ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചാൽ ജീവൻ വരെ പോകും

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ ജനപ്രിയ സേവനങ്ങളിലൊന്നാണ് ഗൂഗിൾ മാപ്പ്. വാഹനം ഓടിക്കുന്നവർ ഒരിക്കലെങ്കിലും ഗൂഗിൾ മാപ്പിന്റെ സഹായം തേടിയിട്ടുണ്ടാകും. രാജ്യത്തെ മുക്കും മൂലയിലെയും റോഡുകൾ വരെ രേഖപ്പെടുത്തി വഴി കാണിക്കുന്ന ഗൂഗിൾ മാപ്പ് ചിലപ്പോഴെങ്കിലും ദുരന്തവുമാകാറുണ്ട്. ഗൂഗിൾ മാപ്പ് നോക്കി യാത്ര പോയി മരണം വരെ സംഭവിച്ച നിരവധി വാർത്തകളാണ് ദിവസവും വന്നുക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ തന്നെ, ഗൂഗിൾ മാപ്പിന് വഴിതെറ്റി കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിരവധി പേരാണ് മരിച്ചത്.

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച രണ്ടു ഗ്യാസ് ടാങ്കർ ലോറിയിൽ വെങ്ങര എന്ന കൊച്ചുഗ്രാമത്തിൽ എത്തിയത് വഴി തെറ്റിയാണ്. മുംബൈയിലേക്ക് പോകേണ്ട ലോറികളെ വഴിതെറ്റിച്ച് ഇടുങ്ങിയ റോഡിലെത്തിച്ചത് ഗൂഗിൾ മാപ്പാണ്.

ഗൂഗിൾ മാപ്പ് നോക്കി വന്നു: ടാങ്കർ ലോറികൾ പോക്കറ്റ് റോ‍ഡിൽ

ഗൂഗിൾ മാപ്പിനെ വിശ്വസിക്കാമോ?

ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ, ഇല്ല. ഗൂഗിൾ മാപ്പിനെ ഒരിക്കലും വിശ്വസിക്കരുത്. അല്ലെങ്കിൽ ഗൂഗിൾ മാപ്പിന്റെ സ്വഭാവം, ഫീച്ചറുകൾ കൃത്യമായി മനസ്സിലാക്കാതെ യാത്ര തുടര്‍ന്നാൽ വൻ ദുരന്തമായിരിക്കും സംഭവിക്കുക.

പലപ്പോഴും സമയം ലാഭിക്കാനായി ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴികൾ ഇടുങ്ങിയതോ അല്ലെങ്കിൽ എവിടെ ചെന്നെങ്കിലും അവസാനിക്കുന്നതോ ആയിരിക്കും. ഇക്കാര്യം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ വാഹനം തിരിക്കാൻ പോലും കഴിയാതെ വരും. ചിലപ്പോൾ വൻ ഗർത്തത്തിലേക്കു വരെ വഴി കാണിക്കും.

ആരാണ് ഗൂഗിൾ മാപ്പിനെ സഹായിക്കുന്നത്?

കുഞ്ഞു ഗ്രാമങ്ങളിലെ വഴികളെ കുറിച്ചും ട്രാഫിക് ബ്ലോക്കിനെക്കുറിച്ചുള്ള സൂചനകൾ ഗൂഗിൾ മാപ്പിന് നൽകുന്നത് ആരാണ്? ഇവിടത്തെ യാത്രക്കാർ തന്നെയാണ്. ഗൂഗിൾ മാപ്പിന് തെറ്റായ ഡേറ്റ നൽകി വഴിതെറ്റിക്കുന്നതും ജനങ്ങള്‍ തന്നെയാണ്. എന്നാൽ നഗരങ്ങളിലെ ഡേറ്റകൾ പലപ്പോഴും കൃത്യമായിരിക്കും. ഗ്രാമങ്ങളിലെത്തുമ്പോഴാണ് പിഴയ്ക്കുന്നത്.

വൻ നഗരങ്ങളിലെ റൂട്ടുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അതിവേഗത്തിലാണ് ഗൂഗിൾ മാപ്പ് പരിഷ്കരിക്കുന്നത്. പ്രത്യേകിച്ച് നമ്മളൊരു യാത്രയിലാണെങ്കിൽ ഒരു ജംക്‌ഷനിലേക്ക് അല്ലെങ്കിൽ പ്രധാന റോഡിലേക്ക് അടുക്കുമ്പോൾ ഗതാഗതക്കുരുക്കുണ്ടോ, ബ്ലോക്കുണ്ടോ എന്നൊക്കെ മുൻകൂട്ടി അറിയിച്ച് സഹായിക്കാൻ ഗൂഗിൾ മാപ്പിനെ സഹായിക്കുന്നതും യാത്രക്കാരും ചില സന്നദ്ധ പ്രവർത്തകരുമാണ്.

ഗൂഗിളിന്റെ തന്നെ സംവിധാനങ്ങളുടെ മികവാണ് ഇതിനു പിന്നിൽ. ലൊക്കേഷൻ/ജിപിഎസ് ഓണായിരിക്കുന്ന ഐഫോണുകളിൽ നിന്നും ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്നും മാപ്‌സ് ആപ്ലിക്കേഷൻ ഗൂഗിളിന് നിരന്തരം ഡേറ്റ കൈമാറുന്നുണ്ട്. ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് അനോണിമസ് റിപ്പോർട്ടുകൾ ഗൂഗിളിന് അയയ്ക്കാൻ നമ്മൾ നൽകുന്ന സമ്മതം ഉപയോഗിച്ചാണ് ഈ ഡേറ്റ കൈമാറ്റം.

ഈ ഡേറ്റ വിശകലനം ചെയ്യുന്ന ഗൂഗിൾ വർഷങ്ങളുടെ പരിചയവും ഓരോ റൂട്ടിലെയും ഓരോ സമയത്തെയും ഗതാഗതവും തിരക്കും കുരുക്കുമെല്ലാം വിലയിരുത്തിയും അനുദിനം മികവു നേടുന്നുണ്ട്. ഓരോ റോഡിലും ഏകദേശം എത്ര വാഹനങ്ങൾ എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നു മനസ്സിലാക്കുന്ന ഗൂഗിൾ അതു വിശകലനം ചെയ്താണ് റോഡിൽ തിരക്കുണ്ടോ ഇല്ലയോ എന്നു വളരെ ആധികാരികമായി നമ്മെ അറിയിക്കുന്നത്.

സര്‍ക്കാർ ഗതാഗത വകുപ്പ്, സ്വകാര്യ ഡേറ്റാ ഏജൻസികൾ, മറ്റു വഴികളും ലൈവ് ട്രാഫിക് ഡേറ്റ നൽകാൻ ഗൂഗിൾ മാപ്പിനെ സഹായിക്കുന്നുണ്ട്. ഇക്കാര്യം ഗൂഗിൾ ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഗൂഗിൾ മാപ്പ് ഉപയോക്താക്കളുടെ പ്രവചന റിപ്പോർട്ടുകളും ഗൂഗിളിനെ സഹായിക്കുന്നു. ഈ പ്രവചനങ്ങളാണ് പലപ്പോഴും പിന്നീട് വഴിതെറ്റിക്കുന്നത്.

ഓൺലൈൻ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ നഗരത്തിൽ ട്രാഫിക് ജാം ആണെങ്കിൽ പകരമായുള്ള, സുഖകരമായ വഴിയും ഗൂഗിൾ മാപ്പ് കാണിച്ചുതരും. യാത്രയ്ക്ക് ഇറങ്ങുമ്പോൾ തന്നെ നഗരത്തിലെ പ്രധാന ട്രാഫിക് പ്രശ്നങ്ങളെ കുറിച്ച് നോട്ടിഫിക്കേഷൻ തരും. ഒരു നഗരത്തിലെ ട്രാഫിക്കിനെ കുറിച്ച് ലഭിക്കുന്ന ഡേറ്റകളുടെ ശരാശരി കണക്കെടുത്താണ് ഗൂഗിൾ മാപ്പ് പ്രവചനങ്ങൾ നടത്തി നോട്ടിഫിക്കേഷൻ നൽകുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഗ്രാമങ്ങളിലേക്കുള്ള ഗൂഗിൾ മാപ്പ് വഴികളെ വിശ്വസിക്കാൻ കഴിയില്ല.