാലും ആശുപത്രിയിൽ നടന്ന പരിശോധനയിൽ ജോസഫൈന്റെ ശരീരത്തിൽ സാൽമൊണെല്ല ടൈഫിയുണ്ടെന്നു തെളിഞ്ഞു. സ്വയം രോഗലക്ഷണങ്ങളില്ലാതെ മറ്റുള്ളവരിലേക്കു രോഗം പകർത്തുന്ന വാഹക. അസിംപ്റ്റമാറ്റിക് കാരിയർ എന്ന പേരിൽ മേരിയുടെ അവസ്ഥയെ ഡോക്ടർമാർ വ്യാഖ്യാനിച്ചു. മേരിയെ ബാക്ടീരിയ അതിക്രമിച്ചതേയില്ല. എന്നാണ് ഈ രോഗബാധ അവരുടെ ശരീരത്ത് കയറിക്കൂടിയെന്നുള്ളത് ഇന്നും ഉത്തരമില്ലാത്ത സമസ്യയായി അവശേഷിക്കുന്നു.
∙ ടൈഫോയ്ഡ് മേരി
ഒരു പ്രതിവിധി ഡോക്ടർമാർ നിർദേശിച്ചു. മേരിയുടെ പിത്താശയം (gallbladder) എടുത്തുകളയണം. എന്നാൽ മേരി ഇതിനൊരുക്കമായിരുന്നില്ല. 1909ൽ ന്യൂയോർക്ക് അമേരിക്കൻ എന്ന പത്രം മേരിയെക്കുറിച്ച് വിശദമായി ഒരു ഫീച്ചർ ചെയ്തതോടെ മേരി ദേശീയതലത്തിൽ പ്രശസ്തയായി. ‘ടൈഫോയ്ഡ് മേരി’ എന്നാണ് മേരി മലോൺ ആ ഫീച്ചറിൽ വിശേഷിപ്പിക്കപ്പെട്ടത്. ഈ പേര് യുഎസിലെ ജനങ്ങൾക്കിടയിൽ പ്രശസ്തമായി. പൊതു സമൂഹത്തിലും വൈദ്യശാസ്ത്ര ലേഖനങ്ങളിലും മേരി പിന്നീട് അറിയപ്പെട്ടതും ഈ പേരിൽ തന്നെ.
മാരക രോഗത്തിന്റെ വിത്തുക്കളുമായി സഞ്ചരിക്കുന്ന മരണദൂതിക. ദുരൂഹതയും പൊടിപ്പും തൊങ്ങലും ചേർത്തു മേരിയുടെ കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. അവരെപ്പറ്റി കാർട്ടൂണുകളും ചിത്രകഥകളും ചൂടപ്പം പോലെ പുറത്തിറങ്ങി. എന്നാൽ, തന്റേതല്ലാത്ത കാരണത്താൽ തനിക്കു സംഭവിക്കുന്ന അപമാനത്തിൽ മേരി ദു:ഖിതയായിരുന്നു. പലരും അവരോട് ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു. അവർ ഉത്തരം പറഞ്ഞു മടുത്തു.
അക്കാലത്ത് അപ്രഖ്യാപിത തടവിലായിരുന്നു മേരി. അവരെ പുറത്തു വിടാൻ ഡോക്ടർമാർ തയാറായിരുന്നില്ല. മേരിയുടെ അപ്പീലുമായി അവരുടെ വക്കീൽ കോടതികളെ സമീപിച്ചു. എന്നാൽ സമാനതകളില്ലാത്ത ഈ പ്രതിസന്ധി, കോടതികൾക്കും തീരുമാനമെടുക്കാൻ തടസ്സം സൃഷ്ടിച്ചു. തൽസ്ഥിതി തുടരാനാണു കോടതികൾ പറഞ്ഞത്.
∙ ജീവപര്യന്തം ക്വാറന്റീൻ
ആയിടെ ന്യൂയോർക്ക് നഗരത്തിൽ ചാർജെടുത്ത പുതിയ ഹെൽത്ത് കമ്മിഷണർക്ക് മേരിയോട് സഹതാപം തോന്നി. ഒടുവിൽ ഇനി മുതൽ പാചകവുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്യരുതെന്ന കർശന നിബന്ധനയോടെ 1910ൽ മേരി വിട്ടയയ്ക്കപ്പെട്ടു. പുറത്തിറങ്ങിയ മേരിക്ക്, മറ്റൊരു തൊഴിലും അറിയില്ലായിരുന്നു. തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ഗുരുതര സ്ഥിതിവിശേഷത്തിന്റെ ഗൗരവം മനസ്സിലാക്കാനും അവർക്കായില്ല. അതിനാൽ തന്നെ ന്യൂയോർക്കിലും ന്യൂജഴ്സിയിലുമായി മേരി തന്റെ പാചകവൃത്തി തുടർന്നു. കള്ളപ്പേരുകളിലും വ്യാജ വ്യക്തിത്വങ്ങളിലുമായിരുന്നു ഈ ജോലികൾ.
രണ്ടു ഭക്ഷണശാലകൾ, ഒരു സ്പാ, ഒരു ലോഡ്ജ്, ഒരു ആശുപത്രി എന്നിവിടങ്ങളിൽ ഈ കാലയളവിൽ മേരി പാചകക്കാരിയായി ജോലി ചെയ്തു. 1915ൽ പ്രദേശത്തെ സ്ലൊയേൻ മറ്റേണിറ്റി ആശുപത്രിയിൽ ഒരു വമ്പൻ ടൈഫോയ്ഡ് അണുബാധ പൊട്ടിപ്പുറപ്പെടുകയും 25 പേരോളം ബാധിതരാകുകയും ചെയ്തു. ഇതിന്റെ അന്വേഷണത്തിനായി പഴയ ജോർജ് സോപർ വീണ്ടും സ്ഥലത്തെത്തി. ആശുപത്രിയിലെ മിസ്സിസ് ബ്രൗൺ എന്ന പാചകക്കാരിയെ കണ്ട സോപറിനു കൂടുതൽ മെനക്കെട്ട് അന്വേഷിക്കേണ്ടി വന്നില്ല. ടൈഫോയ്ഡ് മേരിയായിരുന്നു മിസ്സിസ് ബ്രൗൺ.
മേരി വീണ്ടും അധികൃതരുടെ പിടിയിലായി. ഇത്തവണ അവർക്കായി ശബ്ദമുയർത്താൻ അധികമാരും എത്തിയില്ല. 1915 മാർച്ച് 27നു ന്യൂയോർക്കിനു സമീപമുള്ള നോർത്ത് ബ്രദർ ദ്വീപിലെ പ്രത്യേക കേന്ദ്രത്തിൽ അവർ ക്വാറന്റീനു പ്രവേശിപ്പിക്കപ്പെട്ടു. ആ ക്വാറന്റീൻ 1938ൽ അവർ സ്ട്രോക്ക് ബാധിച്ചു മരിക്കുന്നതു വരെ തുടർന്നു! ഏകദേശം കാൽ നൂറ്റാണ്ടോളം. വെറും 9 പേരാണ് ടൈഫോയ്ഡ് മേരിയുടെ അന്തിമോപചാര ചടങ്ങിൽ സംബന്ധിച്ചത്. മരിക്കും വരെ താൻ ടൈഫോയ്ഡ് ബാധിതയാണെന്ന് മേരി വിശ്വസിച്ചിരുന്നില്ല. തന്റേതല്ലാത്ത കാരണത്തിന് ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറയിൽ കഴിയേണ്ടി വന്ന ടൈഫോയ്ഡ് മേരി ലോകവൈദ്യശാസ്ത്ര ചരിത്രത്തിലെ നോവുന്ന ഓർമയാണ്. ഒപ്പം ലോകത്തെ ഒരു കാലത്ത് വിറപ്പിച്ച ടൈഫോയ്ഡ് എന്ന മഹാമാരിയുടെ ജീവിച്ചിരുന്ന രക്തസാക്ഷിയും.
English Summary: Mary Mallon aka Typhoid Mary's Tragic Tale