Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരൂരിൽ നില്ല്... നില്ല്... ചുവടുകൾ തല്ലായി; ടിക് ടോക് ഡാൻസ് നിയന്ത്രിച്ചില്ലെങ്കിൽ ദുരന്തമാകും!

nillu_nillu-tik-tok

തിരൂരിൽ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങൾക്ക് മുന്നിൽ ടിക് ടോക് ചലഞ്ച് ഡാൻസ് ചെയ്തത് ചോദ്യംചെയ്തതിന് വിദ്യാർഥികൾ നാട്ടുകാരെ ആക്രമിച്ചു. ആക്രമണത്തിൽ എട്ടു പേർക്ക് പരുക്കേറ്റു. കല്ലേറിൽ സമീപത്തെ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന സ്ത്രീക്ക് പരുക്കേറ്റു. വിദ്യാർഥികൾക്കും പരുക്കുകളുണ്ട്.

വെള്ളിയാഴ്ച തിരൂർ അന്നാരയിലെ കോളജ് പരിസരത്തെ റോഡിലാണ് വിദ്യാർഥികൾ നില്ല്... നില്ല്... ചലഞ്ച് ഡാൻസിനിറങ്ങിയത്. ഡാൻസ് ചെയ്തതിനെ നാട്ടുകാർ ചോദ്യം ചെയ്ത് വിദ്യാർഥികളെ പിരിച്ചുവിട്ടു. ഇതിനു പ്രതികാരമായി തിങ്കളാഴ്ച രാവിലെ ചിലർ വടിയും മാരകായുധങ്ങളും ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അക്രമത്തിനിടെ കല്ലേറിൽ പരിസരത്തെ സ്ഥാപനത്തിന്റെ ചില്ലു തകർന്നാണ് ജോലിക്കാരിയായ അന്നാര സ്വദേശി സുജാതയ്ക്ക് പരിക്കേറ്റത്.

ടിക് ടോകിലും അതുവഴി ഫെയ്സ്ബുക്കിലും വാട്സാപ്പിലും പോസ്റ്റു ചെയ്യാനാണ് ഇത്തരം വിഡിയോകൾ ഷൂട്ടു ചെയ്യുന്നത്. എന്നാൽ റോഡിലെ ഇത്തരം അപകട ചുവടുകൾ മിക്ക സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് തലവേദനയായിട്ടുണ്ട്. നില്ല്.. നില്ല്... ചലഞ്ച് ഏറ്റെടുത്ത് റോഡിൽ പാട്ടിന് ചുവട് വെക്കുന്ന യുവാക്കൾ വാഹനങ്ങൾക്കും യാത്രക്കാർക്കും വൻ തലവേദനയാകുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും ഗതാഗതക്കുരുക്കും സംഘർഷവുമുണ്ടാകാൻ ഇത് കാരണമാകുന്നു.

ടിക് ടോക് ഡാൻസുകൾ ദുരന്തമാകുമെന്ന് മുന്നറിയിപ്പ്, നിയന്ത്രിച്ചില്ലെങ്കിൽ...

ഫെയ്സ്ബുക്കും വാട്സാപ്പും വിട്ട് യുവതി യുവാക്കൾ ഇപ്പോൾ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ലോക്കിൽ ഫോളവേഴ്സിനെ കിട്ടാൻ ലക്ഷ്യമിട്ട് കൗമാര പ്രായക്കാർ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ ഇപ്പോൾ നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. ടിക് ടോക് ഡാൻസിനെതിരെ മുന്നറിയിപ്പുമായി പൊലീസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ടിക് ടോക് ഡാൻസുകൾക്കെതിരെ മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാട്ടുകാരെ കളിയാക്കിയും വ‍ഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകർത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയാണ്. ടിക് ടോക്കിൽ ഹിറ്റായ ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ..’ എന്ന ജാസി ഗിഫ്റ്റിന്റെ ഇൗ പാട്ട് പുനരാവിഷ്കരിക്കുന്നത് അൽപം കടന്ന മാർഗത്തിലാണെന്ന് മാത്രം. വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് യുവാക്കളും യുവതികളും ടിക് ടോക്ക് വിഡിയോ പകർത്തുന്നത്. തടഞ്ഞുനിർത്തുന്നതിൽ പൊലീസ് വാഹനങ്ങൾ പോലുമുണ്ടെന്നുള്ളതാണ് സത്യം.

നില്ല് നില്ല് ചലഞ്ച്; കേരള പൊലീസിന്റെ മുന്നറിയിപ്പ്

ഫെയ്സ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വിഡിയോ ബ്രോഡ്കാസ്റ്റിങ് ആപ്പുകൾ. വിഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ടിക്ടോകിൽ ബാക്ഗ്രൗണ്ടാക്കി കൈയ്യിൽ ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡാക്കി ധാരാളം അനുകരണങ്ങൾ നടന്നു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കിൽ പിന്നീടത് പ്രൈവറ്റ് വാഹനങ്ങൾക്കും ഫോർ വീലറുകൾക്കും മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോൾ. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

ഓർക്കുക.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...#keralapolice

related stories