മുന്‍ നൂറ്റാണ്ടുകളില്‍ വെറും ഭാവനയ്ക്കായിരുന്നു പ്രാധാന്യം. സാഹിത്യമടക്കമുള്ള വിവിധ ശാഖകള്‍ ഭാവനയില്‍ പടുത്തുയര്‍ത്തിയവയാണ്. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ട് അവസാനിക്കാറാകുമ്പോള്‍ ശ്രദ്ധിക്കാവുന്ന ഒരു കാര്യം അത് ശാസ്ത്ര ഭാവനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുവെന്നതാണ്. ഇതിന്റെ പ്രായോഗികത എത്രമാത്രം സാധ്യമാണെന്നത് ഇപ്പോള്‍ പ്രവചനീയമല്ല. പക്ഷേ, ചരിത്രത്തിലേക്കു നോക്കിയാല്‍ ഇങ്ങനെ ആദ്യം ഭാവനയില്‍ കണ്ട പലതുമാണ് പിന്നീട് പ്രാവര്‍ത്തികമായതെന്നു കാണാം. അതിനൊപ്പം ടെക്‌നോളജിയില്‍ അടുത്തകാലത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ നമുക്കു കൂട്ടിവായിക്കാവുന്ന കാര്യം ശാസ്ത്ര ഭാനകളില്‍ പലതും അപ്രാപ്യമായിരിക്കില്ല എന്നതാണ്.
ഇപ്പോള്‍ ചെറിയ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും അടുത്ത പതിറ്റാണ്ടുകളില്‍ തന്നെ മനുഷ്യനെ ചവിട്ടി പാതാളത്തിലാക്കിയേക്കാമെന്നാണ് പൊതുവെയുള്ള ധാരണ. മനുഷ്യരുടെ ജൈവികമായ തലച്ചോറിനു യന്ത്രങ്ങളുടെ ഡിജിറ്റല്‍ ഇന്റലിജന്‍സിനോട് ഏറ്റുമുട്ടാനുള്ള ത്രാണിയുണ്ടാവില്ല എന്നുതന്നെ ഒരു പറ്റം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. എഐയും മെഷീന്‍ ലേണിങും ഒരുകാര്യം ഒരിക്കല്‍ പഠിച്ചു കഴിഞ്ഞാല്‍ പിന്നെ അത് പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുകയെ ഉള്ളു. ഇപ്പോള്‍ത്തന്നെ എഐയുടെ ഇന്ദ്രജാലം മാസ്മരികമാണ്. അപ്പോള്‍ യന്ത്രങ്ങളും നിര്‍മിത ബുദ്ധിയും സര്‍വ്വവ്യാപിയായകുമ്പോള്‍ മനുഷ്യരുടെ ഗതിയെന്താകും?
വരുന്ന നൂറ്റാണ്ടിലൊന്നുമല്ല ഇതു സംഭവിക്കാന്‍ പോകുന്നത്. ഏറിയാല്‍ കാല്‍ നൂറ്റാണ്ട് ഒക്കെയാണ് പലരും പ്രതീക്ഷിക്കുന്ന കാലാവധി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും അല്‍ഗോറിതങ്ങളുടെയും ഇടയിലുളള ജീവിതം 'സാധാരണ' മനുഷ്യര്‍ക്ക് എളുപ്പമായിരിക്കില്ല. ഇതിന് പ്രതിവിധിയായി കാണുന്നത് മനുഷ്യരും യാന്ത്രികമായി 'അപ്‌ഗ്രേഡ്' ചെയ്യുക എന്നതാണ്. ബയളോജിക്കല്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ ഇന്റലിജന്‍സും ഒരുമിപ്പിക്കുക.
ഇതിന്റെ പ്രായോഗികത ഇപ്പോഴും അത്രമേല്‍ വിശ്വസനീയമല്ല. ബ്രെയ്ന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് എത്രമേല്‍ സാധ്യമാണെന്നത് ഇപ്പോള്‍ പറയാനാവില്ല. സൂപ്പര്‍ കംപ്യൂട്ടറുകളുടെതു പോലെയുള്ള പ്രോസസിങ് പവറുള്ള ചിപ്പുകള്‍ ധരിച്ചാലും അതില്‍നിന്നു ലഭിക്കുന്ന വിവരം 'സാദാ' തലച്ചോറിലേക്കു തള്ളിക്കൊടുത്തു കൊണ്ടിരിക്കുമെന്നൊക്കെ പറയുന്ന കാര്യത്തില്‍ ഇനിയും ഒരുപാടു വിശ്വസനീയത വരുത്തേണ്ടതായുണ്ട്. എന്തായാലും, ഇതിനായി പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാര്‍ ഇപ്പോഴുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത് പൈസ കൂടിയാണ്. ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് തന്റെ പിന്തുണ ഇത്തരം ഗവേഷണങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ടെസ്‌ല കമ്പനിയുടെയും സ്‌പെയ്‌സ് Xന്റെയും ഉടമയായ മസ്‌ക് പുതിയതായി തുടങ്ങുന്ന കമ്പനിയാണ് ന്യൂറാലിങ്ക് (Neuralink). ഇതിന്റെ പ്രവര്‍ത്തന ലക്ഷ്യം മനുഷ്യരുടെ തലച്ചോറില്‍ ചിപ്പുകള്‍ പിടിപ്പിക്കാനുള്ള നീക്കമായിരിക്കും. മനുഷ്യരിലും സോഫ്റ്റ്‌വെയര്‍ എത്തിക്കുകയും ഇതിലൂടെ അനുദിനം വളര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തി മനുഷ്യരിലേക്കും പകര്‍ന്നാടാന്‍ അനുവദിക്കുന്ന ചിപ്പുകള്‍ നിര്‍മിക്കുക എന്നതായിരിക്കും കമ്പനിയുടെ ലക്ഷ്യം. ഇവയിലൂടെ മനുഷ്യര്‍ക്ക് ഓര്‍മ വര്‍ധിപ്പിക്കുകയും കംപ്യൂട്ടറുകളിലേക്ക് നേരിട്ടുള്ള ഒരു ഇന്റര്‍ഫെയ്‌സ് നിര്‍മിക്കുകയും ചെയ്യാമെന്നാണ് കരുതുന്നത്.
ദുബായില്‍ ഒരു കൂട്ടം ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കവേ മസ്‌ക് പറഞ്ഞത് ബയളോജിക്കന്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ ഇന്റലിജന്‍സും തമ്മില്‍ കൂടുതല്‍ അടുപ്പം വരുത്താനായേക്കാമെന്നാണ്. ഇത്തരം 'അമാനുഷിക' ഉപകരണങ്ങള്‍ ഇന്ന് ശാസ്ത്ര ഭാവനയില്‍ മാത്രമാണുള്ളത്. മെഡിക്കല്‍ ഫീല്‍ഡില്‍ ഇലക്ട്രോഡുകളുടെ അടുക്കുകളും മറ്റും ഉപയോഗിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം, തുടങ്ങിയ രോഗങ്ങള്‍ക്ക് ചെറിയ പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. ഹൃദയ താളം ശരിയാക്കാന്‍ ഉപയോഗിക്കുന്ന പെയ്‌സ്‌മേക്കറുകളും മറ്റും കുറേ പതിറ്റാണ്ടുകള്‍ക്കു മുൻപ് അചിന്ത്യമായിരുന്നുവെന്നും ഓര്‍ക്കുക.
പക്ഷേ, സങ്കീര്‍ണ്ണങ്ങളായ ചിപ്പുകള്‍ തലയോട്ടിക്കുള്ളില്‍ പിടിപ്പിച്ച വളരെ കുറച്ച് ആളുകളെ ഇന്ന് ഭൂമുഖത്തുളളൂ. അവരാകട്ടെ, തങ്ങളുടെ രോഗങ്ങള്‍ക്ക് ശമനം തേടിയാണ് ഇവ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങള്‍ തലയോട്ടിക്കുള്ളില്‍ ഉപയോഗിക്കുക എന്നത് അപകടകരമാണ്. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റമാണ്. ജീവിച്ചിരിക്കാന്‍ മറ്റു സാധ്യതകളൊന്നുമില്ലാത്ത ആളുകളാണ് ഇന്ന് അവ ധരിക്കുന്നത്.
എന്നാല്‍, ഇതൊന്നും ലോക സാങ്കേതികവിദ്യയുടെ സിരാകേന്ദ്രമായ സിലിക്കന്‍ വാലിക്ക് മനുഷ്യ ശരീരത്തില്‍ ചിപ്പ് വയ്ക്കുക എന്ന ആശയത്തിലുള്ള പിടി അയയ്ക്കാന്‍ പര്യാപ്തമല്ല. എന്നു തന്നെയല്ല അത്തരമൊരു ലക്ഷ്യം നേടുമെന്ന വിശ്വാസത്തിലാണവരില്‍ ചിലര്‍. മനുഷ്യരുടെ തലച്ചോറിനെ 'ഹാക്കു'ചെയ്യാനുള്ള ഇത്തരം മറ്റു ശ്രമങ്ങളും നടക്കുന്നുണ്ട്. ബ്രയന്‍ ജോണ്‍സന്റെ കേണല്‍ (Kernal) ഇത്തരം സംരഭത്തിലേര്‍പ്പെട്ടിരിക്കുന്ന മറ്റൊരു കമ്പനിയാണ്. എന്നാല്‍, ന്യൂറോ സയന്‍സ് ഗവേഷകര്‍ പറയുന്നത് തലച്ചോറില്‍ ന്യൂറോണ്‍സ് എങ്ങനെയാണ് സംവദിക്കുന്നത് എന്നതിനെക്കുറിച്ചു പോലും വളരെ കുറച്ച് അറിവേയുള്ളു എന്നാണ്. അത്തരം ന്യൂറോണ്‍സിനെക്കുറിച്ചുള്ള വിവര ശേഖരണം പോലും ഇപ്പോള്‍ അതിന്റെ പ്രാഥമിക ദശയിലാണെന്നും പറയുന്നു. ഇതൊന്നും പോരെങ്കില്‍ ഇന്ന് പലര്‍ക്കും സ്വന്തം തലയോട്ടി തുറക്കുക എന്ന ആശയം പോലും അസ്വസ്ഥതയുളവാക്കുന്നതുമാണ്. എന്നാല്‍, ഇലക്ട്രോണിക് ചിപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ധരിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ടു വരുന്ന സാധ്യത പലരും പ്രതീക്ഷിക്കുന്നുണ്ട്.
ഈ ടെക്‌നോളജി പ്രായോഗികമാണോ എന്നതിനപ്പുറം നൈതികമായ പ്രശ്‌നങ്ങളും ഉടലെടുക്കാം. ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനായാല്‍ ഇന്നത്തെ പല മതവിശ്വാസങ്ങളെയും പാടെ ഹനിക്കുന്ന രീതിയിലായിരിക്കാം അവ എത്തുക. സമീപ ഭാവിയെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്ന മൂന്നു പ്രധാന സാധ്യതകള്‍ ഇവയാണ്. ഒന്ന് രാജ്യങ്ങള്‍ തമ്മില്‍ നടന്നേക്കാവുന്ന ആണവ യുദ്ധം എല്ലാം തുടച്ചു മാറ്റിയേക്കാം. 2. സങ്കുചിത മതവിശ്വാസങ്ങള്‍ പിടി മുറുക്കാം. 3. മേല്‍പ്പറഞ്ഞ രീതിയിലുള്ള ശാസ്ത്ര പുരോഗതി. ശാസ്ത്ര പുരോഗതിയിലൂന്നിയുള്ള ജീവതം കെട്ടിപ്പെടുക്കാമെന്ന മനക്കോട്ട കെട്ടലും ഇല്ലാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം അത് പണവും അധികാരവും ഒക്കെയുള്ളവരെ തേടിയെ പോകൂ എന്നാണ് പ്രവചനം. അതായത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അത്രമേല്‍ വര്‍ധിക്കാന്‍ പോകുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ ഇപ്പോഴുള്ളതിന്റെ പത്തിലൊന്നായി കുറയുമെന്നുള്ള പ്രവചനവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.
പലരും ഇന്ന് കൊല്ലാനും ചാകാനും തയാറാകുന്ന പല വിശ്വാസങ്ങളും വെറും ഭാവനയിലൂന്നിയവയാണെന്ന് ഒരു കൂട്ടം ആളുകള്‍ വിശ്വസിക്കുന്നു. ശാസ്ത്ര മനക്കോട്ടകള്‍ക്ക് ഈ വിശ്വാസങ്ങളെക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു. ഒരു വാദമെന്ന നിലയിലെങ്കിലും ഇത് ഭാവി ജിവിതത്തിന് കൂട്ടായി ഉണ്ടായിരിക്കണം. കാരണം വരും വര്‍ഷങ്ങള്‍ എന്തെല്ലാം വെളിപ്പെടുത്തുമെന്ന് ആര്‍ക്കറിയാം?