ഫെയ്‌സ്ബുക് പലര്‍ക്കും ഒരാസക്തി തന്നെയാണ്. പെട്ടെന്നൊരു ദിവസം ഫെയ്‌സ്ബുക് ഉപയോഗം പൂര്‍ണ്ണമായി നിർത്തിയാല്‍ എന്തു സംഭവിക്കും? മദ്യാസക്തനുണ്ടാകുന്ന വിത്‌ഡ്രോവല്‍ സിംപ്റ്റം പോലെയുള്ള എന്തെല്ലാം പ്രശ്‌നങ്ങളായിരിക്കാം ഫെയ്‌സ്ബുക് ഉപയോക്താവിനു നേരിടേണ്ടി വരിക? ഫെയ്‌സ്ബുക് ഉണ്ടാക്കിയ സമീപകാല വിവാദങ്ങള്‍ പലതും പലരെയും ഈ സര്‍വീസ് നിർത്താൻ പ്രേരിപ്പിക്കുന്നതാണ്. ഫെയ്‌സ്ബുക്കില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തിറങ്ങിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് വരിക എന്ന് അമേരിക്കയിലെ 2,844 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സ്റ്റാന്‍ഫെഡ്, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ് ഈ പഠനത്തിനായി മുന്നോട്ടു വന്നത്. 2018ലെ മിഡ് ടേം ഇലക്‌ഷനു മുൻപാണ് ഈ പഠനം നടത്തിയത്. ഈ പഠനത്തിന്റെ ഭാഗമായി ഒരുമാസത്തേക്ക് ഫെയ്‌സ്ബുക് ഉപയോഗം നിർത്താനാണ് ഇതില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടത്. പങ്കെടുത്തവര്‍ക്ക് വിശദമായ ചോദ്യാവലി നല്‍കിയിരുന്നു. ദിനചര്യ, രാഷ്ട്രീയ ചായ്‌വ്, മനോനില എന്നിവയെക്കുറിച്ചും മാസം മുഴുവന്‍ അവര്‍ ഉത്തരങ്ങള്‍ നൽകിയിരുന്നു. ഈ സര്‍വെയില്‍ പങ്കെടുത്തവരില്‍ പലരും വലിയ രാഷ്ട്രീയ ബോധം ഉള്ളവരല്ലായിരുന്നു. 

വ്യക്തിയും സമൂഹമാധ്യമങ്ങളും

സമൂഹമാധ്യമങ്ങളുടെ കടന്നു കയറ്റം സമൂഹത്തില്‍ വന്‍ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇവ സമൂഹങ്ങള്‍ക്ക് ഗുണകരമാകുമെന്നായിരുന്നു വിശ്വാസം. പക്ഷേ, ചിലപ്പോഴെങ്കിലും ഇവ ആസക്തിയും വിഷാദവും രാഷ്ട്രീയ ചേരിതിരിവും മുൻപെങ്ങും ഇല്ലാത്ത രീതിയില്‍ വളര്‍ത്തിയെന്നും പറയുന്നു. പുതിയ ചര്‍ച്ചകള്‍ പ്രകാരം സമൂഹമാധ്യമങ്ങള്‍ ഒരുപറ്റം ദോഷങ്ങളും സമൂഹത്തിലേക്ക് എത്തിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. വ്യക്തിയുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ അമിതമായ സമൂഹമാധ്യമ ഉപയോഗം പലരിലും രോഗകാരണമാകുന്നുണ്ടോ എന്നും സംശയങ്ങളുണ്ടാക്കി.

സ്മാര്‍ട് ഫോണുകളും സോഷ്യല്‍ മീഡിയയും സജീവമായ കാലഘട്ടത്തില്‍ ആത്മഹത്യയുടെയും വിഷാദ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തലുകള്‍

പഠനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. കൂടുതല്‍ സമയം കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ചിലവഴിക്കാനായി. മനോനില മെച്ചപ്പെട്ടു, ജീവിത സംതൃപ്തി കൂടി, ഇതൊന്നുമല്ലാതെ ദിവസം ഒരു മണിക്കൂര്‍ അധികമായി തങ്ങള്‍ക്കു ലഭിക്കുന്നതായും തോന്നിയെന്നാണ് പൊതുവെയുള്ള അഭിപ്രായം. സൈറ്റിലെ ഇടപാടുകള്‍ വേണ്ടന്നു വച്ചതെ 100 ഡോളറെങ്കിലും പ്രതിമാസം പല രീതിയില്‍ ലഭിച്ചുവെന്നും ചിലര്‍ അവകാശപ്പെട്ടു.

ഫെയ്‌സബുക് ഡീ ആക്ടിവേറ്റു ചെയ്തതോടെ ഇതര ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും വളരെ കുറഞ്ഞതായി പലരും വെളിപ്പെടുത്തി. കൂടുതല്‍ സമയം ടിവി കാണാനും കുടുംബാംഗങ്ങളടക്കമുള്ളവരോടൊത്ത് സമയം ചിലവഴിക്കാനുമടക്കമുളള ഓഫ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ വര്‍ധിച്ചു. രാഷ്ട്രീയപരമായ കുത്തിത്തിരിപ്പുണ്ടാക്കുന്ന പ്രശ്നക്കാരുടെ നിരന്തര ആക്രമണത്തില്‍ നിന്ന് മാറാനായതോടെ മനസ്സു തണുത്തു. എല്ലാറ്റിലുമുപരി ഫെയ്‌സ്ബുക് ഡീ ആക്ടിവേറ്റു ചെയ്തപ്പോള്‍ മുതല്‍ ദിവസവും 60 മിനിറ്റിനു മേലെ ലാഭിക്കാനാകുന്നുവന്ന തോന്നലും പലരിലുമുണ്ടായി.

പഠനത്തിന്റെ മറ്റൊരു കണ്ടെത്തല്‍ മനോവിഷമുള്ള ടീനേജ് പെണ്‍കുട്ടികള്‍ സാന്ത്വനത്തിനായി സോഷ്യല്‍ മീഡിയ ഉപയോഗിച്ചേക്കാം എന്നാതാണ്. പഠനത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് ഫെയ്‌സ്ബുക്കിന്റെ ഒരു പ്രസ് ഓഫിസര്‍ പ്രതികരിച്ചത് പല പഠനങ്ങളില്‍ ഒന്നുമാത്രമാണ് ഇതെന്നാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ചില ഗുണങ്ങള്‍ പോലെ തന്നെ ദോഷങ്ങളുമുണ്ട് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ അഡിക്റ്റുകള്‍ മയക്കുമരുന്നിന് അടിമകളായവരെ പോലെ പെരുമാറുന്നു. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളെ അമിതമായി ആശ്രയിക്കുന്നവരില്‍ ഇതു കാണാം. ഈ കണ്ടെത്തലുകള്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കടുത്ത സാമൂഹ്യ മാധ്യമ അഡിക്ഷന്‍ ഉള്ളവരെ ചികിത്സിക്കുന്നതില്‍ ഉപകരിക്കുമെന്നു കരുതുന്നു. സമൂഹമാധ്യമ ആസക്തിയുള്ള ചില ഉപയോക്താക്കള്‍ക്ക് സ്വയം കരുതലെടുക്കാനും ഇത് ഉപകരിച്ചേക്കും.