ആധാർ ഇല്ലെങ്കിൽ മൊബൈൽ നമ്പർ നഷ്ടമാകും, കോടതി ഉത്തരവ് നടപ്പാക്കും

ആധാർ കാർഡ് ഇല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്ന ഫോൺ കണക്ഷണുകൾ നഷ്ടമാകും. പുതിയ സിം എടുക്കണമെങ്കിലും ആധാർ നിർബന്ധമാക്കുകയാണ്. നിലവിലുള്ള എല്ലാ മൊബൈൽ ഫോൺ വരിക്കാരുടെയും ആധാർ അടിസ്ഥാനത്തിലുള്ള കെവൈസി (നോ യുവർ കസ്റ്റമർ) 2018 ഫെബ്രുവരിക്കു മുൻപു പൂർത്തിയാക്കണമെന്നു ടെലികോം വകുപ്പ് എല്ലാ മൊബൈൽ ഫോൺ സേവനദാതാക്കൾക്കും അയച്ച ഉത്തരവിൽ പറയുന്നു. ഇതിനായി കേന്ദ്ര ടെലികോം മന്ത്രാലയം ശക്തമായ നടപടി തുടങ്ങി കഴിഞ്ഞു.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും പാൻ നമ്പറിനും ആധാർ നിർബന്ധമാക്കിയതിനു പിന്നാലെയാണു കേന്ദ്രസർക്കാർ മൊബൈൽ ഫോണിനും ആധാർ ഏർപ്പെടുത്തുന്നത്. സുപ്രീം കോടതി ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനു പുറപ്പെടുവിച്ച ഉത്തരവിൽ രാജ്യത്തെ എല്ലാ മൊബൈൽ ഫോണിനും ആധാർ അടിസ്ഥാനമായ കെവൈസി ഏർപ്പെടുത്താൻ നിഷ്കർഷിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടിയെക്കുറിച്ചു ചർച്ചചെയ്യാൻ ടെലികാം വകുപ്പും യുഐഡിഎഐ, ട്രായി എന്നിവയുടെ പ്രതിനിധികളും ചേർന്നു നടത്തിയ യോഗത്തിലാണ് ആധാർ നിർബന്ധമാക്കാൻ തീരുമാനിച്ചത്.