ലോകത്തെ ഏറ്റവും ജനസമ്മതിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് പി എത്തി. പുതിയ ഒഎസിന്റെ പുതുമകളെ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പരിചയപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന്‍ ലേണിങ്ങിനെയും കൂടുതല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളിച്ചതാണ് ഏറ്റവും സുപ്രധാനമായ മാറ്റം. അഡാപ്റ്റീവ് ബാറ്ററി, അഡാപ്റ്റീവ് ബ്രൈറ്റ്‌നസ്, ആപ്പ് ആക്‌ഷന്‍സ്, സ്ലൈസ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകളില്‍ ചിലത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ്
നാളിതുവരെയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തേക്കാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി കൂട്ടുന്നതിലൂടെ പല രീതിയിലും ഫോണുകള്‍ കൂടുതല്‍ സ്മാര്‍ട് ആകും. സാധാരണ രീതിയിലുള്ള പ്രവര്‍ത്തനത്തിൽ മുതല്‍ ക്യാമറയില്‍ വരെ ഇതിന്റെ മികവു പ്രതിഫലിക്കും. എന്നാല്‍ ഇത് ഓരോ ഫോണ്‍ നിര്‍മാതാവിന്റെയും കഴിവനുസരിച്ചേ ഉപയോക്താക്കളിലേക്ക് എത്തൂ. ഇതിന്റെ ശേഷിയും ഫീച്ചറുകളും ഈ വര്‍ഷത്തെ പിക്‌സല്‍ ഫോണുകളില്‍ ഏറ്റവും മികവോടെ കാണാന്‍ സാധിക്കും. ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട് ഫോണുകളാണല്ലൊ അവ. ക്യാമറയ്ക്ക് ഫോട്ടോ എടുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങളില്‍ സ്വയം തീരുമാനം എടുക്കാനുള്ള കഴിവുകളും നല്‍കും. മെഷീന്‍ ലേണിങ്ങിലൂടെ ഉപയോക്താവിനെ കൂടുതല്‍ അടുത്തറിയുന്ന ഹാര്‍ഡ്‌വെയറുകളും വരും. ഇതെല്ലാം മികവ് ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ, ഹനിക്കപ്പെടുന്നത് സ്വകാര്യതയാണോ എന്ന കാര്യത്തില്‍ തര്‍ക്കം ബാക്കി നില്‍ക്കും.
അഡാപ്റ്റീവ് ബാറ്ററി
അഡ്പ്റ്റീവ് ബാറ്ററി എന്ന പുതുപുത്തന്‍ ഫീച്ചറിലൂടെ നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് ബാറ്ററിയുടെ കാര്യത്തില്‍ മുന്‍ഗണന നല്‍കും. മറ്റ് ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നതിലൂടെ ഫോണിന്റെ ബാറ്ററി ലൈഫ് ഏതാനും മണിക്കൂറുകള്‍ വര്‍ധിപ്പിക്കാനാകുമെന്നാണ് ഗൂഗിള്‍ കരുതുന്നത്.
അഡ്പ്റ്റീവ് ബ്രൈറ്റ്‌നസ്
പുതിയ ഒഎസുമായി എത്തുന്ന ഫോണുകളില്‍ ഉപയോക്താവ് ബ്രൈറ്റ്‌നസ് ലെവല്‍ വിവിധ സെറ്റിങ്‌സ് ഉപയോഗിക്കുമ്പോള്‍ എങ്ങനെയാണ് ക്രമീകരിക്കുക എന്നു പഠിക്കുകയും അതിനനുസരിച്ച് പിന്നീട് സ്വയം ക്രമീകരിക്കുകയും ചെയ്യും. മെഷീന്‍ ലേണിങ് ആണ് ഇതിനു പിന്നില്‍.
ആപ് ആക്‌ഷന്‍സ്
അടുത്തതായി നിങ്ങള്‍ എന്തു ടാസ്‌ക് ആണു ചെയ്യേണ്ടതെന്നു പ്രവചിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിലൂടെ ഉപയോക്താവിന് ഫോണുമയായുള്ള ഇടപെടല്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നു. സമയവും ലാഭിക്കാം. ഉദാഹരണത്തിന് ഫോണുമായി ഹെഡ്‌ഫോണ്‍ കണക്ടു ചെയ്യുമ്പോള്‍ നിങ്ങള്‍ മുൻപു കേട്ടുകൊണ്ടിരുന്ന പാട്ട് അടങ്ങുന്ന ആപ്പ് രംഗത്തു വരും.
സ്ലൈസസ്
ഉപയോക്താവ് പതിവായി ഉപയോഗിക്കുന്ന ആപ്പുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കും ഇതിന്റെ പ്രവര്‍ത്തന രീതി. ഇത് കൂടുതല്‍ ഇന്ററാക്ടീവ് ആയിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഒരു പ്രൊഡക്ടിനെക്കുറിച്ച് സേര്‍ച് ചെയ്യുമ്പോള്‍ അതിന്റെ വില, ലഭ്യത തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും നല്‍കും.
ഡിസൈനിലുള്ള മാറ്റം
സ്മാര്‍ട് ഡിവൈസുകളോട് ഇടപെടാന്‍ താൽപര്യമില്ലാത്തവര്‍ക്കു പോലും ആകര്‍ഷകവും കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമായ രീതിയിലായിരിക്കും പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ്. ആംഗ്യങ്ങളിലൂടെ (gestures) ഉള്ള ഇടപെടലിനും കൂടുതല്‍ ഉന്നല്‍ നല്‍കും. ഹോം സ്‌ക്രീന്‍ മുതല്‍ ആംഗ്യങ്ങളിലൂടെ കമാന്‍ഡ് നല്‍കാനാകും. ഫോണുകളുടെ വലുപ്പം കൂടുംതോറും ഒരു കൈയ്യില്‍ പിടിച്ച് നാവിഗേഷന്‍ നടത്തല്‍ വിഷമമായി തോന്നുന്നവരുടെ പല പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെട്ടേക്കും. ഇതു കൂടാതെ ക്വിക് സെറ്റിങ്‌സും ഉപയോഗരീതി എളുപ്പമാക്കും. സ്‌ക്രീന്‍ ഷോട്ടുകളെടുക്കുക, വോളിയം നിയന്ത്രണം, നോട്ടിഫിക്കേഷന്‍ തുടങ്ങിയവയെല്ലാം ക്വിക് സെറ്റിങ്‌സില്‍ കിട്ടും.