പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിക്കുക എന്നത് കടുത്ത ടെക് പ്രേമികളുടെ വിനോദങ്ങളില്‍ ഒന്നാണല്ലോ. ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ 'ആന്‍ഡ്രോയിഡ് പി'യുടെ ഡവലപ്പര്‍ പ്രിവ്യൂ ഇപ്പോള്‍ ലഭ്യമാണ്. പുതിയ ഒഎസില്‍ വരുന്ന ഫീച്ചറുകള്‍ മറ്റാരേക്കാളും മുൻപെ ഒന്നറിയണമെന്നു താത്പര്യമുള്ള, സാങ്കേതികവിദ്യയില്‍ പരിജ്ഞാനവും പരീക്ഷണ താത്പര്യതയും ഉള്ളവര്‍ക്കു മാത്രമെ ഇത് ഉപയോഗിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കു പോലും ഇപ്പോള്‍ ഡൗണ്‍ലോഡു ചെയ്ത് ഉപയോഗിക്കണമെങ്കില്‍ എന്തെല്ലാം സാഹചര്യങ്ങള്‍ വേണമെന്നു പരിശോധിക്കാം.
നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത് ഡവലപ്പര്‍ പ്രിവ്യൂ മാത്രമാണ്. ഇതിനാല്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാവില്ല. ആന്‍ഡ്രോയിഡ് പി പരീക്ഷിക്കണമെങ്കില്‍ ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട് ഫോണുകളായ പിക്‌സല്‍, പിക്‌സല്‍ XL, പിക്‌സല്‍ 2, പിക്‌സല്‍ 2 XL എന്നീ മോഡലുകളില്‍ ഒന്ന് കൈയ്യില്‍ വേണം. ടെസ്റ്റിങ് ഈ മോഡലുകള്‍ക്കു മാത്രമായി ഗൂഗിള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. (ഇവയുള്ളവര്‍ക്ക് ആന്‍ഡ്രോയിഡ് പി ഈ ലിങ്കിൽ നിന്നു ഡൗൺലോഡു ചെയ്യാം. എന്നാല്‍ ഈ നാലു ഫോണുകള്‍ക്കും വ്യത്യസ്തമാണ് റോം. ശരിക്കുള്ളതു മാത്രം ഇന്‍സ്‌റ്റോള്‍ ചെയ്യണം.) ഇത് പൂര്‍ത്തിയായ ഓപ്പറേറ്റിങ് സിസ്റ്റമല്ലാത്തതിനാല്‍ ഓവര്‍-ദി-എയര്‍ ഡൗണ്‍ലോഡ് സാധ്യമല്ല. കംപ്യൂട്ടറിന്റെ സഹായത്തോടെ വേണം ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍.
ഫോണുകള്‍ 'ഫ്‌ളാഷ്' ചെയ്യാന്‍ പല നടപടി ക്രമങ്ങളും ഉണ്ട്. ഇതിലേതെങ്കിലും തെറ്റിയാല്‍ ഫോണ്‍ വിലകൂടിയ ഒരു പേപ്പര്‍വെയ്റ്റ് മാത്രമായി തീര്‍ന്നേക്കാം. കൂടാതെ ഇത്തരം തുടക്ക വേര്‍ഷനുകളില്‍ ബഗുകളുടെ പ്രളയമായിരിക്കാം. അതിനാല്‍ ഫോണ്‍ ഇടയ്ക്കിടയ്ക്കു ക്രാഷാകുകയും മറ്റും ചെയ്യുന്നത് സ്വാഭാവികമായിരിക്കും. അതുകൊണ്ട് ടെക്കികൾ പോലും അവരുടെ പ്രധാന ഫോണില്‍ ഈ പരീക്ഷണം നടത്തുന്നത് ബുദ്ധിയായിരിക്കില്ല.
ആന്‍ഡ്രോയിഡ് പി ബീറ്റാ അവസ്ഥയില്‍ പോലും എത്തിയിട്ടില്ലാത്തതിനാല്‍ ഉപയോക്താവ് തന്നെ അപ്‌ഡേറ്റുകള്‍ ഇറക്കുമ്പോള്‍ കണ്ടുപിടിച്ച് മാന്യൂവലി ഫ്‌ളാഷ് ചെയ്യേണ്ടതായി വരും. ഫോണിന്റെ ബൂട്ട്‌ലോഡര്‍ അണ്‍ലോക്ക് ആണ് എന്നുറപ്പുവരുത്തുക. കൂടാതെ അക്‌സസ് ടു യുഎസ്ബി ഡിബഗിങ് എനേബിൾ ചെയ്തിക്കണം. ആന്‍ഡ്രോയിഡ് എസ്ഡികെ പ്ലാറ്റ്‌ഫോം ടൂളുകള്‍ളുടെ പാക്കേജ് കംപ്യൂട്ടറിലും ഉണ്ടായിരിക്കണം. (ഈ ലിങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം)
നിങ്ങളുടെ പിക്‌സല്‍ ഫോണ്‍ യുഎസ്ബിയിലൂടെയും adb tool ലൂടെയും കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. ബൂട്ട്‌ലോഡല്‍ എക്‌സിക്യൂട്ട് ചെയ്യുക അതിനു ശേഷം ഫാസ്റ്റ്ബൂട്ട് മോഡിലേക്ക് റീബൂട്ട് ചെയ്യുക. ഒരു ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത ശേഷം അണ്‍സിപ് ചെയ്ത സിസ്റ്റം ഇമേജ് ഡിറക്ടറിയിലേക്കു ചെല്ലുക. Flash-all സ്‌ക്രിപ്റ്റ് എക്‌സിക്യൂട്ട് ചെയ്യുക. ഈ സ്‌ക്രിപ്റ്റ് വേണ്ട ബൂട്ട് ലോഡറും ബേയ്‌സ്ബാന്‍ഡ് ഫേംവെയറും ഒപ്പറേറ്റിങ് സിസ്റ്റവും ഇന്‍സ്‌റ്റാള്‍ ചെയ്യും. ഇതിനു ശേഷം നിങ്ങളുടെ പിക്‌സല്‍ ഫോണ്‍ റീബൂട്ട് ചെയ്ത് ആന്‍ഡ്രോയിഡ് പിയിലേക്ക് മിഴി തുറക്കും. (Android P Developer Preview 1). എല്ലാ വിവരവും ഇവിടെ ലഭ്യമാണ്. നന്നായി പഠിച്ച ശേഷം മാത്രം മുന്നോട്ടു പോകുക.
ഇത്ര പങ്കപ്പാടുപെട്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമുണ്ടോ എന്നു ചോദിക്കുന്നയാള്‍ ഇത് ഇന്‍സ്‌റ്റാള്‍ ചെയ്യകയേ അരുത്. പുതുമകളുടെ മാന്ത്രികച്ചെപ്പില്‍ എന്തൊക്കെയുണ്ട് എന്നു പരിശോധിക്കുക ചിലരുടെ ഒരു ഹരമാണ്. അത്തരക്കാര്‍ക്കു വേണ്ടി മാത്രമാണ് ഇത്. ഇവിടെ കാണുന്ന പല ഫീച്ചറുകളും ഔദ്യോഗികമായി ഒഎസ് ഇറക്കുമ്പോള്‍ കാണണമെന്നു പോലുമില്ല.