ഫെയ്സ്ബുക്കിന്റേത് 'കൊടുംചതി'; പാവം ജനങ്ങൾ, സ്വകാര്യതയ്ക്ക് പുല്ലു വിലയോ?

ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും ഫെയ്സ്ബുക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം. ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്ന ഉപയോക്താക്കളുടെ മതം, ഡേറ്റിങ് പ്രൊഫൈല്‍, ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഫെയ്സ്ബുക്കുമായി പങ്കുവെക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജര്‍മന്‍ മൊബൈല്‍ സുരക്ഷാ കമ്പനിയായ മൊബൈല്‍സിഷറാണ് കണ്ടെത്തലിന് പിന്നില്‍.

മത വിശ്വാസവുമായി ബന്ധപ്പെട്ടുള്ള ബൈബിള്‍+ ഓഡിയോ, മുസ്ലിംപ്രോ ആരോഗ്യ സംബന്ധമായ പ്രഗ്നന്‍സി +, മൈഗ്രെന്‍ ബഡ്ഡി ഡേറ്റിങ് ആപ്പുകളായ OkCupid, ടിന്‍ഡര്‍ എന്നിവയാണ് മൊബൈല്‍സിഷര്‍ പരിശോധിച്ചത്. ഈ ആപ്ലിക്കേഷനുകളില്‍ നിന്നെല്ലാം ഫെയ്സ്ബുക് വിവരങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 30 ശതമാനം ആപ്ലിക്കേഷനുകളും ഇത്തരത്തില്‍ ഫെയ്സ്ബുക്കുമായി സ്വകാര്യ വിവരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്താറുണ്ടെന്ന ഗുരുതര ആരോപണവും മൊബൈല്‍സിഷര്‍ ഉന്നയിക്കുന്നുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ക്ക് പുറമേ ഏതെല്ലാം ആപ്ലിക്കേഷനുകള്‍ എപ്പോഴെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും എത്ര സമയം ആപ്ലിക്കേഷനുകളില്‍ ചിലവഴിക്കുന്നുവെന്നുമുള്ള വിവരങ്ങളും ഫെയ്സ്ബുക് ശേഖരിക്കുന്നുണ്ട്.

ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവരകൈമാറ്റത്തെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടാകുന്നില്ല. ഇത്തരം വിവരകൈമാറ്റത്തെക്കുറിച്ച് ആപ്ലിക്കേഷന്‍ അധികൃതരുമായി മൊബൈല്‍സിഷര്‍ ബന്ധപ്പെട്ടു. അപ്പോള്‍ ഇത്തരം വിവരങ്ങള്‍ ഫെയ്സ്ബുക് അജ്ഞാതമാക്കി വെക്കുമെന്നാണ് കരുതിയതെന്ന മറുപടിയാണ് ലഭിച്ചത്.

ഫെയ്സ്ബുക്കിന്റെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കിറ്റ് വഴിയാണ് അവര്‍ ഈ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. മറ്റ് ആപ്ലിക്കേഷനുകള്‍ ഫെയ്സ്ബുക് വഴി ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കിറ്റ്. സാധാരണ ഉപയോക്താക്കള്‍ കണ്ണുമടച്ച് ഫെയ്സ്ബുക് വഴി ആപ്ലിക്കേഷനുകളിലേക്ക് ലോഗിന്‍ ചെയ്യാറാണ് പതിവ്. അങ്ങനെ ചെയ്യുമ്പോഴാണ് ഡേറ്റ ചോരുന്നതെന്നാണ് കരുതുന്നത്.

ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ ആപ്പിലെ യൂസേഴ്‌സ് ആക്ടിവിറ്റിയുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിന് കൈമാറും. പകരം ഫെയ്സ്ബുക് ഉപയോക്താക്കള്‍ ഏത് ലൊക്കേഷനില്‍ നിന്നാണ് ക്ലിക്ക് ചെയ്തത്, എത്രസമയം ഈ ആപ് ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങള്‍ നല്‍കും. ഈ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് ഉപയോക്താവ് അറിയുന്നില്ലെന്നതാണ് ഏറ്റവും പ്രധാന വിമര്‍ശനമായി ഉയരുന്നത്.

ഉപയോക്താക്കളുടെ ഐപി വിലാസവും അഡ്വെടൈസിങ് ഐഡി വരെയും ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ വഴി ഫെയ്സ്ബുക്കിന് ലഭിക്കുന്നുണ്ട്. സാധാരണഗതിയില്‍ അഡ്വെടൈസിങ് ഐഡി പൊതുവേ രഹസ്യമാണെന്ന ധാരണയും തെറ്റാണെന്നും മൊബൈല്‍സിഷര്‍ പറയുന്നു. ഓരോ ഉപകരണത്തിനും വ്യത്യസ്ഥമായ ഗൂഗിള്‍ പ്ലേ സര്‍വീസ് നല്‍കുന്ന അഡ്വെടൈസിങ് ഐഡിയുണ്ട്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഈ അഡ്വെടൈസിങ് ഐഡി ആപ് നിര്‍മാതാക്കള്‍ക്ക് കാണാനാകും. ഈ സൗകര്യമാണ് ഫെയ്സ്ബുക് ദുരുപയോഗം ചെയ്യുന്നത്.

ഓരോ ഉപയോക്താക്കളെയും കൂടുതല്‍ കൃത്യതയോടെ മനസ്സിലാക്കാനാണ് ഫെയ്സ്ബുക് ഇതുപയോഗിക്കുന്നത്. അതുവഴി ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ കാണിക്കാനാകും. അതേസമയം, പ്രെഗ്നന്‍സി പ്ലസും ഡേറ്റിങ് ആപ്ലുകളും പോലുള്ളവയില്‍ നിന്നുള്ള സ്വകാര്യ വിവരങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു.