ഇന്റര്‍നെറ്റ് മുഴുവനായോ, സോഷ്യല്‍ മീഡിയ മാത്രമായോ ബ്ലോക്കു ചെയ്യുന്ന രീതി കൂടുതല്‍ രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്നതായുള്ള വാര്‍ത്തകള്‍ ഭീതിയോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്. ചൈനയില്‍ തുടക്കം കുറിച്ച ഈ വിദ്യ അവരും, അവരുടെ കൂടെ നില്‍ക്കുന്ന രാജ്യങ്ങളുമാണ് ആദ്യം ഉപയോഗിച്ചത്. എന്നാല്‍ ഇത് ഏതു രാജ്യത്തും പ്രയോഗിക്കപ്പെട്ടേക്കാം എന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2018 ൽ ഇന്ത്യയില്‍ മാത്രം 130 തവണയാണ് ഇന്റർനെറ്റ് വിലക്കിയത്. ഭൂരിഭാഗം വിലക്കുകളും വടക്കെ ഇന്ത്യയിലായിരുന്നു.
2019ല്‍ ആദ്യ രണ്ടാഴ്ച കഴിയുമ്പോള്‍ അഞ്ചു രാജ്യങ്ങളില്‍ ഭാഗികമോ, പൂര്‍ണ്ണമോ ആയ ഇന്റര്‍നെറ്റ് ബ്ലോക് ചെയ്തു. 2018ല്‍ 185 തവണ വിവിധ രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്തു. ഓരോ വര്‍ഷവും ഇന്റര്‍നെറ്റ് ബ്ലോക് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ് പേടിപ്പിക്കുന്ന കാര്യം.
ചില സന്ദര്‍ഭങ്ങള്‍
2014ല്‍ ജനാധിപത്യവാദികളായ വിദ്യാര്‍ഥികള്‍ക്കു നേരെ ഹോങ്കോങ്ങില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ അതിന്റെ ചിത്രങ്ങളും വിഡിയോയും അതിവേഗം പ്രചരിക്കുകയും രോഷാകുലരായ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി മാസങ്ങളോളം തെരുവുകളില്‍ തമ്പടിച്ചു. അവരെ തുരത്താനുള്ള ശ്രമങ്ങള്‍ പാഴായി. അത് സാമൂഹ്യമാധ്യമങ്ങളുടെ വിജയമായിരുന്നു.
2019ലേക്കു ഫാസ്റ്റ് ഫോര്‍വേഡ് ചെയ്താല്‍, സിംബാബ്‌വെയിലെ ഹരാരെയില്‍ പ്രതിഷേധക്കാര്‍ നിരന്നപ്പോള്‍ സർക്കാർ ചെയ്തത് വാട്‌സാപ് അടക്കമുള്ള മെസേജിങ് സര്‍വീസുകള്‍ ലഭ്യമാക്കാതിരിക്കുക എന്നതായിരുന്നു.
ഇതിലും ഭയങ്കരമായിരുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ സംഭവിച്ചത്. സർക്കാർ രണ്ടാഴ്ചത്തേക്ക് ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്തു. അവിടെ നടന്ന തെരഞ്ഞെടുപ്പു ഫലത്തില്‍ തിരിമറി നടത്തുന്നുവെന്ന ആരോപണം നിലനിന്നപ്പോഴാണ് ഇതു സംഭവിച്ചതെന്നതും ശ്രദ്ധിക്കണം.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഇതു സംഭവിക്കുന്നുവെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഓണ്‍ലൈന്‍ പ്രതിഷേധങ്ങളും ഒത്തു ചേരലുകളും വാര്‍ത്താ പ്രചാരണവും തടസപ്പെടുത്താനാണ് ഇത്തരം രീതികള്‍ ഉപയോഗിക്കുന്നത്.
ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയപ്പോള്‍ സിംബാബ്‌വെ സർക്കാർ വേഗം മൂന്നു ദിവസത്ത ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. പൊലീസ് ഹെലികോപ്റ്ററിലെത്തി പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും നിരവധിപ്പേരെ അറസ്റ്റു ചെയ്യുന്നതും കൂടുതല്‍ ആളുകള്‍ അറിയാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. മൂന്നു ദിവസം ഇന്റര്‍നെറ്റ് പൂട്ടിയപ്പോള്‍ സിംബാബ്‌വെയ്ക്കു വന്ന നഷ്ടം ഏകദേശം 170 കോടി ഡോളറാണെന്നു കണക്കു കൂട്ടുന്നു. അതിവേഗം വഷളാകുന്ന ധനസ്ഥിതിയാണ് ഈ രാജ്യത്തിന്റെത് എന്നുമോര്‍ക്കണം.
രാവിലെ വാട്‌സാപ്പും ട്വിറ്ററും ഫെയ്‌സ്ബുക്കും ബ്ലോക് ചെയ്തു. ഉച്ച ആയപ്പോഴേക്കും ഇന്റര്‍നെറ്റ് പൂര്‍ണ്ണമായി ബ്ലോക് ചെയ്തുവെന്നും ഹരാരെയിലെ മാധ്യമാവകാശ പ്രവര്‍ത്തകന്‍ (media rights activist) പറഞ്ഞു. ചിലരെല്ലാം വിപിഎന്‍ ഉപയോഗിച്ച് തങ്ങളുടെ ഇന്റര്‍നെറ്റ് കണക്‌ഷന്‍ തിരിച്ചെടുത്തുവെങ്കിലും പലര്‍ക്കും മൊത്തം ബ്ലാക്ഔട്ട് ആയിരുന്നു. വിപിഎന്‍ ഉപയോഗിച്ചാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നറിഞ്ഞതോടെ എങ്ങനെ വിപിഎന്‍ കണക്‌ഷന്‍ സെറ്റു ചെയ്യാം എന്നറിയാനുള്ളവരുടെ വിളി തുടങ്ങിയെന്ന് പറയുന്നു.
ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്താല്‍ മനുഷ്യാവകാശ ധ്വംസനം ഒരു പരിധി വരെ മൂടിവയ്ക്കാം. പത്രപ്രവര്‍ത്തകര്‍ക്ക് പരക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയറിയാന്‍ സാധ്യമല്ലാതാകുമെന്നും ഒരാള്‍ പറഞ്ഞു. ഇതു കൂടാതെ ബ്ലോക്കു ചെയ്യാന്‍ ഉപയോഗിക്കുന്ന രീതികള്‍ മൊത്തം ഇന്റര്‍നെറ്റിനെ അസ്ഥിരപ്പെടുത്തും. ഇന്റര്‍നെറ്റ് ഷട്‌ഡൗണുകള്‍ ഒരിക്കലും അനുവദിച്ചു കൂടാ എന്നാണ് മിക്ക വിദഗ്ധരും പ്രതികരിച്ചത്.
ചൈനയില്‍ തുടക്കം
ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പല നിരോധനങ്ങളുടെയും തുടക്കം ചൈനയാണ്. ചൈനയുടെ സഖ്യരാഷ്ട്രങ്ങളാണ് ഇതിന്റെ മുഖ്യ പ്രചാരകര്‍. ചൈനയ്ക്കുള്ളില്‍ നിന്നു തന്നെ പലരീതിയില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാനുള്ള ഉപാധികള്‍ അവര്‍ കണ്ടെത്തിക്കഴിഞ്ഞു.
ഇന്ത്യയില്‍
2018ന്റെ ആദ്യ അഞ്ചു മാസങ്ങളില്‍ ഇന്ത്യയിലെ പല ഭാഗത്തായി 20 തവണയാണ് ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യം ഹ്യൂമന്‍ റൈറ്റ്‌സ് വാച് ( Human Rights Watch) റിപ്പോർട്ട് ചെയ്തിരുന്നു. ഇതേപ്പറ്റി പ്രതികരിക്കാന്‍ സർക്കാർ തയാറായില്ലെന്നും പറയുന്നു. അഞ്ചു വര്‍ഷത്തിനിടെ കാശ്മീരില്‍ ഇന്റര്‍നെറ്റ് ബ്ലോക് ചെയ്തത് 33 തവണയാണെന്ന് പറയുന്നു. ചൈനയെ പോലെ ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യയ്ക്കില്ലെങ്കിലും സേവനദാതാക്കളോട് സേവനം ബ്ലോക് ചെയ്യാന്‍ ആവശ്യപ്പെടാം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജസ്ഥാനിൽ മാത്രം 30 തവണയാണ് ഇന്റർനെറ്റ് വിലക്കിയത്. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് 2018ൽ മാത്രം 30 തവണ ടെലികോം സേവനദാതാക്കളെ വിലക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ 2015 വരെയുള്ള വർഷങ്ങളിൽ രാജസ്ഥാനിൽ ആകെ ഇന്റർനെറ്റ് വിലക്കിയത് 56 തവണ മാത്രമാണ്.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും കൂടുതൽ ദിവസം ഇന്റർനെറ്റ് വിലക്കിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകളിലാണ് നിയമങ്ങള്‍ മറന്നുള്ള സർക്കാരിന്റെ ഇന്റർനെറ്റ് വിലക്കിന്റെ കണക്കുകൾ പുറത്തുവന്നത്.
ഇന്റർനെറ്റ് ഷട്ട്ഡൗൺ ട്രാക്കറിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 2017നും മെയ് 2018 നുമിടയിൽ 40 തവണയാണ് രാജസ്ഥാൻ സര്‍ക്കാർ ഇന്റർനെറ്റ് വിലക്കിയത്. എന്നാൽ ഓരോ വിലക്കലിന്റെയും വ്യക്തമായ വിശദീകരണ രേഖകള്‍ നൽകാൻ ആർടിഐ അധികൃതർ തയാറായില്ല. 2018ൽ ഇന്ത്യയിൽ ആകെ 130 തവണയാണ് ഇന്റര്‍നെറ്റ് വിലക്കിയത്. എന്നാൽ ഭൂരിഭാഗവും രാജസ്ഥാനിലായിരുന്നു. ജമ്മു കശ്മീരാണ് രണ്ടാം സ്ഥാനത്ത്.
ഒരു സംസ്ഥാനത്ത് ഇന്റർനെറ്റ് വിലക്കാൻ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ഏറെ ചർച്ചകള്‍ക്ക് ശേഷമാണ് ഇന്റർനെറ്റ് പിൻവലിക്കുക. എന്നാൽ രാജസ്ഥാനിൽ സംഭവിച്ചത് ഒരു ചർച്ചയും നടക്കാതെയാണ് 29 തവണയും ഇന്റർനെറ്റ് വിലക്കിയത്. ഡിജിറ്റൽ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കുന്ന ബിജെപി സര്‍ക്കാർ തന്നെയാണ് ഇത്രയും ദിവസം രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയതെന്നതും ശ്രദ്ധേയമാണ്.
ആഗോള പ്രശ്‌നം
ഇന്റര്‍നെറ്റ് ബ്ലോക് ചെയ്യുന്നത് ഏതെങ്കിലും ചില രാജ്യങ്ങളുടെ മാത്രം പ്രശ്‌നമല്ല. ആഗോള തലത്തില്‍ ഇത്തരം രീതികള്‍ പടര്‍ന്നു പിടിക്കുന്നു. 2019ല്‍ ഇതുവരെ ഇന്റര്‍നെറ്റ് ഭാഗികമായെങ്കിലും ബ്ലോക്കു ചെയ്ത രാജ്യങ്ങള്‍ ഇവയാണ്. സുഡാന്‍, ബംഗ്ലാദേശ്, കോങ്‌ഗോ, ഗാബോണ്‍, സിംബാബ്‌വെ.
യൂറോപ്പിലും, ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇതു സംഭവിച്ചിട്ടുണ്ട്. കാറ്റലോണിയയില്‍ നടന്ന പ്രതിഷേധത്തിനിടെ സ്‌പെയിൻ സർക്കാർ ഇന്റര്‍നെറ്റ് ബ്ലോക് ചെയ്തുവെന്നു പറയുന്നു. റഷ്യ മെസേജിങ് ആപ് ആയ ടെലെഗ്രാം ബ്ലോക് ചെയ്തു.
എങ്ങനെയാണ് ഇന്റര്‍നെറ്റ് ബ്ലോക് ചെയ്യുന്നത്?
പൂര്‍ണ്ണമായ ബ്ലോക്കു ചെയ്യലാണ് ഏറ്റവും എളുപ്പം. സേവനദാതാക്കളോട് 'പൈപ്പു പൂട്ടിയേരെ' എന്നു പറഞ്ഞാല്‍ പണി തീര്‍ന്നു. യാദൃശ്ചികമായും സംഭവിക്കാം. കടലിനടിയിലൂടെ വരുന്ന കേബിള്‍ മുറിഞ്ഞാല്‍ ഇന്റര്‍നെറ്റ് സ്തംഭിക്കും. ചൈനയുടെ കൈയ്യിലുള്ള നിയന്ത്രണോപാധികളെ വിളിക്കുന്നത് ദി ഗ്രെയ്റ്റ് ഫയര്‍വോള്‍ എന്നാണ്. ഇതില്‍ സാധിക്കാത്ത കളികളില്ലെന്നും പറയുന്നു.