നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട രാജസ്ഥാനിലെ ബിജെപി സർക്കാർ ജനങ്ങളോടു ചെയ്തത് വലിയ തെറ്റെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 30 തവണയാണ് ഇന്റർനെറ്റ് വിലക്കിയത്. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് 2018ൽ മാത്രം 30 തവണ ടെലികോം സേവനദാതാക്കളെ വിലക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ 2015 വരെയുള്ള വർഷങ്ങളിൽ രാജസ്ഥാനിൽ ആകെ ഇന്റർനെറ്റ് വിലക്കിയത് 56 തവണ മാത്രമാണ്.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപി സർക്കാർ ഈ നീക്കം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും കൂടുതൽ ദിവസം ഇന്റർനെറ്റ് വിലക്കിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകളിലാണ് നിയമങ്ങള്‍ മറന്നുള്ള സർക്കാരിന്റെ ഇന്റർനെറ്റ് വിലക്കിന്റെ കണക്കുകൾ പുറത്തുവന്നത്.
ഇന്റർനെറ്റ് ഷട്ട്ഡൗൺ ട്രാക്കറിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 2017നും മെയ് 2018 നുമിടയിൽ 40 തവണയാണ് രാജസ്ഥാൻ സര്‍ക്കാർ ഇന്റർനെറ്റ് വിലക്കിയത്. എന്നാൽ ഓരോ വിലക്കലിന്റെയും വ്യക്തമായ വിശദീകരണ രേഖകള്‍ നൽകാൻ ആർടിഐ അധികൃതർ തയാറായില്ല. 2018ൽ ഇന്ത്യയിൽ ആകെ 130 തവണയാണ് ഇന്റര്‍നെറ്റ് വിലക്കിയത്. എന്നാൽ ഭൂരിഭാഗവും രാജസ്ഥാനിലായിരുന്നു. ജമ്മു കശ്മീരാണ് രണ്ടാം സ്ഥാനത്ത്.
ഒരു സംസ്ഥാനത്ത് ഇന്റർനെറ്റ് വിലക്കാൻ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ഏറെ ചർച്ചകള്‍ക്ക് ശേഷമാണ് ഇന്റർനെറ്റ് പിൻവലിക്കുക. എന്നാൽ രാജസ്ഥാനിൽ സംഭവിച്ചത് ഒരു ചർച്ചയും നടക്കാതെയാണ് 29 തവണയും ഇന്റർനെറ്റ് വിലക്കിയത്. ഡിജിറ്റൽ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കുന്ന ബിജെപി സര്‍ക്കാർ തന്നെയാണ് ഇത്രയും ദിവസം രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയതെന്നതും ശ്രദ്ധേയമാണ്.