ഉപയോക്താവിന് സ്വന്തം ഇഷ്ടപ്രകാരം ചാനലുകൾ തിരഞ്ഞെടുക്കാനും ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന ഓരോ ചാനലിനും എത്ര രൂപയാണ് നൽകേണ്ടതെന്നു അറിയാനുമുള്ള അധികാരം നൽകുന്ന സമൂലമായ പരിഷ്കാരമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഫെബ്രുവരി ഒന്നു മുതൽ നടപ്പിലാക്കാനിരിക്കുന്നത്. ഉപയോക്താവിനെ രാജാവാക്കുന്നതാണ് പുതിയ പരിഷ്കാരങ്ങളെന്നാണ് ട്രായ് അവകാശപ്പെടുന്നതെങ്കിലും സാമ്പത്തികമായി അത്ര ആശ്വാസകരമല്ല പുതിയ പരിഷ്കാരങ്ങളെന്ന ആശങ്കയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നു വരുന്നത്. പുതിയ പരിഷ്കാര പ്രകാരം പ്രതിമാസം ചിലവിടേണ്ടി വരുന്ന തുക സംബന്ധിച്ചു ഉപയോക്താവിനു തന്നെ കണക്കെടുക്കാൻ സഹായിക്കുന്ന വെബ് ആപ്ലിക്കേഷൻ ട്രായ് പരിചയപ്പെടുത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾക്കു തുടക്കമായത്. പരാതികൾ സമർപ്പിക്കാൻ ട്രായ് തന്നെ ഒരുക്കിയ ഇടത്തും 'വില'യിലെ ആശങ്കകളുടെ പ്രവാഹമാണ്.
130 രൂപയ്ക്ക് 100 ചാനലുകളും മലയാളിയും
കേവലം 130 രൂപയ്ക്ക് 100 ചാനലുകൾ എന്നാണ് ട്രായിയുടെ പുതിയ വ്യവസ്ഥയുടെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. നൂറിൽ കൂടുതൽ ചാനലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ 25 ചാനലുകളടങ്ങുന്ന ഒരു സ്ലാബിന് 20 രൂപ വീതം അധികം നല്‍കേണ്ടി വരും. പേ ചാനലുകൾ 130 രൂപ പരിധിയിൽ വരികയില്ലെന്നതാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്. ജിഎസ്ടി കൂടാതെയാണ് 130 രൂപ. നികുതികളടക്കം ആത്യന്തികമായി ഒരു ഉപഭോക്താവ് നൽകേണ്ടി വരിക 154 രൂപയാണ്. ഓരോ പേ ചാനലിനും നിശ്ചിത തുക അധികം നൽകേണ്ടി വരും. വിതരണക്കാർ ഈടാക്കുന്ന തുകയിൽ കള്ളക്കളികൾക്കു ഡിടിഎച്ച് ദാതാക്കൾക്കു അവസരം ലഭിക്കില്ലെന്നതാണ് ഏറ്റവും വലിയ നേട്ടമായി ട്രായ് എടുത്തു കാട്ടുന്നത്.
15 ശതമാനം ഉപയോക്താക്കളിൽ താഴെ മാത്രമെ 100ൽ കുടുതൽ ചാനലുകൾ ആവശ്യപ്പെടുകയുള്ളൂവെന്ന ട്രായുടെ നിഗമനം ശരിയാകാൻ തന്നെയാണ് സാധ്യത. എന്നാൽ മലയാളം ചാനലുകളുടെ കാര്യം എടുക്കുകയാണെങ്കിൽ വിനോദ, വാർത്താ ചാനലുകളുടെ പരിധിയിൽ വരുന്ന പൊതുവെ സ്വീകാര്യതയുള്ള ചാനലുകള്‍ പേ ചാനലുകളുടെ പട്ടികയിലാണുള്ളതെന്നതാണ് ആശങ്കയുണ്ടാക്കുന്ന വസ്തുത. ഇവിടെയാണ് കണക്കിലെ കളികൾ പ്രതികൂലമാകുമോയെന്ന ആശങ്ക ഒരു ശരാശരി മലയാളം ടെലിവിഷൻ പ്രേക്ഷകനിലുണ്ടാകുന്നത്.
മലയാളത്തിൽ 14 ചാനലുകൾക്കാണ് പ്രത്യേകം പണം കൊടുത്ത് വരിക്കാരാകേണ്ടത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ മൂവീസ്, സൂര്യ എച്ച്ഡി, സൂര്യ കോമഡി, സൂര്യ മ്യൂസിക്, കൊച്ചുടിവി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്ഡി, രാജ് ന്യൂസ് എന്നിവയാണവ.
കണക്കിലെ വികൃതികൾ
പുതിയ പരിഷ്കാരം ആത്യന്തികമായി പോക്കറ്റ് കാലിയാക്കുമെന്ന ആശങ്കയുടെ അടിത്തറ താരതമ്യ കണക്കുകളിലൂടെ പരിശോധിക്കാം, ഡിടിഎച്ച് മേഖലയിൽ കേരളത്തിൽ കാര്യമായ വേരുകളുള്ള സൺ ഡിടിഎച്ച് മലയാളത്തിനായി വിവിധ പാക്കേജുകളാണ് നിലവിൽ ഉപയോക്താക്കൾക്കു സമ്മാനിക്കുന്നത്. ഇതിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇക്കോണമി പാക്കിൽ 142ൽ അധികം ചാനലുകൾക്കു ഈടാക്കുന്നത് പ്രതിമാസം 180 രൂപയാണ്. 30 മലയാളം ചാനലുകളാണ് ഈ പാക്കേജിൽ ഉള്ളത്. ഏഷ്യാനെറ്റിന്‍റെയും സൂര്യയുടെയും പേ ചാനലുകളും ന്യൂസ് 18 കേരളവും സ്റ്റാർ സ്പോര്‍ട്സിന്‍റെ മൂന്നു ചാനലുകളും കൂടി അടങ്ങുന്നതാണ് ഈ പാക്കേജ്.
പുതിയ പദ്ധതി പ്രകാരം നോക്കുകയാണെങ്കിൽ ഇതേ പാക്കേജ് പ്രകാരം വരുന്ന പേ ചാനലുകളുടെ നിരക്ക് ഇപ്രകാരമാണ്. ഏഷ്യാനെറ്റ് – 19 രൂപ, ഏഷ്യാനെറ്റ് മൂവീസ് – 15 രൂപ, ഏഷ്യാനെറ്റ് പ്ലസ് – 5 രൂപ, ന്യൂസ് 18 കേരളം –0.25 രൂപ, സൂര്യ കോമഡി –4 രൂപ, സൂര്യ മൂവീസ് –11 രൂപ, സൂര്യ മ്യൂസിക് – 4രൂപ, സൂര്യ ടിവി –12 രൂപ, സ്റ്റാർ സ്പോർട്ട്സ് 1 – 19 രൂപ, സ്റ്റാർ സ്പോർട്ട്സ് 2– 6 രൂപ, സ്റ്റാർ സ്പോർട്ട് 3 – 4 രൂപ. അതായത് 99.25 രൂപയാണ് പേ ചാനലുകൾക്കായി ഒരു ഉപയോക്താവ് അധികം നൽകേണ്ടത്. അടിസ്ഥാന നിരക്കായ 154 രൂപ കൂടി കണക്കിലാക്കുമ്പോൾ ആകെയുള്ള പ്രതിമാസ നിരക്ക് 253.25 രൂപയായി മാറുന്നു. ചുരുക്കി പറഞ്ഞാല്‍ സണ്‍ ഡിടിഎച്ചിന്‍റെ നിലവിലുള്ള അടിസ്ഥാന പാക്കേജിനു നൽകുന്ന തുകയേക്കാള്‍ 73.25 രൂപ അധികം.
പേ ചാനലുകള്‍ക്കുള്ള നിരക്കു പ്രത്യേകം പ്രത്യേകം നൽകുന്നതിനു പുറമെ വിവിധ ചാനലുകൾ നൽകുന്ന ബൊക്കറ്റുകളും പുതിയ പദ്ധതി പ്രകാരം ഉപയോക്താവിനു തിരഞ്ഞെടുക്കാം. സൺ ടിവി മലയാളം ഇത്തരത്തിൽ നൽകുന്ന പാക്കേജുകളിൽ സൺ ടിവിയുടെ മലയാളം ചാനലുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള അടിസ്ഥാന പാക്കേജിന്‍റെ നിരക്ക് 20 രൂപയാണ്. ന്യൂസ് 18 കേരളം അടങ്ങുന്ന ടിവി18ന്‍റെ അടിസ്ഥാന പാക്കേജിനു 8 രൂപയാണ് നിരക്ക്. ഏഷ്യാനെറ്റിന്‍റെ മൂന്നു പേ ചാനലുകളും സ്റ്റാർ സ്പോർട്ട് 1,2,3 എന്നീ ചാനലുകളും അടങ്ങുന്ന സ്റ്റാര് ഗ്രൂപ്പിന്‍റെ തമിഴ് –മലയാളം (എ) പാക്കേജിനു 49 രൂപ നൽകണം. ഈ മൂന്നു പാക്കേജുകളും അടിസ്ഥാന നിരക്കായ 154 രൂപയും ചേരുമ്പോൾ പ്രതിമാസ നിരക്ക് 231 രൂപയാകും. താത്പര്യമില്ലാത്ത ചാനലുകൾ കാണേണ്ടതായും വരും. സണ്‍ ഡിടിഎച്ചിന്‍റെ നിലവിലുള്ള ഇക്കോമണി പാക്കേജുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ പ്രതിമാസം 77 രൂപയാണ് ഉപയോക്താവ് അധികം നൽകേണ്ടി വരിക.