ദക്ഷിണകൊറിയക്കും അമേരിക്കയ്ക്കും പണികൊടുത്തത് കിമ്മിന്റെ രഹസ്യ സേന ബ്യൂറോ 121

അമേരിക്ക/ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ചോർത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉത്തര കൊറിയയുടെ ഹാക്കർമാരാണ് ഇവ ചോർത്തിയതെന്ന് ആരോപിച്ച് ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗം റീ ഛിയാൾ–ഹീ രംഗത്തെത്തി. 

ഡിഫൻസ് ഇന്റഗ്രേറ്റഡ് ഡേറ്റാ സെന്ററിൽനിന്നാണ് 235 ജിബി സൈനിക രേഖകൾ ചോർന്നത്. ഇതിൽ 80 ശതമാനത്തോളം രേഖകളും ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹാക്കർമാർ ഇതു ചോർത്തിയത്. മേയിൽ ഉത്തര കൊറിയൻ ഹാക്കർമാർ വലിയതോതിൽ രേഖകൾ ചോർത്തിയതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തിയെങ്കിലും ഏതൊക്കെയെന്നു പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഈ ആരോപണം ഉത്തര കൊറിയ നിഷേധിച്ചിരുന്നു.

പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണ് ഈ വിവരം ചോർന്നത്. ചോർത്തിയത് കിം ജോങ് ഉന്നിന്റെ രഹസ്യ സൈബർ സേനയാണെന്നാണ് ആരോപണം. നിരവധി തവണ ലോകത്തിന് തന്നെ തലവേദനയായ സൈബർ സംഘമാണ് ഉത്തരകൊറിയയുടേത്.

ലോകത്തെ ഒട്ടുമിക്ക വൻ സൈബർ കൊള്ളകൾക്കും വൈറസ് ആക്രമണങ്ങൾക്കും പിന്നിൽ ഉത്തരകൊറിയൻ സൈബർ സേനകളാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഉത്തരകൊറിയയുടെ രഹസ്യ സൈബർ സൈന്യമാണ് ബ്യൂറോ 121. രാജ്യത്ത് പട്ടിണിയാണെങ്കിൽക്കൂടി ഇക്കൂട്ടർക്ക് സഹായം നൽകുന്നതിൽ ഒരു മുടക്കവും വരുത്തില്ല സർക്കാർ. ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നൽകുന്നതും ഈ സൈബർ കൊള്ളക്കാരാണ്. ഉത്തരകൊറിയൻ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബർ സെല്ലിൽ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടർ വിദഗ്‌ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താനും അവരുടെ കംപ്യൂട്ടർ ശൃംഖലകൾ തകർക്കാനും ബ്യൂറോ 121നെ സർക്കാർ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ കാര്യമാണ്. 

എല്ലായിപ്പോഴും സൈബർ യുദ്ധത്തിലെ ഉത്തരകൊറിയയുടെ പ്രധാന എതിരാളി ബദ്ധശത്രുവായ ദക്ഷിണകൊറിയ തന്നെ. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്‌കാസ്‌റ്റിങ് സ്‌ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകർത്ത സൈബർ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ് കരുതപ്പെടുന്നത്. അതിനു തൊട്ടുപിറകെ ദക്ഷിണകൊറിയൻ സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. അവിടത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വരെ ഹാക്ക് ചെയ്യപ്പെട്ടെന്നു മാത്രമല്ല, അതിൽ ‘കിം ജോങ് ഉൻ നീണാൽവാഴട്ടെ...’എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടു. അമേരിക്കയോടുള്ള ഉത്തരകൊറിയൻ വിരുദ്ധതയുടെ കാരണവും പകൽപോലെ വ്യക്‌തം. 1950-53ലെ കൊറിയൻ യുദ്ധത്തിൽ അമേരിക്ക ദക്ഷിണകൊറിയയോടൊപ്പം ചേർന്നപ്പോൾ മുതൽ തുടങ്ങിയതാണ് ഈ പക. പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വരവുകൂടിയായതോടെ പക വീണ്ടും ഇരട്ടിയായി. 

എങ്ങനെ ബ്യൂറോ 121ൽ ചേരാം? 

കോളജ് പ്രായമാകുന്നതോടെ തന്നെ വിദ്യാർഥികൾക്ക് ഉത്തരകൊറിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഹാക്കിങ് പാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങും. അവരിൽ താൽപര്യമുള്ളവരെ തിരഞ്ഞെടുത്താണ് പ്രത്യേക പരിശീലനം നൽകുക. മിലിറ്ററി കോളജ് ഓഫ് കംപ്യൂട്ടർ സയൻസിൽ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിലായി മറ്റു വിദ്യാർഥികൾക്കൊപ്പമായിരിക്കും ഇവരിൽ ചിലരുടെ പരിശീലനം. ഉത്തരകൊറിയയുടെ തലസ്‌ഥാനമായ പ്യോങ്യാങ്ങിലെ ക്യാംപസിലുമുണ്ട് പഠനം. കനത്തകാവലോടെ, മുള്ളുവേലി കൊണ്ട് സംരക്ഷണകവചം തീർത്ത ക്യാംപസാണിതെന്നു പറയുമ്പോൾതന്നെ അറിയാമല്ലോ ഗൗരവകരമായ എന്തോ ആണ് അകത്ത് നടക്കുന്നതെന്ന്. ‘അൺ എത്തിക്കൽ’ ഹാക്കിങ് രീതികളായിരിക്കും ഇവിടെ പഠിപ്പിക്കുക. വർഷംതോറും 2500 വിദ്യാർഥികളെങ്കിലും ബ്യൂറോ 121ലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള കോഴ്‌സിൽ ചേരാനെത്തുന്നുണ്ട്. എന്നാൽ പല തലങ്ങളിലെ അന്വേഷണത്തിനു ശേഷമാണ് തങ്ങൾക്കു ചേർന്നവരെ സൈന്യം തിരഞ്ഞെടുക്കുകയെന്നു മാത്രം. 

ശമ്പളം, ഉന്നതപദവി: ഉത്തരകൊറിയ ഹാക്കർമാരുടെ സ്വർഗം  

ബ്യൂറോ 121ൽ എത്തിക്കഴിഞ്ഞാൽ മികച്ച ശമ്പളം, സമ്മാനങ്ങൾ, സമൂഹത്തിൽ ഉന്നതപദവി ഇതെല്ലാം ഉറപ്പ്. സൈന്യത്തിൽ തന്നെ ഉയർന്ന റാങ്കുമുണ്ട്. നിലവിൽ 1800 പേർ ബ്യൂറോ 121ൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. സൈന്യത്തിനു കീഴിലെ ഈ വിഭാഗത്തിന്റെ പ്രധാന ആയുധം പക്ഷേ കംപ്യൂട്ടറാണ്. ഒളിപ്പോരായതിനാൽ ‘രഹസ്യയോദ്ധാക്കൾ’ എന്നാണ് ഈ സംഘാംഗങ്ങളുടെ വിളിപ്പേരു തന്നെ. യൂണിവേഴ്‌സിറ്റി ഓഫ് ഓട്ടോമേഷനിൽ നിന്ന് അഞ്ച് വർഷത്തെ പഠനത്തിനു ശേഷം പുറത്തിറങ്ങുന്നവരിൽ പ്രതിവർഷം 100 പേരെങ്കിലും ബ്യൂറോ 121ൽ എത്തും. ഇവരിൽ ചിലർ വിദേശരാജ്യങ്ങളിലെ ഉത്തരകൊറിയൻ കമ്പനികളിൽ സാധാരണക്കാരെപ്പോലെ ജീവിക്കുന്നുണ്ട്. എന്നാൽ അവിടങ്ങളിലെ സൈബർ വിവരങ്ങൾ ചോർത്തലാണ് പ്രധാനജോലി. ഇക്കാര്യം അതീവ രഹസ്യവുമാണ്. അതേസമയം, വിദേശത്ത് ജോലി ചെയ്യുന്ന ബ്യൂറോ 121 അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഉത്തരകൊറിയയിൽ സർക്കാർ വൻ ആനുകൂല്യങ്ങളും ആഡംബര താമസവുമെല്ലാമാണ് ഒരുക്കി നൽകുന്നത്.