ലോകത്ത് നാളെ പലതും സംഭവിക്കും; ലണ്ടനിൽ കാണിച്ചത് അദ്ഭുത ടെക്നോളജി

നാട്ടിലെ കാഴ്ചകളെല്ലാം പൊലീസ് സ്റ്റേഷനിൽ ലൈവായി കാണുകയും അതിവേഗം നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഒരു കാലം വരികയാണ്. വിവിധ രാജ്യങ്ങളിൽ ഇത്തരം ടെക്നോളജി പരീക്ഷണങ്ങൾ തുടങ്ങി കഴിഞ്ഞു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ജനസമ്മതി നേടുന്നത് സ്മാര്‍ട് ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ തുടങ്ങുമ്പോഴാണ്. സ്മാര്‍ട് ഫോണുകള്‍ കൂടാതെ ഗൂഗിളും ഫെയ്‌സ്ബുക്കും മറ്റു പല കമ്പനികളും അവരുടെ സര്‍വീസുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഗൂഗിളും ഫെയ്‌സ്ബുക്കും പരിചയക്കാരുടെ ചിത്രങ്ങള്‍ ഒരേ ഗ്രൂപ്പിലാക്കുകയും ഒറ്റ ആല്‍ബമാക്കാനുമാണെന്നു പറഞ്ഞാണ് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നത്. (അവരുടെ എഐയെ ഓരോരുത്തരുടെയും മുഖത്തെ പരിചയപ്പെടുത്താനും കൂടെയാണിത്.)

കണ്‍സ്യൂമര്‍ സാങ്കേതികവിദ്യയ്ക്കപ്പുറം മുഖം തിരിച്ചറിയലിനു മറ്റൊരു ജീവിതം കൂടിയുണ്ട്. പല രാജ്യത്തെയും അധികാരികളും നിയമപാലകരും ഇത് ഉപയോഗിക്കുന്നു. ഒരു സ്ഥലത്ത് സംശയാസ്പദമായി കാണുന്നവരെക്കുറിച്ച് അന്വേഷിക്കാനും കാണാതായവരെക്കുറിച്ച് പഠിക്കാനുമാണിത്. ഈ ടെക്‌നോളജി അതിന്റെ ശൈശവത്തിലാണെങ്കിലും ഇപ്പോള്‍ തന്നെ മികവു പുലര്‍ത്തുന്നുണ്ട്. ഉദാഹരണത്തിന് നിയമപാലകരുടെ കൈയ്യില്‍ ക്രിമിനലുകളുടെയും മറ്റുള്ളവരുടെയും ഫോട്ടോകൾ അടങ്ങുന്ന ഒരു ശേഖരം ഉണ്ടെന്നിരിക്കട്ടെ. ഫോട്ടോകളും ജനങ്ങളുടെ പേരും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റത്തിലേക്കു ഫീഡു ചെയ്തിട്ടുണ്ടെന്നും വയ്ക്കുക. അപ്പോള്‍, നഗരത്തിലെ സുരക്ഷാ ക്യാമറയില്‍ നിന്നുള്ള വിഡിയോ അല്ലെങ്കില്‍ ഫോട്ടോ കണ്ടിട്ട് ഇന്ന പേരിലുള്ള വ്യക്തിയാണെന്നു ലൈവായി പറയാനുള്ള കഴിവ് ഇപ്പോള്‍ത്തന്നെ ഈ സിസ്റ്റത്തിനുണ്ട്. അതായത് റോഡിൽ നടക്കുന്ന എന്തും പൊലീസ് സ്റ്റേഷനിലിരുന്ന ലൈവായി കാണാം. നിമിഷ നേരത്തിനുളളിൽ നിയമം ലംഘിക്കുന്നവരെ പിടികൂടുകയും ചെയ്യാം.

പക്ഷേ, തൃശൂര്‍ പൂരം പോലെ ജനങ്ങൾ കൂടുന്ന ഒരു സ്ഥലത്തെ മുഴുവന്‍ പേരെയും യഥാസമയം സ്‌കാന്‍ ചെയ്ത് കാണുന്നവരുടെയൊക്കെ പേരെഴുതിക്കാണിക്കാനുള്ള കഴിവ് അവയ്ക്ക് ഇല്ലാ താനും. അത്രയക്കുള്ള കംപ്യൂട്ടിങ് കരുത്ത് ഇനിയും ലഭിച്ചിട്ടില്ല. ലോകമെമ്പാടും ശതകോടിക്കണക്കിന് പേരുടെ വിഡിയോയും ചിത്രങ്ങളും എടുക്കപ്പെടുന്നു. അതെല്ലാം തല്‍ക്ഷണം അവലോകനം ചെയ്യണമെങ്കില്‍ അടുത്ത തലമുറയിലുള്ള സൂപ്പര്‍ കംപ്യൂട്ടറുകള്‍ വരണം. അതിനാകട്ടെ ധാരാളം പണവും ചെലവാക്കേണ്ടതായിവരും. പക്ഷേ, അധികാരികള്‍ക്ക് ഈ ടെക്‌നോളജി നിര്‍ണ്ണായകമാകാന്‍ പോകുന്ന സാധ്യതയാണുള്ളത്. കാരണം കാണാതെ പോയവരെക്കുറിച്ചുള്ള നിരവധി കേസുകള്‍ ഇതിലൂടെ തെളിയിക്കാനുള്ള സാധ്യതയാണ് വന്നു ചേരുന്നത്.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ കംപ്യൂട്ടറുകള്‍ക്ക് താരതമ്യേന എളുപ്പമുള്ള ജോലിയാണെങ്കിലും ലൈവ് ഫെയ്‌സ് ഡിറ്റക്‌ഷന്‍ ഇപ്പോള്‍ അവയ്ക്ക് ആയാസകരമാണ്. സാധാരണ ക്യാമറയില്‍ നിന്നോ, സ്ട്രീമിങ് വിഡിയോയില്‍ നിന്നോ, സിസിടിവി ഫുട്ടേജില്‍ നിന്നോ മുഖം കണ്ടെത്തല്‍ ഇപ്പോള്‍ പല കംപ്യൂട്ടറുകള്‍ക്കും ശ്രമകരമാണ്. എങ്കിലും ലണ്ടനില്‍ നിയമപാലകര്‍ ഇതിന്റെ സാധ്യത പരിശോധിക്കുകയാണ്.

എന്താണ് ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ (എല്‍എഫ്ആര്‍)

ഒരു ഫോട്ടോയിലോ വിഡിയോയിലോ നിന്ന് ജനങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന രീതിയെയാണ് ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ എന്നു വിളിക്കുന്നത്. (ഫോണിലും മറ്റും കാണുന്ന മുഖം തിരിച്ചറിയല്‍, ഒരാളുടെ മുഖം നേരിട്ടു കണ്ട് തിരിച്ചറിയുന്ന രീതിയാണ്.) എല്‍എഫ്ആര്‍ കാണാതായവരെയും ക്രിമിനലുകളെയും കണ്ടെത്താനായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.

എല്‍എഫ്ആര്‍ ക്യാമറകള്‍ ജനങ്ങൾ കടന്നു പോകുന്നിടത്ത് പിടിപ്പിച്ച്, വിഡിയോ സ്ട്രീം, ക്രിമിനലുകളുടെയും മറ്റും ഫോട്ടോ അടങ്ങുന്ന ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റം ഡേറ്റബേസുമായി ബന്ധിപ്പിക്കുയാണ് ചെയ്യുന്നത്. ഇവിടെ മുഖങ്ങള്‍ വിശകലനം ചെയ്യാന്‍ നിയോഫെയ്‌സ് ടെക്‌നോളജി (NeoFace technology, NEC) ആണ് ഉപയോഗിക്കുന്നത്. ഓരോ മുഖത്തിന്റെയും ഘടനയാണ് അവലോകനം ചെയ്യപ്പെടുന്നത്-കണ്ണും മൂക്കും വായും താടിയുമൊക്കെ തമ്മിലുള്ള അകലമടങ്ങുന്ന ഡേറ്റയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുഖം കാണുമ്പോള്‍ അതിന്റെ ഒരു ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കുകയും അത് സിസ്റ്റത്തിന്റെ കൈയ്യിലുള്ള മുഖങ്ങളുമായി തട്ടിച്ചു നോക്കുകയും ചെയ്യുന്നു. ആരെയെങ്കിലും തിരിച്ചറിഞ്ഞാല്‍ റോഡിലുളള അധികാരികളെ അറിയിക്കും. ക്യാമറ പിടിച്ചെടുത്ത ചിത്രവും ഡേറ്റബേസിലെ ചിത്രവും ഒരിക്കല്‍ കൂടെ പരിശോധിച്ച ശേഷം തന്റെ മുന്നിലൂടെ കടന്നു പോകുന്നയാളെ തടഞ്ഞു നിർത്തണോ എന്നു തീരുമാനിക്കും. ഒരാളെ തടഞ്ഞു നിർത്തിയാല്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അയാളോടു വിശദീകരിക്കാനുള്ള മര്യാദയും കാണിക്കും. ഇതേക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അധികാരികളുമായി എങ്ങനെ ബന്ധപ്പെടാമെന്നു വിശദീകരിക്കുന്ന ഒരു ലീഫ്‌ലെറ്റും നല്‍കും.

സാമ്യം തോന്നിയ മുഖങ്ങള്‍ 30 ദിവസം വരെ സിസ്റ്റം സൂക്ഷിക്കും. അല്ലാത്തവയും വിഡിയോയും അപ്പോള്‍ത്തന്നെ ഡിലീറ്റു ചെയ്യും. ആര്‍ക്കും തന്നെ സ്‌കാന്‍ ചെയ്യേണ്ടെന്നു പറയാനുമുള്ള അവകാശം ഉണ്ടായിരിക്കും. ഇത് കുറ്റകരമായി കണക്കാക്കില്ല. (എന്താണിങ്ങനെ? പലരുടെയും വിചാരം പൊലീസിന് ജനങ്ങളുടെമേല്‍ കുതിരകയറാനുള്ള അവകാശമുണ്ടെന്നാണ്. അവര്‍ക്ക് എങ്ങനെയും പെരുമാറാമെന്ന്. വിദേശികള്‍ സ്വകാര്യതയെ മാനിക്കുന്നു. ഇന്ത്യയില്‍ പോലും സ്വകാര്യത ഒരു മൗലികാവകാശമാണ്. ജനങ്ങള്‍ ബോധവാന്മാരല്ലെങ്കിലും.) ക്രിമിനലുകളുടെ ചിത്രങ്ങള്‍ മാത്രമെ ലണ്ടനിലെ അധികാരികളുടെ ഡേറ്റ ബാങ്കിലുള്ളു.

ലണ്ടനില്‍ എല്‍എഫ്ആര്‍ ഇതുവരെ ആറു ഇവന്റുകളില്‍ ടെസ്റ്റു ചെയ്തു കഴിഞ്ഞു. ഇനി നാലെണ്ണം കൂടെ ബാക്കിയുണ്ട്. ടെക്‌നോളജി എത്രമികച്ചതാണെന്ന് ഈ വര്‍ഷം അവസാനം ഇതേക്കുറിച്ച് വിലയിരുത്തല്‍ നടത്താനാണിരിക്കുന്നത്. ഇതുവരെയുള്ള റിസള്‍ട്ടുകളും മറ്റും അവലോകനം ചെയ്യും. തുടര്‍ന്നിത് എത്രമാത്രം ഉപകാരപ്പെടുത്താനാകുമെന്ന കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കും.