രാജ്യത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനങ്ങൾ ദിവസവും കുത്തനെ കൂടുകയാണ്. വീടിനുള്ളിലും പുറത്തും സ്ത്രീ സുരക്ഷിതമല്ല. എന്നാൽ പെൺകുട്ടികൾക്കെതിരായ പീഡനം തടയാൻ ഒരു പരിധിവരെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഗവേഷക യുവതി. പീഡനം തടയാനും പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കാനും ശേഷിയുള്ള ഹൈടെക് സംവിധാനമാണ് ഫറൂഖാബാദിൽ നിന്നുള്ള ഇരുപതുകാരി സീനു കുമാരി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെ നിർമിച്ചിരിക്കുന്ന അടിവസ്ത്രം പെൺകുട്ടികളെ പെട്ടെന്നുള്ള പീഡനത്തിൽ നിന്ന് രക്ഷിക്കുമെന്നാണ് സീനു അവകാശപ്പെടുന്നത്. ജിപിഎസ് അലർട്ട്, വിഡിയോ ക്യാമറ, ലോക്കിങ് എന്നി ഫീച്ചറുകളുള്ള ഹൈടെക് അടിവസ്ത്രം പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ തുറക്കാൻ സാധിക്കൂ. റേപ് പ്രൂഫ് അടിവസത്രം ഉപയോഗിക്കാനും സൗകര്യപ്രദമാണ്.
എന്നാൽ സീനുവിന്റെ ഈ ഹൈടെക് അടിവസ്ത്രം പ്രാരംഭ സംവിധാനമാണിത്. മികച്ച് ടെക്നോളജിയും ഫീച്ചറുകളും ഉൾപ്പെടുത്തിയാൽ കൂടുതൽ സുരക്ഷിതമാക്കാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് ഇത്തരം വസ്ത്രങ്ങൾ ലഭ്യമാക്കാനായാൽ പീഡനങ്ങൾ തടയാനാകും. യാത്ര ചെയ്യുമ്പോഴും രാത്രി ജോലി ചെയ്യുന്ന പെൺകുട്ടികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ ഹൈടെക് അടിവസ്ത്രം.
അടിയന്തരഘട്ടങ്ങളിൽ സന്ദേശങ്ങൾ കൈമാറാൻ വേണ്ട എമർജൻസി കോളിങ് ബട്ടണുമുണ്ട്. എമർജൻസി കോൾ പോകുന്നതോടെ പൊലീസുകാർക്കും ബന്ധുക്കങ്ങള്‍ക്കും ജിപിഎസ് സഹായത്തോടെ പെട്ടെന്ന് സംഭവസ്ഥലത്തെത്തി പെൺകുട്ടികളെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനും സാധിക്കും. ഈ ഡിവൈസിന്റെ പേറ്റന്റ് ലഭിക്കാനായി സീനു അഹമ്മദാബാദിലെ നാഷണൽ ഇന്നവേഷന്‍ ഫൗണ്ടേഷനിലേക്ക് ഡിസൈൽ, ടെക്നോളജി മാതൃക അയച്ചിട്ടുണ്ട്.
റേപ് പ്രൂഫ് അടിവസ്ത്രം നിർമിച്ചിരിക്കുന്നത് ബുള്ളറ്റ്പ്രൂഫ് തുണികൾ കൊണ്ടാണ്. ഇതിനാൽ പെട്ടെന്ന് നശിപ്പിക്കാനും സാധിക്കില്ല. സീനുവിന്റെ ഈ സംരംഭത്തിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയുടെ അഭിനന്ദനം ലഭിച്ചു കഴിഞ്ഞു.