എത്ര കണ്ടാലും മതിവരാത്തതാണ് പ്രപഞ്ചത്തിന്‍റെ ആഴത്തെ വെളിവാക്കുന്ന തെളിഞ്ഞ രാത്രികളിലെ ആകാശദൃശ്യങ്ങള്‍. പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവസാനമില്ല. ഇത്തരം ചിന്തകള്‍ തുടങ്ങിയ കാലത്ത് ആദിമമനുഷ്യനുണ്ടായ ഉള്‍ക്കിടിലം ഇന്നും നമുക്കനുഭവിക്കാനാകുന്നു. പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ നിസ്സാരമായ

എത്ര കണ്ടാലും മതിവരാത്തതാണ് പ്രപഞ്ചത്തിന്‍റെ ആഴത്തെ വെളിവാക്കുന്ന തെളിഞ്ഞ രാത്രികളിലെ ആകാശദൃശ്യങ്ങള്‍. പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവസാനമില്ല. ഇത്തരം ചിന്തകള്‍ തുടങ്ങിയ കാലത്ത് ആദിമമനുഷ്യനുണ്ടായ ഉള്‍ക്കിടിലം ഇന്നും നമുക്കനുഭവിക്കാനാകുന്നു. പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ നിസ്സാരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര കണ്ടാലും മതിവരാത്തതാണ് പ്രപഞ്ചത്തിന്‍റെ ആഴത്തെ വെളിവാക്കുന്ന തെളിഞ്ഞ രാത്രികളിലെ ആകാശദൃശ്യങ്ങള്‍. പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവസാനമില്ല. ഇത്തരം ചിന്തകള്‍ തുടങ്ങിയ കാലത്ത് ആദിമമനുഷ്യനുണ്ടായ ഉള്‍ക്കിടിലം ഇന്നും നമുക്കനുഭവിക്കാനാകുന്നു. പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ നിസ്സാരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര കണ്ടാലും മതിവരാത്തതാണ് പ്രപഞ്ചത്തിന്‍റെ ആഴത്തെ വെളിവാക്കുന്ന തെളിഞ്ഞ രാത്രികളിലെ ആകാശദൃശ്യങ്ങള്‍. പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവസാനമില്ല. ഇത്തരം ചിന്തകള്‍ തുടങ്ങിയ കാലത്ത് ആദിമമനുഷ്യനുണ്ടായ ഉള്‍ക്കിടിലം ഇന്നും നമുക്കനുഭവിക്കാനാകുന്നു. പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ നിസ്സാരമായ സ്ഥാനത്തെക്കുറിച്ച് ബോധ്യമാകുമെകിലും ഇതൊക്കെ മനസ്സിലാക്കാനാകുന്നു എന്ന തോന്നല്‍ അല്പമെങ്കിലും ആശ്വാസം നല്കുന്നു. 

ദൈനംദിനജീവിതത്തില്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് വലിയ പ്രസക്തിയില്ല.   പകലും രാത്രിയും വന്നുപോകുന്നു. സൂര്യന്‍ ഭൂമിയെച്ചുറ്റുന്നുവെന്നോ ഭൂമി സൂര്യനെച്ചുറ്റുന്നുവെന്നോ മനസ്സിലാക്കേണ്ട കാര്യമില്ല. അതൊക്കെ മനസ്സിലാക്കിയാലും വലിയ പ്രയോജനമില്ല. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലും   ഉപഗ്രഹങ്ങളിലും ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ചറിയുകയും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്ന  ജീവികള്‍   നില നില്‍ക്കുന്നില്ല  എന്നുറപ്പു നല്കാനാകും. 

ADVERTISEMENT

വളരെ സവിശേഷമായ ഒരു സ്ഥാനം മനുഷ്യനുള്‍പ്പെടുന്ന ഭൂമിയിലെ ജീവികള്‍ക്കുണ്ട്. പക്ഷെ പ്രപഞ്ചത്തിന്‍റെ പ്രവര്‍ത്തനം അല്പമെങ്കിലും ഗ്രഹിക്കാനാകുന്നത് മനുഷ്യനു മാത്രം. ആകാശഗോളങ്ങളുടെ ദൈനംദിനചലനങ്ങളും ആകാശത്തിലെ വസ്തുക്കളുടെ രൂപവും ഘടനയും മനുഷ്യന്‍റെ ചിന്തകളെ എല്ലാക്കാലത്തും പരിപോഷിപ്പിച്ചിരുന്നു. വേട്ടക്കാരന്‍റെ ജീവിതശൈലിയില്‍ നിന്നും കൃഷിയിലേക്കുള്ള മാറ്റം ആദിമമനുഷ്യന് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാന്‍ ധാരാളം സമയം നല്‍കി. 

ആകാശഗോളങ്ങളുടെ ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, അവയ്ക്കുപിന്നിലെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം   ആരംഭിച്ചു. പതിനായിരം വര്‍ഷം മുമ്പ്, ഹിമയുഗത്തിനൊടുവില്‍  ഹിമാനികള്‍ പിന്‍വാങ്ങാന്‍ തുടങ്ങിയപ്പോള്‍, സസ്യങ്ങളും ജലജീവികളും സസ്തനികളും മറ്റ് ജീവജാലങ്ങളും ഭൂമിയിലാകെ വ്യാപിച്ചു. കൂടുതല്‍ ഭൂമി ഉപയോഗത്തിന് ലഭ്യമായപ്പോള്‍ കൃഷി വികസിച്ചു. ദൈനംദിന ജീവിതം സുഗമമാക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ മനുഷ്യന്‍ കണ്ടെത്തി. 

ക്രമേണ   പ്രതികൂല കാലാവസ്ഥയും സുരക്ഷാഭീഷണിയും   മറികടക്കാന്‍ ചെലവഴിച്ചിരുന്ന സമയം മറ്റു  പ്രവര്‍ത്തനങ്ങള്‍ക്കായി മനുഷ്യന്‍ വിനിയോഗിച്ചു.സുമേറിലും ഈജിപ്തിലും  പ്രധാനനദികളുടെ തീരങ്ങളില്‍    നാഗരികതകളുടെ തുടക്കമായി.    ഇന്ത്യയിലും  ചൈനയിലും മധ്യഅമേരിക്കയിലും വ്യത്യസ്ത നാഗരികതകള്‍ പടര്‍ന്നു പന്തലിച്ചു. ഈ സമൂഹങ്ങളെല്ലാം അവരുടെ ബൗദ്ധികശേഷിയുടെ കാര്യത്തില്‍  വളരെയധികം പുരോഗമിച്ചുവെന്നതിന് തെളിവുകളേറെ. 

ഏകദേശം ഏഴായിരം വര്‍ഷം മുമ്പ്, പ്രാചീന ഈജിപ്തിലെ പിരമിഡുകള്‍ നിര്‍മ്മിക്കുന്നതിനും വളരെ മുന്‍പ് സഹാറയിലെ ആദിമനിവാസികള്‍ സൂര്യന്‍റെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി മഹാശിലാനിര്‍മ്മിതികള്‍ക്ക് രൂപംനല്‍കിയിരുന്നു. ഈജിപ്തിന്‍റെ തെക്കേഭാഗത്ത് കെയ്റോയില്‍ നിന്നും 800 കിലോമീറ്റർ അകലെയുള്ള നുബിയന്‍ മരുഭൂമിയിലെ നാബ്ത പ്ലായ ഇതുവരെ കണ്ടെത്തിയതില്‍ വച്ചേറ്റവും പഴക്കംചെന്ന ജ്യോതിശാസ്ത്ര നിര്‍മ്മിതിയാണ്. 

ADVERTISEMENT

 7500 വര്‍ഷത്തിനുമേല്‍ പഴക്കം

 

പുരാതന നാഗരികതയുടെ അവശിഷ്ടമുള്ള ഈ പ്രദേശം സതേണ്‍ മെതോഡിസ്റ്റ് സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ഫ്രെഡ് വെന്‍ഡോര്‍ഫാണ്  കണ്ടെത്തിയത്. ജര്‍മ്മനിയിലെ 6900 വര്‍ഷം പഴക്കമുള്ള നവീനശിലായുഗ കാലത്തെ ഗൊസെക്ക് വൃത്തം, മാള്‍ട്ടയിലെ 5600 വര്‍ഷം പഴക്കമുള്ള മഹാശിലായുഗ നിര്‍മ്മിതിയായ മ്നാജ്ദ്ര എന്നിവയാണ് ഏറ്റവും പഴക്കം ചെന്നവയായി ഇതുവരെ കരുതിയിരുന്നത്. നാബ്ത പ്ലായയ്ക്ക് 7500 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ട്. 

 

ADVERTISEMENT

നാബ്ത പ്ലായ സമൂഹം വളരെ വികാസം പ്രാപിച്ചതായിരുന്നില്ല എന്നാല്‍ ആകാശഗോളങ്ങളുടെ നിരീക്ഷണത്തില്‍ ഇവര്‍ വളരെയധികം മുന്നോട്ടുപോയി എന്ന് ശിലാനിര്‍മ്മിതികള്‍ തെളിയിക്കുന്നു. 65000 മുതല്‍ 12000 വര്‍ഷം മുമ്പു വരെ ഈ പ്രദേശം ഇന്നത്തെപ്പോലെ വരണ്ടതായിരുന്നു. ഭൂവിജ്ഞാനീയപരമമായ ഹോളോസീന്‍ കാലഘട്ടത്തിന്‍റെ ആദ്യപാദത്തില്‍ അതായത് 11000 വര്‍ഷം മുമ്പ്   ഇടയ്ക്കിടെ ജലമൊഴുകിയിരുന്ന ഒരു നദി ഇവിടെ രൂപപ്പെട്ടു.

 

 ആദ്യകാല നാഗരികത കെട്ടിപ്പടുക്കാന്‍ ശ്രമം നടന്നത് ഇതുമൂലമെന്നു വ്യക്തം. നവീനശിലായുഗത്തില്‍ അതായത് പതിനായിരം വര്‍ഷം മുമ്പ് ഇവിടെ ജനവാസമുണ്ടായിരുന്നു. ചരിത്രാതീതകാലത്തെ ജനങ്ങളുടെ ആചാരങ്ങളുടെ കേന്ദ്രമായിരുന്നു ഇതെന്ന്  പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ മതപരവും ജ്യോതിശാസ്ത്രപരവുമായ നൂറുകണക്കിനു നിര്‍മിതികള്‍ സൂചിപ്പിക്കുന്നു. അബുസിംബെല്‍ എന്ന ചരിത്രപ്രധാനമായ ഇടത്തു നിന്നും നൂറു കിമീ മാത്രം അകലെയാണിത്. നാബ്ത പ്ലായ നിവാസികള്‍ ജ്യോതിശാസ്ത്രസംഭവങ്ങളെ രേഖപ്പെടുത്തുകയും ശിലാപാളികള്‍ ഇതു    സൂചിപ്പിക്കുന്ന രീതിയില്‍ വിന്യസിക്കുകയും ചെയ്തു. 

അക്കാലത്തെ ആകാശഗോളങ്ങളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഈ നിര്‍മ്മിതികളെന്ന് ജിപിഎസിന്‍റെയും ഉപഗ്രഹചിത്രങ്ങളുടെയും സഹായത്തോടെ സ്ഥിരീകരിച്ചു. ഓറിയണ്‍ നക്ഷത്രഗണത്തിന്‍റെയും, ആര്‍ക്റ്റൂറസ്,   സിറിയസ്, ആല്‍ഫാ സെന്‍റോറി എന്നീ നക്ഷത്രങ്ങളുടെയും സ്ഥാനവുമായി യോജിച്ചുപോകുന്ന രീതിയിലാണ് ശിലകള്‍ അടുക്കിയിരിക്കുന്നത്. ഇതില്‍ മുഖ്യം ഓറിയണ്‍ തന്നെ. 

നമുക്കറിയാവുന്നതില്‍ വച്ചേറ്റവും പഴക്കം ചെന്ന   മഹാശിലായുഗ/ജ്യോതിശാസ്ത്ര അവശിഷ്ടമാണ് ഇത്. ഇത്തരത്തിലുള്ള ശിലാനിര്‍മിതികളുടെ പഠനത്തില്‍നിന്നും ഏറ്റവും പൂര്‍ണതയുള്ള ജ്യാമിതീയരൂപമായ വൃത്തത്തിന്‍റെയും ഘടികാരം എന്ന ആശയത്തിന്‍റെയും ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നു. മനുഷ്യന്‍റെ പുരോഗതിയുടെ അടിസ്ഥാനമായ ശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും വളര്‍ച്ചയ്ക്ക് ജ്യാമിതിയിലെ സങ്കല്പനങ്ങള്‍ അടിസ്ഥാനമായി. 

ഭൂമി അളക്കാനും, കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും ജ്യോതിശാസ്ത്രനിരീക്ഷണ പഠനത്തിനും ഈ ആശയങ്ങള്‍  ഉപയോഗിച്ചിരുന്നു. പിരമിഡുകളുടെയും പ്രാചീനക്ഷേത്രങ്ങളുടെയും നിര്‍മ്മാണരീതികളില്‍നിന്ന് നമുക്കിത് ബോധ്യമാകുന്നു. നാടോടികളായ ആദിമവാനനിരീക്ഷകരില്‍ നിന്നാണ് ഈ ചിന്താധാരയുടെ തുടക്കം. 

വൃത്താകൃതിയില്‍ ശിലാഖണ്ഡങ്ങളും പരന്ന കല്ലുകളും അഞ്ചുനിരയായി കുത്തനെ നിര്‍ത്തിയ രീതിയിലുള്ള ശിലകളുമാണ് നാബ്താ പ്ലായയില്‍ കണ്ടെത്തിയത്.  ശിലാഫലകങ്ങള്‍ക്ക് പത്തടി വരെ ഉയരമുണ്ട്. തെക്കുവടക്ക്,  കിഴക്കുപടിഞ്ഞാറ് ദിശകളിലേയ്ക്കും പിന്നെ  സൂര്യന്‍റെ അയനാന്തങ്ങളെയും ആസ്പദമാക്കി ശിലകള്‍ അടുക്കിവച്ചിരിക്കുന്നു. പന്ത്രണ്ടടി വ്യാസമുള്ള ചെറിയ ശിലാവൃത്തത്തില്‍ കുത്തനെ നിര്‍ത്തിയ നാല് കൂട്ടം ഫലകങ്ങളുണ്ട്. 

ചക്രവാളത്തിന്‍റെ നിരപ്പില്‍ നിരീക്ഷണം സാധ്യമാക്കാനായിരുന്നു ഇത്. രണ്ടാമത്തെ നിരയിലുള്ള ശിലാഫലകങ്ങള്‍ ഉത്തരായന കാലത്തെ ചക്രവാളത്തെ ആസ്പദമാക്കി വിന്യസിച്ചിരിക്കുന്നു. സൂര്യന്‍ڔഉദിക്കുന്ന ഇടം കൃത്യമായി നിരീക്ഷിക്കാനുള്ള ഫലകവുമുണ്ട്. അയനാന്തകാലത്ത് സൂര്യന്‍ നേര്‍മുകളില്‍ എത്തുകയും നട്ടുച്ചവേളയില്‍ നിഴല്‍ കാണാതിരിക്കുകയും ചെയ്യും. ആ ദിനങ്ങള്‍ കൃത്യമായി മുന്‍കൂട്ടി അറിയാന്‍   നിരീക്ഷണം സഹായകമായി. 

Image Credit: assalve/ IstockPhotos

ഈ ദിനങ്ങള്‍ പ്രാചീനജനതയ്ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നു വ്യക്തം. ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള   സമാനരീതിയിലുള്ള നിര്‍മ്മിതികളിലും ഇക്കാര്യം വ്യക്തമാണ്. നാബ്താ പ്ലായ പ്രദേശത്തിനടുത്ത് മറ്റുചിലയിടങ്ങളിലും സമാനമായ ചെറിയ ശിലാനിര്‍മ്മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. ശിലാഫലകങ്ങള്‍ കിഴക്കുപടിഞ്ഞാറായി   സൂര്യന്‍റെ ചലനത്തെ ആസ്പദമാക്കി വിന്യസിച്ചിരിക്കുന്നു. ശിലകളുടെ വ്യത്യസ്ത വിന്യാസങ്ങളാണ് ഈ മഹാശിലായുഗ നിര്‍മ്മിതികളില്‍ ദൃശ്യമാകുന്നത്. അതിലോരോന്നും സങ്കീര്‍ണമായ ജ്യോതിശാസ്ത്രഘടനയിലേയ്ക്കു നയിക്കുന്നു.

സിറിയസ് എന്ന ഏറ്റവും തെളിച്ചമുള്ള നക്ഷത്രത്തിന്‍റെ ഉദയസ്ഥാനം കൃത്യമായി അറിയാനാകുന്ന ശിലാവിന്യാസം സുപ്രധാനമാണ്. സിറിയസ് നിശ്ചിത ഇടങ്ങളില്‍ ഉദിക്കുമ്പോള്‍ ചില നദികളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് അക്കാലത്തെ വാനനിരീക്ഷകര്‍ക്ക് അറിയാമായിരുന്നു.  നാബ്താ പ്ലായയിലെ ഇടയന്മാര്‍ നാടോടികളുടെ ജീവിതശൈലിയാണ് പിന്തുടര്‍ന്നിരുന്നതെന്ന് പ്രാചീന ആഫ്രിക്കന്‍ജനതയെക്കുറിച്ച് ഗവേഷണം ചെയ്യുന്ന കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ക്രിസ്റ്റഫര്‍ എരെറ്റ് കണ്ടെത്തി.നല്ല മണ്‍സൂണ്‍ മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്നു നുബിയന്‍ ജനത വസിച്ചിരുന്ന ഈ പ്രദേശം. 

അക്കാലത്ത് മഴപെയ്തു മാറുമ്പോള്‍ ചെറിയ ജലാശയങ്ങള്‍ രൂപമെടുക്കുമായിരുന്നു. നാബ്ത പ്ലായ ഇത്തരമൊരു ജലാശയത്തിന്‍റെ കരയിലായിരുന്നു നിര്‍മ്മിച്ചത്. ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശത്തെ മഴ വടക്കോട്ട് നീങ്ങീത്തുടങ്ങിയതോടെ നാബ്തയില്‍ പുല്ലും മറ്റു സസ്യങ്ങളും വളരുകയും മുയല്‍,പുല്ലു തിന്നുന്ന ചെറിയ ജീവികള്‍, അവയെ ആഹരിച്ചിരുന്ന കുറച്ചിനം വന്യമൃഗങ്ങള്‍ എന്നിവ കാണപ്പെട്ടു തുടങ്ങുകയും ചെയ്തു. മഴ പെയ്തുതുടങ്ങിയിട്ടും വരണ്ട കാലാവസ്ഥയായിരുന്നു ഇവിടങ്ങളില്‍. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന വരള്‍ച്ചയും ഉണ്ടായതായി ഭൂവിജ്ഞാനീയപരമായ തെളിവുകളുണ്ട്. 

കാലികളെ പരിപാലിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയ നാബ്ത നിവാസികള്‍ ജലലഭ്യത  ലക്ഷ്യമാക്കി ചില നിശ്ചിത ഋതുകാലങ്ങളില്‍ മാത്രം വസിക്കാന്‍ ഇവിടം തിരഞ്ഞെടുത്തു. കളിമണ്‍ പാത്രങ്ങള്‍ ഈ ജനത ഉപയോഗിച്ചിരുന്നു.   വേനല്‍മഴയ്ക്കു ശേഷം നൈല്‍ നദിയുടെ തെക്കുവശത്തുനിന്നാണ് താത്കാലിക വാസത്തിനായി ആദിമമനുഷ്യര്‍ നാബ്തയില്‍ എത്തിയിരുന്നത്. ആ പ്രദേശം വരളുമ്പോള്‍  അവര്‍ നൈല്‍ നദിയുടെ തീരത്തേയ്ക്ക് മടങ്ങിയിട്ടുണ്ടാകണം. 9500 വര്‍ഷം മുന്‍പ്  വര്‍ഷത്തിലുടനീളം ജലം ലഭിക്കുന്ന വലിയ  കിണറുകള്‍ കുഴിച്ച് തുടര്‍ച്ചയായി ഇവിടെത്തന്നെ വസിക്കാനുള്ള ശ്രമം നടത്തുകയും ഗ്രാമങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.   പലതരം ധാന്യങ്ങള്‍ ഇക്കാലത്ത് ശേഖരിച്ച്  ഉപയോഗിച്ചിരുന്നു. 

7500 വര്‍ഷം മുമ്പത്തെ വലിയ വരള്‍ച്ചാകാലം ആ ജനത ഇവിടം വിട്ടുപോകാന്‍ കാരണമായി. അവസ്ഥകള്‍ അനുയോജ്യമായപ്പോള്‍ ഇവിടെ തിരിച്ചെത്തിയവര്‍  സങ്കീര്‍ണമായ സമൂഹവ്യവസ്ഥിതികള്‍ക്കു രൂപംനല്‍കി.   പ്രകൃതിയെ പ്രീതിപ്പെടുത്താനായി പശുക്കിടാങ്ങളെ ബലി കൊടുത്ത് കളിമണ്‍പാത്രങ്ങളില്‍ അടക്കുകയും ആ ഇടത്ത് ശിലകള്‍ വിന്യസിക്കുകയും ചെയ്തു. 

ആകൃതിയില്ലാത്ത ശിലകള്‍ ഉപയോഗിച്ച് ഇവര്‍ നിര്‍മ്മിച്ച കലണ്ടര്‍ വൃത്തം ജോതിര്‍ഗോളങ്ങളുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കുന്നു. മുപ്പത് ഇടങ്ങളില്‍ ഇത്തരം നിര്‍മ്മിതികളുണ്ട്. ഈ നിര്‍മ്മിതികളുടെ തൊട്ടുതാഴെയും ശിലകള്‍ അടുക്കിയിട്ടുണ്ട്.സഹാറയിലെ ഈ ജനതയുടെ സംസ്കാരം, വിശ്വാസങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സൂചനകള്‍ ഇവയില്‍നിന്നും ലഭിക്കുന്നു.   സമകാലീനരായ നൈല്‍ നദീതീരത്തെ മറ്റുസമൂഹങ്ങള്‍ ഇത്രയും വികാസം പ്രാപിച്ചിരുന്നില്ല.

സോര്‍ഗം, ചാമ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഫലങ്ങള്‍ തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്തിരുന്നുവെന്ന് അവശിഷ്ടങ്ങള്‍ തെളിയിക്കുന്നു. ഭൂമിയുടെ അച്ചുതണ്ടിനുണ്ടായ ചാക്രികമായڔമാറ്റം മൂലമാണ് ആഫ്രിക്കയുടെ വടക്കേഭാഗത്ത് വര്‍ഷണം കുറഞ്ഞ് ആ പ്രദേശം മരുഭൂമിയായി മാറിയത്.

ആധുനിക സംസ്കൃതികളുടെ ഉദയത്തിന്‍റെ പ്രധാന ഇടം

 

സഹാറയുടെ ഈജിപ്ഷ്യന്‍ ഭാഗം ആധുനിക സംസ്കൃതികളുടെ ഉദയത്തിന്‍റെ പ്രധാന ഇടമായി പുരാവസ്തു/നരവംശശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കരുതുന്നു.   കാലാവസ്ഥാ ചക്രവും നക്ഷത്രങ്ങളുടെ ചക്രവും തമ്മില്‍ ബന്ധമുണ്ടെന്ന് നാബ്ത പ്ലായയിലെ     വാനനിരീക്ഷകര്‍ക്ക് അറിയാമായിരുന്നു.  ചില നക്ഷത്രങ്ങള്‍ നിശ്ചിത ഇടങ്ങളില്‍ ഉദിക്കുമ്പോള്‍ നല്ല വര്‍ഷണം ലഭിക്കുന്ന കാലഘട്ടങ്ങള്‍ക്കു തുടക്കമാകുന്നു എന്ന് നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കി. സഹാറയില്‍ നാടോടികളുടെ ജീവിതം നയിച്ചത് ഇതുമൂലമാണ്.   മൃതശരീരം സംരക്ഷിച്ചുവച്ചാല്‍  ആത്മാവിന് പരലോകത്ത് സമാധാനം ലഭിക്കും എന്ന പ്രാചീന ഈജിപ്തുകാരുടെ വിശ്വാസം    മരുഭൂമിയിലെ  സാവന്നയില്‍ വസിച്ചിരുന്ന നവീനശിലായുഗ ജനതയില്‍ നിന്നാണ് ഉത്ഭവിച്ചത്.       

Representative image. Photo Credits: givaga/ Shutterstock.com

ഈജിപ്തിലെ നാഗരികതയുടെ ആവിര്‍ഭാവത്തിന് നിര്‍ണായകമായ ഉത്തേജനം നല്‍കിയത് ചരിത്രാതീതകാലത്തെ ഈ സമൂഹമായിരുന്നു. ആദിമസംസ്കൃതികളൊക്കെയും നദികളുടെ തീരത്താണ്  രൂപംകൊണ്ടത്. മെസപ്പൊട്ടേമിയയില്‍ യൂഫ്രട്ടീസിന്‍റെയും ടൈഗ്രിസിന്‍റെയും തീരങ്ങളിലും ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തും, പ്രാചീന ഇന്ത്യയില്‍ സിന്ധുനദീതടത്തിലും നാഗരികതകള്‍ പടര്‍ന്നു പന്തലിച്ചു. എന്നാല്‍ കാലാവസ്ഥയിലും നദികളുടെ ജലസമ്പത്തിലും വന്ന മാറ്റങ്ങള്‍ മൂലം അവിടുത്തെ ജനത ആ പ്രദേശങ്ങള്‍ڔഉപേക്ഷിച്ച് മറ്റിടങ്ങളില്‍ കുടിയേറി.

 

ആധിപത്യം വെളിവാക്കുന്ന പരിശ്രമങ്ങൾ

 

നാബ്തയിലെ സങ്കീര്‍ണഘടനകളും മഹാശിലാനിര്‍മ്മിതികളും രൂപപ്പെടുത്തുന്നതിന് ഗണ്യമായ പരിശ്രമം വേണ്ടിവന്നു എന്നു കരുതണം. മാനവവിഭവശേഷിയുടെ മേല്‍ മതപരവും സാമൂഹികവുമായ ആധിപത്യം വെളിവാക്കുന്നതാണിത്. സഹാറയുടെ കിഴക്കന്‍ദേശങ്ങളില്‍ പലതരം ആചാരാനുഷ്ഠാനങ്ങള്‍ നടന്നിരുന്നു.  ഈജിപ്തിലെ പ്രാചീന സാമൂഹികവ്യവസ്ഥയുടെ തുടക്കം നാബ്തയില്‍ നിന്നാകാനിടയുണ്ട്. അക്കാലത്ത് സമൂഹത്തിലെ വ്യക്തികള്‍ക്ക് നിശ്ചിത സ്ഥാനമാനങ്ങള്‍ നല്കിയിരുന്നു. തുടര്‍ച്ചയായ ജലലഭ്യത ഉറപ്പാക്കാനായി വലിയ കിണറുകള്‍ കുഴിക്കാനും  ഗ്രാമങ്ങള്‍ കെട്ടിപ്പടുക്കാനും ഭാരമേറിയ ശിലകള്‍ കൊണ്ട് ജ്യോതിശാസ്ത്രഘടനകള്‍ നിര്‍മ്മിക്കാനും ക്ഷേത്രങ്ങള്‍ പണിയാനുമൊക്കെ മനുഷ്യനുമേല്‍ മറ്റു മനുഷ്യര്‍ ആധിപത്യം സ്ഥാപിച്ചാല്‍ മാത്രമേ കഴിയൂ എന്ന ചരിത്രം പറയുന്നു. 

 

പിരമിഡുകള്‍ ഇതിന്‍റെ ഒരു ഉദാഹരണമാണ്. ഫറവോമാര്‍ക്ക് മരണത്തിനുശേഷമുള്ള ജീവിതം സുഖകരമാക്കാന്‍ നിര്‍മ്മിച്ച പിരമിഡുകള്‍ക്കായി ആയിരക്കണക്കിനു ജീവനുകളാണ് ഹോമിക്കപ്പെട്ടത്. അടിമകളായിരുന്നല്ലോ വലിയ ശിലാഖണ്ഡങ്ങള്‍ വിദൂരദേശങ്ങളില്‍നിന്നും മരുഭൂമിയിലെത്തിച്ചത്.അക്കാലത്ത് സ്വത്തും അധികാരവും വ്യക്തമാക്കുന്നതായിരുന്നു കൈവശമുള്ള നാല്‍ക്കാലികളുടെ എണ്ണം. ഗ്രാമങ്ങള്‍ തമ്മില്‍ രമ്യതയില്‍ കഴിഞ്ഞുവെങ്കിലും ഇടയ്ക്കിടെ ദുര്‍ബലരായവരുടെ സ്വത്ത് ബലപ്രയോഗത്തിലൂടെ മറ്റു ഗ്രാമങ്ങളും വ്യക്തികളും സ്വന്തമാക്കി. മറ്റു പ്രാചീനസമൂഹങ്ങളിലും ഈ സ്വഭാവസവിശേഷത കാണാനാകുന്നു. ആ സ്വഭാവത്തില്‍നിന്നും നമ്മള്‍ വളരെയധികമൊന്നും മുന്നോട്ടു പോയിട്ടില്ല എന്നു തോന്നുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ദുര്‍ബലരാജ്യങ്ങളുടെ സമ്പത്തു കൈക്കലാക്കാനും   ആധിപത്യം സ്ഥാപിക്കാനുമുള്ള  പലതരം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.   

 

തുടരും