ലോകത്തെ രണ്ടാമത്ത തിരക്കേറിയ എയര്‍പോര്‍ട്ടും ബ്രിട്ടനിലെ ഏറ്റവും വലുതുമായ ഹീത്രൂവില്‍ അള്‍ട്രാ ഹൈ-ഡെഫനിഷന്‍ 4K ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്തുന്നു. ഇതോടെ മോശം കാലാവസ്ഥമൂലം വിമാനങ്ങൾ വൈകുന്നത് 20 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. വെസ്റ്റ് ലണ്ടന്‍ എയര്‍പോര്‍ട്ടിലെ കണ്ട്രോള്‍ ടവറിലെ ഈ പുതിയ ടെക്‌നോളജി, എയര്‍ ട്രാഫിക് കണ്ട്രോളര്‍മാര്‍ക്ക് കാലാവസ്ഥ മോശമായ സമയത്ത് വളരെ സഹായകമാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ എഐ ക്യാമറാ സിസ്റ്റം പകര്‍ത്തുന്ന ചിത്രങ്ങള്‍ അര്‍ഥമാക്കുന്നതെന്ത് എന്നു മനസ്സിലാക്കാന്‍ പഠിക്കുകയാണ്. ഈ ടെക്‌നോളജി രാത്രിയില്‍ വരെ ഉപകാരപ്രദമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൈ-സെന്‍സിറ്റീവ് ക്യാമറകളിലൂടെ കണ്ട്രോളര്‍മാര്‍ക്കും എയര്‍ഫീല്‍ഡ് കാണാന്‍ സാധിക്കും. രാത്രിയില്‍ കണ്ട്രോളര്‍മാര്‍ക്ക് മികവാർന്ന കാഴ്ച സാധ്യമാക്കുകുയാണ് ക്യാമറ സിസ്റ്റം.
ബ്രിട്ടനിലെ ഏറ്റവും പൊക്കമുള്ള കണ്ട്രോള്‍ ടവര്‍ ഉള്ളതും ഹീത്രുവിലാണ്, 87 മീറ്റര്‍. എന്നാല്‍ ഇതിന്റെ കുഴപ്പമെന്താണെന്നു ചോദിച്ചാല്‍ റണ്‍വെ വളരെ വ്യക്തമായി കാണാമെങ്കിലും മേഘങ്ങള്‍ താഴ്ന്നു വരുമ്പോള്‍ കണ്ട്രോളര്‍മാരുടെ കാഴ്ച കുറയുമെന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ കണ്ട്രോളര്‍മാര്‍ റഡാറിനെ ആശ്രയിച്ചാണ് വിമാനങ്ങള്‍ റണ്‍വെ ക്ലിയര്‍ ചെയ്‌തോ എന്നറിയുന്നത്. എന്നു പറഞ്ഞാല്‍ ഒരോ ലാന്‍ഡിങ്ങിനും 20 ശതമാനം വരെ സമയ നഷ്ടം സംഭവിക്കാം. ഇതൊഴിവാക്കാനായി എയര്‍ ട്രാഫിക് മാനേജ്‌മെന്റ് സര്‍വീസ്, (നാറ്റ്‌സ്) ഇപ്പോള്‍ 20 അള്‍ട്രാ ഹൈ-ഡെഫനിഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ നിന്നു ലഭിക്കുന്ന വിഡിയോ ഫുട്ടേജ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിച്ചിരിക്കുകയുമാണ്.
പുതിയ സിസ്റ്റത്തിലൂടെ എയര്‍ ട്രാഫിക് കണ്ട്രോളര്‍മാരുടെ പണി കുറയ്ക്കാം. എഐ അവരോട് ഒരു വിമാനം റണ്‍വെ വിട്ടോ എന്ന കാര്യം വ്യക്തമായി പറയുന്നു. അടുത്ത വിമാനത്തിന് ലാന്‍ഡു ചെയ്യാനുള്ള പെര്‍മിഷന്‍ എപ്പോള്‍ നല്‍കണമെന്ന കാര്യം തീരുമാനിക്കല്‍ കണ്ട്രോളര്‍മാര്‍ക്ക് എളുപ്പമാക്കും. അടുത്ത ആഴ്ചകളില്‍ ട്രയല്‍ തുടങ്ങുകയാണ്. ഹീത്രുവിലേക്കു വരുന്ന അമ്പതിനായിരത്തിലേറെ ഫ്‌ളൈറ്റുകളുടെ ചലനം എഐയെ പഠിപ്പിക്കാനാണ് ഉദ്ദേശം. തുടര്‍ന്ന് എത്തിച്ചേരുന്ന നിഗമനങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ അറിയിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ സിസ്റ്റത്തിന്റെ ശേഷി ചൂഷണം ചെയ്യാനായേക്കുമെന്നാണ് കരുതുന്നത്. ഇതിനായി ലോകത്തെ ആദ്യത്തെ 4K ഡിജിറ്റല്‍ ടവറാണ് നാറ്റ്‌സ് ഹീത്രുവില്‍ നിര്‍മിച്ചിരിക്കുന്നത്.
പുതിയ സിസ്റ്റത്തിലൂടെ, ഹീത്രു എയര്‍പോര്‍ട്ടിന് പരിപൂര്‍ണ്ണ ശേഷി കൈവരിക്കാമെന്നാണ് നാറ്റ്‌സ് കരുതുന്നത്. മനുഷ്യനു സാധ്യമായത് ഇപ്പോഴെ നടക്കുന്നുണ്ട്. ഇനി മനുഷ്യനും ടെക്‌നോളജിയും ഒത്തു ചേരുമ്പോള്‍ സുരക്ഷയും ശേഷിയും വര്‍ധിപ്പിക്കാനാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മനുഷ്യനും യന്ത്രവും ഐക്യത്തോടെ പ്രവർത്തിക്കുന്നതു കാണാനാകുമെന്ന് നാറ്റ്‌സിന്റെ ചീഫ് സൊലൂഷന്‍ ഓഫിസര്‍ ആ്ന്‍ഡി ടെയ്‌ലര്‍ അവകാശപ്പെട്ടു. മേഘങ്ങള്‍ താഴ്ന്നു വന്ന് കണ്ട്രോള്‍ ടവറിനെ മൂടുന്ന സമയത്തുള്ള പ്രശ്‌നമാണ് ആദ്യം പരിഹരിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സിസ്റ്റത്തിന് ഇതിന് അതിവേഗം പരിഹാരം കാണാനായേക്കും. ഈ സിസ്റ്റം ലോകമെമ്പാടുമുള്ള എയര്‍പോര്‍ട്ടുകളെ വിപ്ലവകരമായി നവീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
നാറ്റ്‌സ് ഒരു ഡിജിറ്റല്‍ ടവര്‍ ലബോറട്ടറിയും ഹൂത്രൂവിൽ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ട്രയല്‍. മൊത്തം 2.5 മില്ല്യന്‍ പൗണ്ടാണ് ചിലവഴിക്കുന്നത്. ഒരു വര്‍ഷത്തില്‍ ഏകദേശം 12 ദിവസങ്ങളിലാണ് മേഘങ്ങളിറങ്ങി ടവറിനെ വലയം ചെയ്ത് ഹീത്രുവിലെ കണ്ട്രോളര്‍മാര്‍ക്ക് കാഴ്ചയ്ക്ക് പ്രശ്‌നം നേരിടുന്നത്. പുതിയ സിസ്റ്റം ഇതും പരിഹരിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ടവര്‍ കൂടെ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയും ഇത് ഇല്ലാതാക്കിയേക്കും.