രാജ്യത്തെ ടെലികോം മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ഭുത മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്. ട്രായിയുടെ നവംബര്‍ മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎല്ലും മാത്രമാണ്. അതായത് ജിയോയും ബിഎസ്എൻഎല്ലും ടെലികോം വിപണിയിൽ ശക്തമായ മുന്നേറ്റം നടത്തുമ്പോൾ മറ്റു കമ്പനികളെല്ലാം ഓരോ മാസവും പിന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ജിയോ വൻ മുന്നേറ്റം നടത്തിയപ്പോൾ ഐഡിയ–വോഡഫോൺ, എയർടെൽ, ടാറ്റ തുടങ്ങി കമ്പനികൾക്ക് വൻ തിരിച്ചടി നേരിട്ടു. നവംബറിൽ ജിയോയ്ക്ക് ലഭിച്ചത് 88.01 ലക്ഷം അധിക വരിക്കാരെയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 27.16 കോടിയായി.
നവംബർ 30 നു ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 117.18 കോടിയാണ്. നവംബറിൽ മാത്രം 17.39 ലക്ഷം പേരാണ് അധികമായി ചേർന്നത്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 62.26 ലക്ഷം വരിക്കാരെയാണ്.
നവംബർ മാസത്തിൽ ബിഎസ്എൻഎല്ലിന് പുതുതായി ലഭിച്ചത് 3.78 ലക്ഷം വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.38 കോടി ആയി. ഒക്ടോബറിൽ തിരിച്ചടി നേരിട്ട ഭാർതി എയർടെലിന് നവംബറിൽ 1.02 ലക്ഷം വരിക്കാരെ അധികം ലഭിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണം 34.18 കോടിയായി.