ലൈംഗിക പീഡനങ്ങൾ തുറന്നു പറഞ്ഞ്... 365 ദിവസത്തിനിടെ സംഭവിച്ചതെന്ത്?

ട്വിറ്ററില്‍ ഇപ്പോഴും തകര്‍ത്താടുന്ന മീടൂ (#MeToo) ഹാഷ്ടാഗ് പ്രതിഷേധം തുടങ്ങിയിട്ട് ഒക്ടോബര്‍ 15ന് ഒരു വര്‍ഷം തികയുകയാണ്. ഇന്ത്യയ്ക്കു സ്വന്തമായി ഒരു പേജ് ഇപ്പോള്‍ തന്നെ ഉണ്ട്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും #MeToo തുടങ്ങാമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കു മുൻപ് ഇത്തരമൊരു സാധ്യത പോലും അചിന്ത്യമായിരുന്നു എന്നോര്‍ക്കുക. 

അവിശ്വസനീയമായ രീതിയിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ന് പ്രതിഷേധങ്ങള്‍ പൊട്ടിപ്പടരുന്നത്. ഒക്ടോബര്‍ 15, 2017 നാണ് നടി അലിസ മിലാനോ (Alyssa Milano) ജോലിസ്ഥലത്തും മറ്റും ലൈംഗികപീഡനമേറ്റവര്‍ക്ക് അതു തുറന്നു പറയനാനായി ട്വിറ്ററില്‍ #MeToo തുടങ്ങുന്നത്. എന്നാല്‍, ഓര്‍ക്കേണ്ട കാര്യം ആ പേരില്‍ ഒരു സാമൂഹ്യ പ്രതിഷേധം നിലനിന്നിരുന്നു എന്നതാണ്. പക്ഷേ, അലിസ അത് ട്വിറ്ററില്‍ എത്തിച്ചതോടെ കത്തിപ്പടരുകായായിരുന്നു. അതു തുടങ്ങിയത് അവരാണ് എന്നു പറയാനാവില്ല താനും. സോഷ്യൽമീഡിയകൾ സജീവമാകും മുൻപെ, പത്ത് വര്‍ഷങ്ങള്‍ക്കു മുൻപ് തരാന ബുര്‍ക്കെ എന്ന ആഫ്രിക്കന്‍ യുവതിയാണ് മീടൂ ക്യാംപെയ്ൻ ആരംഭിച്ചത്

ജോലിസ്ഥലത്തും വെളിയിലും സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ലൈംഗീകാക്രമണങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വന്ന മീടൂ ക്യാംപെയ്ന്‍ അടക്കമുള്ള പ്രതിഷേധങ്ങലുടെ ചില സവിശേഷതകള്‍ പഠിച്ച പ്യൂറിസേര്‍ച് (pewresearch) പുറത്തുവിട്ട ചില വിവരങ്ങള്‍ നോക്കാം: 

1. മീടൂ ഹാഷ്ടാഗ് ഉപയോഗിച്ചത് 1.9 കോടി തവണ

അലിസയുടെ ആദ്യ ട്വീറ്റിനു ശേഷം, ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ഈ ഹാഷ്ടാഗ് 1.9 കോടി തവണ ട്വിറ്ററില്‍ ഉപയോഗിക്കപ്പെട്ടു. പരസ്യമായ, ആംഗല ഭാഷാ ട്വീറ്റുകള്‍ പഠിച്ച ശേഷമാണ് ഇതു പറഞ്ഞിരിക്കുന്നത്. എന്നു പറഞ്ഞാല്‍ ഒരു ദിവസത്തെ ശരാശരി ഉപയോഗം ഏകദേശം 55,319 തവണയാണ്. എന്നാല്‍ ഏറ്റവും അധികം ട്വീറ്റുകള്‍ നടന്നിരിക്കുന്നത് സെപ്റ്റംബര്‍ 9നാണ്. സിബിഎസ് കോര്‍പിന്റെ (CBS Corp) തലവനായ ലെസ്ലി മൂണ്‍വെസ് തനിക്കെതിരെ അന്നു പുറത്തു വന്ന ലൈംഗീകാരോപണ ശരങ്ങള്‍ക്കു ശേഷം തന്റെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

2. വ്യക്തി വിശേഷങ്ങളും, പ്രശസ്ത വ്യക്തികളുമായിരുന്നു മീടൂ ഹാഷ്ടാഗിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രം

മൂന്നു വ്യത്യസ്ത ചര്‍ച്ചാവിഷയങ്ങളാണ് മീടൂ ഉയര്‍ത്തിയത്. ട്വിറ്റര്‍ ഉപയോക്താവ് തനിക്കു നേരിട്ട പീഡന വിവരം പുറത്തു വിടുന്നത്; ഉപയോക്താക്കള്‍ വിനോദ വ്യവസായത്തിലെ പ്രമുഖരുടെ കാര്യം തങ്ങളുടെ ട്വീറ്റുകളിലൂടെ പുറത്തു വിടുന്നത്; ദേശീയ രാഷ്ടീയവും, രാഷ്ട്രീയക്കാരും ചില ഉപയോക്താക്കളുടെ ട്വീറ്റുകളിലൂടെ പരാമര്‍ശിക്കപ്പെടുന്നത്. ഇതില്‍ 15 ശതമാനം ഹാഷ്ടാഗുകളും പ്രശസ്തരെയും, വിനോദ വ്യവസായത്തിലെ പ്രമുഖരെയും ലക്ഷ്യം വച്ചായിരുന്നു. മറ്റൊരു 14 ശതമാനം, ഒരു വ്യക്തിയെന്ന നിലയില്‍ തനിക്കേറ്റ പരിക്കുകളെ കുറിച്ചായിരുന്നു. കൂടാതെ, 7 ശതമാനം രാഷ്ടീയക്കാരെ കുറിച്ചുമുണ്ടായിരുന്നു.

3. കൂടുതല്‍ ട്വീറ്റുകളും ഇംഗ്ലിഷില്‍

മീടൂ ഹാഷ്ടാഗിന്റെ ഏകദേശം പത്തില്‍ ഏഴു ട്വീറ്റുകളും (71 ശതമാനം) ഇംഗ്ലിഷിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇത് മറ്റ് ഭാഷകളിലും ചലനമുണ്ടാക്കി. ഏകദേശം 29 ശതമാനം പേര്‍ മറ്റു ഭാഷകളില്‍ വന്നിട്ടുണ്ട്. 

4. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈംഗിക പീഡന വാര്‍ത്തകള്‍ ലഭിച്ചിരുന്നു

അമേരിക്കയില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 65 ശതമാനം മുതിര്‍ന്നവരും പറയുന്നത് തങ്ങള്‍ക്ക് ലഭിക്കുന്ന ഉള്ളടക്കത്തില്‍ പീഡനാരോപണങ്ങളും വന്നിരുന്നുവെന്നാണ്. 

5. 2017ല്‍ ആരോപണങ്ങള്‍ പുറത്തുവന്നപ്പോള്‍, അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില മെമ്പര്‍മാര്‍ അവരുടെ ഫെയ്‌സ്ബുക് പേജില്‍ ഇവയെപ്പറ്റി പ്രതികരിച്ചിരുന്നു. ഏകദേശം 44 ശതമാനത്തോളം മെമ്പര്‍മാര്‍ ലൈംഗിക പീഡനത്തെപ്പറ്റി ഔദ്യോഗിക അക്കൗണ്ടുകളിലെ പോസ്റ്റുകളില്‍, 2017, ഒക്ടോബര്‍ 1നും, ഡിസംബര്‍ 30നുമിടയില്‍ ഒരിക്കലെങ്കിലും എഴുതിയിരുന്നു. എന്നാല്‍, വനിതാ രാഷ്ടീയക്കാരാണ് പുരുഷന്മാരെക്കാള്‍ കൂടുതലായി ഇതേപ്പറ്റി പ്രതികരിച്ചിരിക്കുന്നത്.