ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായ് എയർപോർട്ട്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ദുബായ് എയർപോർട്ട് വഴി വരുന്നതും പോകുന്നത്. മിക്കവരും ടൂറിസ്റ്റുകൾ. യാത്രാക്കാരുടെ സുരക്ഷയ്ക്കും സേവനങ്ങൾക്കുമായി ദുബായ് അത്യാധുനിക സംവിധാനങ്ങളാണ് ദിവസവും നടപ്പാക്കുന്നത്.
സാങ്കേതിക രംഗത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് ദുബായ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം എയർപോർട്ടിൽ ഇ-ഗേറ്റുകൾക്ക് പകരം സ്മാർട്ട് ടണലുകൾ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അതായത് യാത്രക്കാരുടെ പരിശോധനകൾക്ക് ഇനി പാസ്പോർട്ടിന് പകരം സ്മാർട്ട്ഫോണുകൾ മതിയാകുമെന്ന് ചുരുക്കം.
കടമ്പകൾക്കു മുൻപിൽ കാത്തുനിൽക്കാതെ 'ഈസി യാത്രയ്ക്ക്' വഴിയൊരുക്കുന്നതാണ് പുതിയ ടെക്നോളജി. സ്മാർട്ട് ടണൽ എന്നാണ് ഇതിനെ വിളിക്കുന്നത്. ചെറിയ ടണലിലൂടെ നടന്നു കഴിയുമ്പോഴേക്കും എമിഗ്രേഷൻ നടപടികൾ പൂർത്തിയായിരിക്കും. യാത്രക്കാരുടെ ദേഹപരിശോധനകൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. എമിറേറ്റ്സ് ഐഡി ഉപയോഗിച്ചു ഇ– ഗേറ്റ് വഴി വീസാ നടപടികൾ പൂർത്തിയാക്കാനുള്ള സംവിധാനവും ചാടിക്കടന്നാണു ലോകത്താദ്യമായി ഇത്തരമൊരു സാങ്കേതികവിദ്യയുടെ ‘ടേക് ഓഫ്’ ടണൽ യാഥാർഥ്യമാകുന്നത്.
അതിനൂതന ബയോമെട്രിക് സംവിധാനമാണു ഇതിനായി ഒരുക്കിയിരിക്കുന്നത്. ടണലിനു മുൻപിൽ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗത്തുനിന്നു മുകളിലായി സ്ഥാപിച്ച ചെറിയ സ്ക്രീനിലേക്കു നോക്കിയാൽ പൂർണവിവരങ്ങൾ ലഭ്യമാകുന്ന സംവിധാനമാണിത്. വിരലടയാളങ്ങളും നേത്രയടയാളങ്ങളുമെല്ലാം നിമിഷങ്ങൾക്കകം സ്കാൻ ചെയ്യുന്നു. യാത്രാനുമതി സൂചിപ്പിക്കുന്ന പച്ചനിറം ടണലിൽ തെളിയുന്നതോടെ യാത്രക്കാരനു കടന്നുപോകാം. പാസ്പോർട്ടോ തിരിച്ചറിയൽ കാർഡോ ഇതിനാവശ്യമില്ല.
എല്ലാറ്റിനും കൂടി പരമാവധി 15 സെക്കന്റ് മാത്രം. ഭാവിയുടെ നഗരത്തിലെ യാത്രകളും സ്മാർട് ആക്കുന്നതിന്റെ ഭാഗമാണിതെന്ന് എമിഗ്രേഷൻ വിഭാഗത്തിലെ അമർ റാഷിദ് അൽ മെഹൈരി പറഞ്ഞു. തുടക്കത്തിൽ ടെർമിനൽ ത്രീയിലായിരിക്കും സ്മാർട്ട് ടണൽ സജ്ജമാക്കുക. പിന്നീട് മറ്റ് ടെർമിനലുകളിലും നടപ്പാക്കും.
ഇത്തരത്തിലുളള സംവിധാനം ലോകത്തില്‍ ആദ്യമായാണെന്ന് യുഎഇ ന്യൂസ് ഏജന്‍സിയായ WAM റിപ്പോര്‍ട്ട് ചെയ്യുന്നു. എമിറ്റേഴ്‌സ് ഐഡി, യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, ഇ-ഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍ എന്നിവ എല്ലാം സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ദുബായ് എയർപോർട്ടിലെ പുതിയ ടെക്നോളജി ആസ്വദിക്കാന്‍ സ്മാർട്ട് വോലറ്റ് ആപ്പ് ഐട്യൂൺസ്, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
UAEWallet ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു
∙ ഇ–ഗേറ്റിന് പകരം സ്മാര്‍ട്ട് ടണൽ
∙ സ്മാര്‍ട്ട് UAEWallet ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
∙ എയർപോർട്ടിലെ സ്മാര്‍ട്ട് ടണൽ തുറക്കാനായി ആപ്പിലെ ബാര്‍കോഡ് ഉപയോഗിക്കുക
∙ നിങ്ങളുടെ ഫിങ്കര്‍ സ്‌കാന്‍ ചെയ്യുക
∙ ശേഷം ഒരു ചെറിയ ടണലിലൂടെ നടന്നു പോകുമ്പോള്‍ ഫേഷ്യല്‍ റിക്കഗ്നിഷനും ഐറിസ് സ്കാനിങ്ങും നടക്കും
∙ ഇവിടെ പാസ്‌പോര്‍ട്ട് കാണിക്കേണ്ട, സ്മാർട്ട് ആപ്പ് വഴി വെരിഫിക്കേഷന്‍ ചെയ്യാനാകും