24 മണിക്കൂറും കൊണ്ടുനടക്കുന്ന ഒന്നാണ് സ്മാർട് ഫോൺ. ഇതിനാൽ തന്നെ സ്മാർട് ഫോൺ ബാറ്ററി ആയുസ് വർധിപ്പിക്കാനുള്ള വഴിയും തേടേണ്ടതുണ്ട്. പവർ ബാങ്കും മറ്റു ചാർജിങ് സംവിധാനങ്ങളും ഉണ്ടെങ്കിലും മിക്ക സ്മാർട് ഫോണുകളിലും ചാർജ് വേണ്ടത്ര നിൽക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഇതിനൊരു പരിഹാരം സൂക്ഷിച്ച് ഉപയോഗിക്കുക എന്നത് മാത്രമാണ്. എത്ര മാത്രം ബാറ്ററി ചാര്‍ജ് കുറച്ചുപയോഗിക്കുന്നോ അത്രത്തോളം കാലം ബാറ്ററി കേടു കൂടാതെ നിലനിൽക്കും. ബാറ്ററിയുടെ ആയുസ് അളക്കുന്നതു ചാര്‍ജിങ് സൈക്കിളുകളുടെ എണ്ണത്തിലാണ്. സൈക്കിളുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ മാത്രമേ ബാറ്ററി ആയുസ് കൂട്ടാനാവു. ബാറ്ററി ചാർജ് നഷ്ടപ്പെടാതെ സഹായിക്കാൻ ഈ പൊടിക്കൈകൾ സഹായിക്കും.
1. വൈബ്രേഷന്‍ ഓഫാക്കുക
റിംഗ്ടോണ്‍ ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ വൈബ്രേഷന്‍ മാത്രം ശരണം. റിംഗ്ടോണുകളേക്കാള്‍ കൂടുതല്‍ ബാറ്ററി ചാര്‍ജു വൈബ്രേഷൻ ഉപയോഗിക്കും. കഴിവതും റിംഗ്ടോണ്‍ ഉപയോഗിക്കുക. റിംഗ് ടോണിനൊപ്പമൊ റിങ് ടോണിനു മുൻപോ വൈബ്രേഷൻ ഉപയോഗിക്കുന്നതു സാധാരണ പ്രവണതയാണ്. ഇതും ഒഴിവാക്കുക.
2. ഹൈ ബ്രൈറ്റ്നെസ് ഒഴിവാക്കുക
ബ്രൈറ്റ്നെസ് കൂടുന്നതിന് ആനുപാതികമായി ബാറ്ററി ചാര്‍ജും തീരുന്നു. ലോ ബ്രൈറ്റ്സ് ഉപയോഗിക്കുന്നതു ബാറ്ററി ആയുസു കൂട്ടും. പക്ഷേ ഇതു കണ്ണിനു ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. മിതമായ ബ്രൈറ്റ്നെസ് ഉപയോഗിക്കുക.
3. കുറഞ്ഞ സ്ക്രീന്‍ ടൈംഔട്ട്
ഐഫോണ്‍ മോഡലുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും സെറ്റു ചെയ്യാനാവുന്ന ടൈംഔട്ട് സമയങ്ങൾ വ്യത്യാസമുണ്ട്. ഇരു മോഡലുകളിലും ലഭ്യമായതിൽ ഏറ്റവും താഴ്ന്ന ടൈംഔട്ട് സെറ്റു ചെയ്യുക. ഇതിലൂടെ അൽപം ചാര്‍ജു സംരക്ഷിക്കാം.
4. ബ്ളൂടൂത്ത്, വൈഫൈ അനാവശ്യ ഉപയോഗം വേണ്ട
ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയവ ഉപയോഗത്തിൽ അല്ലാത്തപ്പോൾ ഓഫാക്കുക. ഇത്തരത്തിൽ ഓണായിരിക്കുമ്പോൾ ഇവ ചെറിയ അളവിൽ ചാര്‍ജു ഉപയോഗിക്കുന്നു. ഓഫാക്കിയാൽ ഈ ചെറിയ അളവു ചാർജു നഷ്ടപ്പെടാതെ സൂക്ഷിക്കാം.
5. ലൊക്കേഷന്‍ സര്‍വ്വീസിന്റെ ഉപയോഗം നിയന്ത്രിക്കുക
ലൊക്കേഷന്‍ സര്‍വ്വീസ് സേവനം കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ നിയന്ത്രിച്ചു മാത്രം ഉപയോഗിക്കുക. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കു പവറിന്റെ അളവു സെറ്റുചെയ്യാനാകും. ആവശ്യമില്ലാത്ത അവസരങ്ങളില്‍ ബാറ്ററി സേവിംഗ്സ് മോഡില്‍ ലൊക്കേഷന്‍ സര്‍വ്വീസ് ഉപയോഗിക്കുക.
6. ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ വേണ്ട
ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ പുതുയുഗ ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. പല ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കുന്നതു ബാറ്ററി ചാര്‍ജു വേഗം തീർക്കും. കഴിവതും ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക.
7. അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുക
ഒരു ദിവസം ലഭിക്കുന്ന നോട്ടിഫിക്കേഷനുകളിൽ അധികവും ഒഴിവാക്കാനാവുന്നയാണെന്നു വിദഗ്ധർ പറയുന്നു. ചെറു കമ്പനികൾ അവരുടെ സർവീസുകളെക്കുറിച്ചു നോട്ടിഫിക്കേഷന്‍ മെസേജുകള്‍ അയക്കുന്നു. ഇവ ഒഴിവാക്കുകയാണെങ്കിൽ ഒരു പരിധി വരെ ബാറ്ററി ചാര്‍ജു കാത്തു സൂക്ഷിക്കാം. അത്യാവശ്യ ഈമെയിലിനും മറ്റു സമാന സേവനങ്ങൾക്കും മാത്രം നോട്ടിഫിക്കേഷന്‍ ക്രമീകരിക്കുക.
8. പുഷ് ഇമെയില്‍
പുഷ് ഇമെയില്‍ ഒരു മണിക്കൂര്‍ സമയത്തേക്കു സെറ്റുചെയ്യുക. ഇനി കൂടുതൽ മെയിലുകൾ എല്ലാ മണിക്കൂറിലും എത്തുന്നവരാണെങ്കിൽ 15 മിനിട്ട്, അരമണിക്കൂര്‍ എന്നിങ്ങനെ ക്രമീകരിക്കുക. എല്ലാ മിനിട്ടിലും ഇമെയിൽ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുന്നതു ഫോണ്‍ ചാര്‍ജ് വേഗം തീർക്കും.
9. പവര്‍ സേവിങ് മോഡ് ഉപയോഗിക്കുക
സേവിങ് മോഡ് ബാറ്ററി ആയുസ് വർധിപ്പിക്കാനായി ഹാൻഡ്സെറ്റ് നിർമാതാക്കൾ നിർദേശിക്കുന്ന ഒരു പ്രധാന മാര്‍ഗം. സേവിങ് മോഡ് ചാര്‍ജു നഷ്ടപ്പെടാതെ കാക്കുന്നു.
10. വയര്‍ലെസ് ചാര്‍ജിംഗ് ഒഴിവാക്കുക
വയര്‍ലെസ് ചാര്‍ജർ ഉപയോഗിക്കുവാൻ കൂടുതൽ എളുപ്പമാണ്. പക്ഷേ ഇതു ബാറ്ററിക്കു നന്നല്ലെന്നു വിദഗ്ധർ പറയുന്നു. ഇതുപയോഗിക്കുമ്പോള്‍ ഫോണ്‍ അധികമായി ചൂടാകുന്നു. ഇതു ബാറ്ററിക്കു കേടാണ്.
11. സാധാരണ താപനിലയില്‍ സൂക്ഷിക്കുക
അധികചൂടും അധിക തണുപ്പും ലീഥിയം ഇയോണ്‍ ബാറ്ററികള്‍ക്കു നല്ലതല്ല. എപ്പോഴും ഫോണ്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കുക.
12. ചാര്‍ജു തീരാന്‍ അുവദിക്കരുത്
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ബാറ്ററി ചാര്‍ജ് തീരുന്നതിനു മുൻപു റീചാര്‍ജു ചെയ്യുക. ലീഥിയം ഇയോണ്‍ ബാറ്ററികളില്‍ 40 - 80 ശതമാനത്തിന് ഇടയില്‍ ചാര്‍ജു നിലനിര്‍ത്തുക.
മേൽപറഞ്ഞ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ ബാറ്ററി ചാര്‍ജു സംരക്ഷിക്കാം. ബാറ്ററി ചാര്‍ജു സംരക്ഷിക്കുന്നതിലൂടെ ബാറ്ററി ആയുസ് കൂടും. കാരണം ബാറ്ററി ആയുസ് അതിന്റെ റീചാര്‍ജ് സൈക്കിളിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന കാര്യം ഓർമ്മിക്കുക.