ഉപയോക്താക്കൾക്കു സ്വന്തം ഇഷ്ടപ്രകാരം കാണേണ്ട ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയതിനു പിന്നാലെ പ്രതിമാസം ചെലവിടേണ്ട തുക ഉപയോക്താക്കൾക്കു തന്നെ മനസ്സിലാക്കാൻ കഴിയുന്ന വെബ് ആപ്ലിക്കേഷനുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) രംഗത്ത്. ചാനൽ സെലക്ടർ ആപ്ലിക്കേഷൻ എന്ന പുതിയ സംവിധാനത്തിലൂടെ ഒരു ഉപഭോക്താവിന് തനിക്കു ഇഷ്ടമുള്ള ചാനലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രതിമാസം എത്ര തുക വിനിയോഗിക്കേണ്ടിവരുമെന്നു മനസ്സിലാക്കാം.
എച്ച്ഡി അല്ലെങ്കിൽ എസ്ഡി, തരം, ബ്രോഡ്കാസ്റ്റര്‍, ഭാഷ എന്നീ ഫിൽട്ടറുകളോടു കൂടിയാണ് ആപ് വന്നരിക്കുന്നത്. ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ചാനലുകൾക്കനുസരിച്ചു ട്രായ് അംഗീകരിച്ച നിരക്കുകൾ പ്രകാരം മാസത്തിൽ എത്ര രൂപ നൽകേണ്ടി വരുമെന്നു ആപ്ലിക്കേഷനിലൂടെ അറിയാനാകും.
തങ്ങളുടെ ബജറ്റിനു വഴങ്ങുന്ന മികച്ച ചാനലുകൾ ഏതെന്നു കണ്ടെത്താൻ ഉപയോക്താക്കൾക്കു കഴിയുമെന്നതാണ് ഈ ആപ്ലിക്കേഷന്‍റെ ഏറ്റവും വലിയ സവിശേഷത. പേര്, സംസ്ഥാനം, ഏതു തരത്തിലുള്ള ചാനലുകളാണ് പ്രിയം തുടങ്ങിയ ചില അടിസ്ഥാന വിവരങ്ങൾ നൽകിയാൽ ഇഷ്ടമുള്ള ചാനലുകൾ തിരഞ്ഞെടുത്ത് പ്രതിമാസം ചിലവിടേണ്ട രൂപ എത്രയാണെന്നു അറിയാനാകും. എച്ച്ഡി അല്ലെങ്കിൽ എസ്ഡി ചാനലുകളും സ്റ്റാർ ഗ്രൂപ്പ് പോലെയുള്ള സ്ഥാപനങ്ങൾ നൽകുന്ന വിവിധ ചാനലുകൾ അടങ്ങുന്ന ബൊക്കറ്റും തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷൻ സജ്ജീകരിച്ചിട്ടുള്ളത്.
ചാനലുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പേജിന്‍റെ മുകൾ വശത്തായി ഇടതുവശത്തുള്ള വ്യൂ സെലക്ഷൻ എന്ന ബട്ടണിൽ അമർത്തിയാൽ തിരഞ്ഞെടുത്ത പേ ചാനലുകൾ, ഫ്രീ ടു എയർ ചാനലുകൾ, പേ ചാനലുകൾക്കു ആകെ നൽകേണ്ടി വരുന്ന തുക, ജിഎസ്ടി, ഡിടിഎച്ച് സേവനദാതാവിനു നൽകേണ്ട നെറ്റ്‍വർക്ക് കപ്പാസിറ്റി ഫീസ് (എൻഎഫ്സി) തുടങ്ങിയ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭിക്കും.
ആപ്ലിക്കേഷനിൽ കയറിയ ശേഷം ഏറ്റവും അവസാനമുള്ള ഗെറ്റ് സ്റ്റാർട്ടഡ് ബട്ടണിൽ ക്ലിക് ചെയ്യുക. പ്രാഥമിക ചോദ്യാവലിയിലേക്കു പ്രവേശിക്കാനാകും. ഇവയ്ക്കു മറുപടി നൽകണമെന്നു നിർബന്ധമില്ല. ഇല്ലാതെയും ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും.