ജിഎസ്ടി തുണച്ചു, ഷവോമി സ്മാർട് ടിവി വില കുത്തനെ കുറച്ചു

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ സ്മാര്‍ട് ടിവികൾക്കും വില കുത്തനെ കുറച്ചു. രാജ്യത്തെ ജിഎസ്ടി നിരക്കിൽ മാറ്റം വന്നതോടെയാണ് സ്മാർട് ടിവി വില കുത്തനെ കുറച്ചത്. ഷവോമിയുടെ രണ്ടു മോഡൽ എംഐ ടിവികൾക്കാണ് വില കുറച്ചത്.

എംഐ എൽഇഡി സ്മാർട് ടിവി 4എ 32, എംഐ എൽഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകൾക്ക് 2000 രൂപ വരെയാണ് കുറച്ചത്. 2018 മാർച്ചിലാണ് ഷവോമി ടിവികൾ അവതരിപ്പിക്കുന്നത്. തുടർന്ന് രണ്ടാമത്തെ മോഡൽ അവതരിപ്പിച്ചത് സെപ്റ്റംബറിലും. എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ്.

സ്മാർട് ടിവികൾക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനം കുറച്ചതോടെയാണ് ഷവോമിയും വില കുറച്ചത്. പുതുക്കിയ നിരക്കിലുള്ള ടിവികൾ എംഐ ഡോട് കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈന്‍ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നു വാങ്ങാം.

ഇന്ത്യയിലെ ടെലിവിഷൻ വിപണി പിടിക്കാൻ പുതിയ പദ്ധതിയും ഷവോമി ആസൂത്രണം ചെയ്യുന്നുണ്ട്. സ്മാർട് ടെലിവിഷനുകൾ ഇന്ത്യയിൽ തന്നെ നിർമിച്ച് കുറ‍ഞ്ഞ വിലയ്ക്ക് വിൽക്കാനാണ് ഷവോമിയുടെ നീക്കം. കുറഞ്ഞ കാലത്തിനിടെ രാജ്യത്ത് വൻ ജനപ്രീതി നേടിയ ടിവി ബ്രാൻഡാണ് ഷവോമി.

ഇന്ത്യയിൽ നിർമിക്കുന്നതോടെ ഇറക്കുമതി തീരുവ ഒഴിവാകും. ഇതിലൂടെ വിലകുറച്ച് സ്മാർട് ടിവികൾ വിൽക്കാനാകും. ഇതിലൂടെ മറ്റു ടെലിവിഷൻ വിതരണ കമ്പനികൾക്ക് ഷവോമി ടിവികൾ വൻ വെല്ലുവിളിയാകും. നിലവിൽ ഇന്ത്യയിലെ സ്മാർട് ടിവി വിപിണി ഷവോമി ഏറെകുറെ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ചൈനയിൽ നിന്ന് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നതിന് 20 ശതമാനം ഇറക്കുമതി തീരുവ നൽകണം. ഇതോടൊപ്പം രണ്ടര ശതമാനം അധിക നികുതിയും നൽകേണ്ടതുണ്ട്.