മറ്റൊരാളുടെ ഭാര്യയെ പ്രണയിച്ച് സ്വന്തമാക്കിയ സർ റിച്ചഡ്; മോഡലിനൊപ്പം സർഫിങ്, വിവാദ തോഴൻ
ജൂലൈ 11ന് വെർജിൻ ഗലാറ്റിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ഒട്ടേറെ വിഡിയോപ്ലാറ്റ്‌ഫോമുകളിലാണ് ലൈവായി സ്ട്രീം ചെയ്തിരുന്നത്. അതു കണ്ടവരിലേറെയും തിരഞ്ഞതാകട്ടെ, വെർജിൻ ഗലാറ്റിക്കിന്റെ മേധാവിയും ബഹിരാകാശ സഞ്ചാരി സംഘത്തിലെ നായകനുമായ സർ റിച്ചഡ് ബ്രാൻസൻ ന്യൂമെക്സിക്കോയിലെ വിക്ഷേപണകേന്ദ്രമായ
ജൂലൈ 11ന് വെർജിൻ ഗലാറ്റിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ഒട്ടേറെ വിഡിയോപ്ലാറ്റ്‌ഫോമുകളിലാണ് ലൈവായി സ്ട്രീം ചെയ്തിരുന്നത്. അതു കണ്ടവരിലേറെയും തിരഞ്ഞതാകട്ടെ, വെർജിൻ ഗലാറ്റിക്കിന്റെ മേധാവിയും ബഹിരാകാശ സഞ്ചാരി സംഘത്തിലെ നായകനുമായ സർ റിച്ചഡ് ബ്രാൻസൻ ന്യൂമെക്സിക്കോയിലെ വിക്ഷേപണകേന്ദ്രമായ
ജൂലൈ 11ന് വെർജിൻ ഗലാറ്റിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ഒട്ടേറെ വിഡിയോപ്ലാറ്റ്‌ഫോമുകളിലാണ് ലൈവായി സ്ട്രീം ചെയ്തിരുന്നത്. അതു കണ്ടവരിലേറെയും തിരഞ്ഞതാകട്ടെ, വെർജിൻ ഗലാറ്റിക്കിന്റെ മേധാവിയും ബഹിരാകാശ സഞ്ചാരി സംഘത്തിലെ നായകനുമായ സർ റിച്ചഡ് ബ്രാൻസൻ ന്യൂമെക്സിക്കോയിലെ വിക്ഷേപണകേന്ദ്രമായ
ജൂലൈ 11ന് വെർജിൻ ഗലാറ്റിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ഒട്ടേറെ വിഡിയോപ്ലാറ്റ്‌ഫോമുകളിലാണ് ലൈവായി സ്ട്രീം ചെയ്തിരുന്നത്. അതു കണ്ടവരിലേറെയും തിരഞ്ഞതാകട്ടെ, വെർജിൻ ഗലാറ്റിക്കിന്റെ മേധാവിയും ബഹിരാകാശ സഞ്ചാരി സംഘത്തിലെ നായകനുമായ സർ റിച്ചഡ് ബ്രാൻസൻ ന്യൂമെക്സിക്കോയിലെ വിക്ഷേപണകേന്ദ്രമായ സ്പേസ്പോർട് അമേരിക്കയിലെത്തുന്ന നിമിഷത്തെയും. കാത്തിരിപ്പിനൊടുവിൽ ചില തമിഴ് സിനിമകളിലെയൊക്കെ പോലെ നായകന്റെ എൻട്രി. നിരനിരയായി വന്ന റേഞ്ച് റോവർ കാറുകളുടെ മുന്നിൽ സൈക്കിൾ ചവിട്ടി, കറുത്ത ഷോട്സും ടിഷർട്ടുമണിഞ്ഞ എഴുപതുകാരനായ ബ്രാൻസൻ. കുസൃതികളും ഷോഓഫും ഏറെ ഇഷ്ടപ്പെടുന്ന ബ്രാൻസൻ തന്റെ കമ്പനിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും നിർണായക യാത്രയിലും സ്വതവേയുള്ള വികൃതിത്തരങ്ങളിൽനിന്ന് ഒട്ടും പിന്നോട്ടുപോയില്ല.
ലോകത്തിലെ ഏറ്റവും ‘ഫ്രീക്കനായ’ ശതകോടീശ്വരൻ ആരെന്നു ചോദിച്ചാൽ ഇലോൺ മസ്ക് എന്നാകും മിക്കവരുടെയും ഉത്തരം. എന്നാൽ മസ്ക് വിളച്ചിൽ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു ബ്രാൻസനെന്ന് വേണമെങ്കിൽ പറയാം. വിവാദങ്ങളും വിമർശനങ്ങളും വിജയങ്ങളും നിറഞ്ഞതാണ് ഈ ബ്രിട്ടിഷ് ശതകോടീശ്വരന്റെ ജീവിതം. സ്വന്തം വൈവാഹികജീവിതത്തിൽ പോലുമുണ്ട് ഏറെ വിവാദങ്ങൾ. അത്യാഡംബരപൂർണമായ വ്യക്തിജീവിതവും നിലപാടുകളും പൊടുന്നനെ എല്ലാവരെയും ഞെട്ടിക്കുന്ന സ്വഭാവവും...റിച്ചഡ് ആളൽപം വ്യത്യസ്തനാണ്. ഇത്തവണ ബ്രാൻസൻ ഞെട്ടിച്ചത് സാക്ഷാൽ ജെഫ് ബെസോസിനെത്തന്നെയാണ്. ജൂലൈ 20നു ബെസോസ് ബഹിരാകാശത്തേക്കു പോകാൻ തയാറെടുത്തിരിക്കെ താൻ അതിനും മുൻപെ പോകുന്നെന്നു പൊടുന്നനെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുമെന്ന സ്വപ്നം!
ഇംഗ്ലണ്ടിലെ സറേയിൽ ജനിച്ച റിച്ചഡ് ബ്രാൻസൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മ ഈവ സ്വപ്നം കണ്ടിരുന്നത്. എന്നാൽ ഇതിനെല്ലാമപ്പുറം ഒരു വ്യവസായ ചക്രവർത്തിയാകാനായിരുന്നു യോഗം. പറഞ്ഞു വരുമ്പോൾ ഭാഗികമായി ബ്രാൻസൻ ഒരിന്ത്യൻ വംശജൻ കൂടിയാണ്. തന്റെ പൂർവികപരമ്പരയിൽ ഒരു മുതുമുത്തച്ഛൻ വിവാഹം കഴിച്ചത് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽനിന്നുള്ള ആര്യ എന്ന വനിതയെയാണെന്ന് അദ്ദേഹംതന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ സ്മരണാർഥം തന്റെ വിമാനക്കമ്പനിയുടെ ഒരു സർവീസിന് ആര്യ എന്നുതന്നെ പേരും നൽകി.
പഠനവൈകല്യമുള്ള ബ്രാൻസനു സ്കൂൾ വിദ്യാഭ്യാസം മുഴുമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. 15ാം വയസ്സിൽ അദ്ദേഹം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. ആ സമയം അദ്ദേഹത്തിന്റെ സ്കൂൾ പ്രിൻസിപ്പലായ റോബർട് ഡ്രേസൺ ബ്രാൻസന്റെ അമ്മയോട് ഒരു കാര്യം പറഞ്ഞു. നിങ്ങളുടെ മകന്റെ ജീവിതം ഒന്നുകിൽ തടവറയിൽ അവസാനിക്കും, അല്ലെങ്കിൽ അവനൊരു ശതകോടീശ്വരനാകും. ആ നിരീക്ഷണം ശരിയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ ശതകോടീശ്വരൻമാരിൽ ഒരാളാണ് ബ്രാൻസൻ. മറ്റുള്ളവർ റിട്ടയർമെന്റിന്റെ ആലസ്യത്തിലേക്ക് ഒതുങ്ങുന്ന എഴുപതിന്റെ വാർധക്യകാലത്തും അദ്ദേഹം ലോകത്തെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു.
∙ എന്തുകൊണ്ട് ‘വെർജിൻ’?
പഠനവൈകല്യം മൂലം പഠിത്തം നിർത്തിയ ബ്രാൻസൻ, സ്റ്റുഡന്റ് എന്ന പേരിൽ മാസിക പുറത്തിറക്കിയാണ് തന്റെ സംരംഭക ജീവിതത്തിനു തുടക്കമിട്ടത്. 1970ലാണു വെർജിൻ റെക്കോർഡ്സ് എന്ന മ്യൂസിക് കമ്പനി തുടങ്ങാൻ ബ്രാൻസൻ തീരുമാനിക്കുന്നത്. തനിക്ക് ബിസിനസിനെക്കുറിച്ച് ഒന്നും വലുതായി അറിയില്ല എന്നതിനാലാണു കമ്പനിക്കു വെർജിൻ എന്നു പേരു കൊടുത്തതെന്ന് ബ്രാൻസൻ പിന്നീട് പറഞ്ഞിട്ടുണ്ട്. വലിയ വിജയമായി ഈ സംരംഭം മാറി. വെർജിൻ എന്ന പേര് തന്റെ തുടർന്നുള്ള എല്ലാ സംരംഭങ്ങൾക്കും ബ്രാൻസൻ നൽകാനും തുടങ്ങി.
1984ലാണ് വെർജിൻ അറ്റ്ലാന്റിക് എന്ന എയർലൈൻസ് കമ്പനിക്ക് ബ്രാൻസൻ തുടക്കമിടുന്നത്. ഒറ്റ വിമാനത്തിൽ തുടങ്ങിയ കമ്പനി പിൽക്കാലത്ത് വെർജിൻ ഗ്രൂപ്പിന്റെ നട്ടെല്ലായി. രാജ്യാന്തര തലത്തിൽ ഉയർന്ന വമ്പൻ പ്രതിരോധങ്ങളെയെല്ലാം അതിജീവിച്ച് ബ്രാൻസന്റെ വിമാനങ്ങൾ ആകാശം കീഴടക്കി. മറ്റു ബിസിനസുകളിലും ബ്രാൻസനു ശുക്രനുദിച്ച നാളുകളായിരുന്നു അത്. പല മേഖലകളിലായി നൂറുകണക്കിനു കമ്പനികൾ വെർജിൻ എന്ന ബാനറിനു കീഴിൽ പിറന്നു. 2004ലാണ് വെർജിൻ ഗലാറ്റിക് കമ്പനിക്ക് റിച്ചഡ് തറക്കല്ലിടുന്നത്. 3 വർഷത്തിനുള്ളിൽ ബഹിരാകാശടൂറിസം യാഥാർഥ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 17 വർഷങ്ങൾ വേണ്ടി വന്നു ഈ സ്വപ്നം സാക്ഷാത്കരിക്കാൻ .
∙ വിവാദങ്ങളുടെ തോഴൻ
1989ലാണ് ജോൻ ടെംപിൾമാനെ ബ്രാൻസൻ വിവാഹം കഴിക്കുന്നത്. ഒരു സ്വകാര്യ ദ്വീപിൽ നടന്ന അത്യാഡംബര ചടങ്ങിൽ പങ്കെടുക്കാൻ ഒരു പടുകൂറ്റൻ ഹെലികോപ്റ്ററിലേറിയാണ് അദ്ദേഹം എത്തിയത്. എന്നാൽ വിവാഹം ശ്രദ്ധേയമായതിനു കാരണം ഇതു മാത്രമായിരുന്നില്ല. ഒട്ടേറെ വിവാദങ്ങൾ ഇതിനു പിന്നിലുണ്ടായിരുന്നു. വെറും 22 വയസ്സുള്ളപ്പോഴായിരുന്നു ബ്രാൻസന്റെ ആദ്യവിവാഹം. ക്രിസ്റ്റൻ ടോമാസി എന്ന വനിതയാണ് അദ്ദേഹത്തിന്റെ ആദ്യഭാര്യ. പല പൊരുത്തക്കേടുകളും കൊണ്ട് ആ വിവാഹം വേർപിരിയലിൽ കലാശിച്ചു.
1976ലാണ് ജോൻ ടെംപിൾമാൻ ബ്രാൻസനുമായി പരിചയപ്പെടുന്നത്. സ്കോട്ടിഷ് റോക്ക് സംഗീതജ്ഞനായിരുന്നു റോണി ലേഹിയുടെ ഭാര്യയായിരുന്നു അവരപ്പോൾ. 12 വർഷം നീണ്ട ആ വിവാഹിതജീവിതം ജോനിനെ സംബന്ധിച്ചു സന്തുഷ്ടമായിരുന്നെന്നു പരിചയക്കാർ പറയുന്നു. അത്യാവശ്യം സെറ്റിൽഡായ ആ ദമ്പതിമാർ കുട്ടികളുൾപ്പെടെ വിവാഹജീവിതത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്കു കടക്കാനിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടെയാണ് ബ്രാൻസൻ ജോനിനെ കാണുന്നത്. ഉടനടിതന്നെ അവരോട് കടുത്ത പ്രണയം, റിച്ചഡിന്റെ മനസ്സിൽ ഉടലെടുത്തത്രേ. എന്നാൽ ജോനിന് റിച്ചഡിനെ തീരെ ഇഷ്ടപ്പെട്ടില്ല. ബ്രാൻസന്റെ ഫ്രീക്ക് രീതിയിലുള്ള വസ്ത്രധാരണവും വിറളി പിടിച്ച സ്വഭാവുമായിരുന്നു കാരണം. പക്ഷേ, ജോനിനെ എങ്ങനെയും വിവാഹം കഴിച്ചേ പറ്റുവെന്ന ഉദ്ദേശത്തോടെ ബ്രാൻസൻ അവർക്കു പിന്നാലെ നടന്നു.
ജോൻ അന്ന് ഒരു കടയിൽ സെയിൽസ് ഗേളായി ജോലി നോക്കുകയായിരുന്നു. ചില സിനിമകളിലൊക്കെ കാണുന്നതു പോലെ, ആ കടയിൽ ഇടയ്ക്കിടെ സന്ദർശനം നടത്തി തനിക്ക് ഒരാവശ്യവുമില്ലാത്ത വസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് അക്കാലത്തെ ബ്രാൻസന്റെ സ്ഥിരം പ്രവൃത്തിയായിരുന്നു. ഇതു കൊണ്ട് ജോൻ അടുക്കുന്നില്ലെന്നു കണ്ട്, അവരുടെ കൂട്ടുകാർ വഴി അടുക്കാൻ ശ്രമിച്ചു. ഇതും നടക്കാതെയായതോടെ കരീബിയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന നെക്കർ എന്ന ദ്വീപ് അവർക്കായി വാങ്ങി നൽകി. പിന്നീടെപ്പോഴോ ജോൻ റിച്ചഡുമായി അടുത്തു. റോണി ലേഹിയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ച് അവർ 1978 മുതൽ ബ്രാൻസനൊപ്പം ജീവിതം തുടങ്ങി. ഈ ബന്ധത്തിൽ രണ്ടു കുട്ടികളും ബ്രാൻസനു പിറന്നു.
എന്നാൽ ഈ സംഭവം ജോനിന്റെ ആദ്യഭർത്താവിനെ കുറച്ചുകാലത്തേക്കു തകർത്തുകളഞ്ഞു. പിന്നീടൊരിക്കലും റോണി വിവാഹിതനായിട്ടില്ല. ഇതൊന്നുമല്ലാതെതന്നെ ഒട്ടേറെ വിവാദങ്ങളും ശ്രദ്ധ നേടിയ സംഭവങ്ങളും ബ്രാൻസന്റെ പേരിലുണ്ട്. ഒരിക്കൽ എയർ ഏഷ്യ ഗ്രൂപ്പിന്റെ സിഇഒ ടോണി ഫെർണാണ്ടസുമായി ഫോർമുല വൺ കാറോട്ടമത്സരത്തെക്കുറിച്ച് ബെറ്റുവച്ച ബ്രാൻസൻ തോറ്റു. പന്തയക്കരാർ പ്രകാരം പ്രച്ഛന്നവേഷത്തിൽ ഓസ്ട്രേലിയയിൽനിന്നു മലേഷ്യയിലേക്ക് യാത്ര നടത്താൻ ബ്രാൻസൻ ഒരു മടിയും കാട്ടിയില്ല. നെക്കർ ദ്വീപിലാണ് റിച്ചഡ് ബ്രാൻസന്റെ വസതിയും ഓഫിസും. നികുതി വെട്ടിക്കാനാണ് ബ്രിട്ടനിൽനിന്ന് ഈ ദ്വീപിലേക്കു ബ്രാൻസൻ പോയതെന്ന് വിവാദമുണ്ടെങ്കിലും അദ്ദേഹം ഇതൊന്നും കാര്യമാക്കുന്നതേയില്ല. ഇവിടെ അദ്ദേഹത്തിന്റെ വസതിക്കു പുറമേ ചെലവേറിയ റിസോർട്ടുകളും ടൂറിസ്റ്റ് ഹോമുകളുമെല്ലാം പണിഞ്ഞിട്ടുണ്ട്.
ഹോളിവുഡ് താരങ്ങൾ മുതൽ ബറാക് ഒബാമയും ലേഡി ഡയാനയുമടക്കമുള്ള പ്രമുഖർ ദ്വീപ് സന്ദർശിച്ചിട്ടുണ്ട്. ഇവിടെ അർധനഗ്നകളായ വെയിട്രസുമാരുടെ ശരീരത്തിൽ വിഭവങ്ങൾ വിളമ്പി അതിഥികളെ സന്തോഷിപ്പിക്കുന്നു എന്നു പറഞ്ഞ് പലപ്പോഴും ബ്രാൻസനെതിരെ വിമർശനമുയർത്തിയിരുന്നു. പരിപൂർണ നഗ്നയായ ഒരു മോഡലിനൊപ്പം കൈറ്റ് സർഫിങ് നടത്തുന്ന ബ്രാൻസന്റെ ചിത്രം ഇടക്കാലത്ത് വിവാദമായിരുന്നു. വെർജിൻ ഗ്രൂപ്പിന്റെ പരിപാടികളിൽ അൽപവസ്ത്രധാരികളായ സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടിക്കു ഗ്ലാമർ കൂട്ടാൻ നോക്കുന്നെന്ന് പറഞ്ഞ് ആക്ടിവിസ്റ്റുകളും സ്ത്രീപക്ഷ വാദികളും പലപ്പോഴും ബ്രാൻസനെ വിമർശിച്ചിട്ടുമുണ്ട്. എന്നാൽ ബ്രാൻസന് ഇതൊന്നും ഒരു കുലുക്കവുമുണ്ടാക്കിയില്ലെന്നതാണു സത്യം.
∙ ആദ്യമായല്ല സാഹസികത
എഴുപതാം വയസ്സിൽ ബഹിരാകാശത്തേക്കൊരു ഹൈസ്പീഡ് യാത്രയ്ക്ക് ബ്രാൻസനിനെക്കൊണ്ടു പറ്റുമോ എന്നുള്ള ചോദ്യം കേട്ടപ്പോൾ ബ്രാൻസൻ തീർച്ചയായും ചിരിച്ചുകാണണം. കാരണം, ആദ്യമായല്ല ഇത്തരം സാഹസികതകൾ അദ്ദേഹം നടത്തുന്നത്. 1986ൽ അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ഒരു മോട്ടർബോട്ടിൽ സാഹസികയാത്ര നടത്തിയ രണ്ടംഗ സംഘത്തിൽ ഒരാൾ ബ്രാൻസനായിരുന്നു. ഇതേ അറ്റാലാന്റിക്കിനു കുറുകെ ഒരു ബലൂണിലും ഇദ്ദേഹം 1987ൽ യാത്ര നടത്തിയിരുന്നു. ഇതേ യാത്ര തന്നെ തൊട്ടടുത്ത വർഷം പസിഫിക് സമുദ്രത്തിനു കുറുകെയും നടത്തി. തൊണ്ണൂറുകളിൽ ലോകം ചുറ്റിയൊരു ബലൂൺ യാത്രയ്ക്ക് അദ്ദേഹം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഒരിക്കൽ ഇംഗ്ലിഷ് ചാനലിലൂടെ, കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫീബിയസ് കാറിൽ സഞ്ചരിച്ചതും ന്യൂയോർക്കിലെ ഫിഫ്ത്ത് അവന്യുവിലൂടെ സൈനിക ടാങ്ക് ഓടിച്ചുകൊണ്ടുപോയതും മോണ്ട് ബ്ലാങ്ക് പർവതാരോഹണം നടത്തിയതുമൊക്കെ ഈ ശതകോടീശ്വരന്റെ ചില സാഹസിക കുസൃതികൾ മാത്രം. ഇപ്പോൾ ബ്രാൻസൻ ഇറങ്ങിയിരിക്കുന്ന ബഹിരാകാശ ടൂറിസം മേഖലയിൽ അദ്ദേഹത്തിന് എത്രത്തോളം വിജയം കൈവരിക്കാൻ കഴിയുമെന്നതിനു നിശ്ചയമില്ല. കാരണം അപ്പുറത്തുള്ളത് ബ്രാൻസനെ മുട്ടുകുത്തിക്കാൻ പോരുന്ന സാക്ഷാൽ ഇലോൺ മസ്ക്, ജെഫ് ബെസോസ് തുടങ്ങിയ എതിരാളികളാണ്. എന്തൊക്കെയായാലും ബഹിരാകാശത്ത് ഹൈസ്പീഡ് യാത്രയിലൂടെ ആദ്യമെത്തിയ ശതകോടീശ്വരൻ എന്ന റെക്കോർഡ് ഇനി മസ്കിനും ബെസോസിനുമൊന്നും കിട്ടില്ല. അത് ബ്രാൻസൻ അങ്ങെടുത്തു.
English Summary: The Fabulous Life of Sir Richard Branson, Owner of Virgin Galactic