ഗൂഗിളിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി വിഭാഗങ്ങളുടെ വൈസ് പ്രസിഡന്റ് അപര്‍ണ്ണ ചെന്നപ്രഗദ (Aparna Chennapragada) പരിചയപ്പെടുത്തിയത് ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സാധ്യത എങ്ങനെ മാപ്‌സില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു.
ചെന്നപ്രഗഡയുടെ ടീം സ്മാര്‍ട് ഫോണിന്റെ ക്യാമറ, കംപ്യൂട്ടര്‍ വിഷന്‍, ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ഗൂഗിള്‍ മാപ്‌സ് എന്നിവ ഒത്തു ചേരുമ്പോള്‍ കിട്ടുന്ന, മുന്‍പ് ശീലമില്ലാത്ത, അനുഭവമാണ് ഒരുക്കിയിരിക്കുന്നത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു നടക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഉടനെ ലഭിക്കുക. ഗൂഗിളിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ എആര്‍കോര്‍ (ARCore) ശേഷിയുള്ള ക്യാമറയുടെ ശക്തി പ്രയോജനപ്പെടുത്തിയാണ് ഇതു സാധ്യാമാക്കിയിരിക്കുന്നത്. ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ വെര്‍ച്വലായ ചിഹ്നങ്ങളും മറ്റും നടക്കുന്നയാളിന്റെ മുൻപില്‍ കാണിച്ചാണ് അയാളെ നയിക്കുന്നത്.
ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ചില ഉദാഹരണങ്ങളും കാണിച്ചു. നടക്കുന്നയാളിനു മുന്നിലുള്ള വഴിയില്‍ (ഓഗ്‌മെന്റഡ് റിയാലിറ്റി) വഴിയില്‍ ദിശ കാണിക്കുന്ന ആരോചിഹ്നങ്ങള്‍ മിന്നിത്തെളിയും. ഇതോടൊപ്പം ലാന്‍ഡ്മാര്‍ക്ക് തിരിച്ചറിയലും നടത്തും. ഒരു ഫോക്‌സ്-ബഡിയെ വഴികാട്ടിയായി മുന്നില്‍ നടത്താനും കഴിയും.
ഇത്തരം അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ ജിപിഎസിനു കഴിവുകള്‍ ഇല്ലാത്തതിനാല്‍, വിഷ്വല്‍ പൊസിഷനിങ് സിസ്റ്റം, വിപിഎസിന്റെ സേവനമാണ് ഉപയോഗിക്കുന്നത്. വിപിഎസിന് കൃത്യമായി എത്തേണ്ട സ്ഥലം തിരിച്ചറിയാനാകും.
വിപിഎസ് കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ പരിചയപ്പെടുത്തിയത്. വിപിഎസ് ഒരു സ്ഥലത്തിന്റെ ദൃശ്യ ലക്ഷണങ്ങള്‍ പരിഗണിച്ച് ഒരാള്‍ എവിടെ നില്‍ക്കുന്നുവെന്ന് കണ്ടെത്തുന്നു. ജിപിഎസിനു സാധ്യമല്ലാത്ത രീതിയില്‍ നാവിഗേഷന്‍ സാധ്യമാക്കാനാണ് വിപിഎസ് ശ്രമിക്കുന്നത്. വരാനിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി മാപ്പ് മാറ്റങ്ങളെ എടുത്തു കാണിക്കുന്ന തരത്തിലുള്ള അവതരണായിരുന്നു ചെന്നപ്രഗഡയുടേത്.