ട്രായിയുടെ കേബിൾ, ഡിടിഎച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൻ ഓഫറുകളുമായി വിവിധ കമ്പനികൾ രംഗത്ത്. ട്രായിയുടെ ഉത്തരവ് പ്രകാരം 154 രൂപയ്ക്ക് 100 ഫ്രീ എയർ ടു എയർ ചാനലുകൾ നൽകണമെന്നാണ്. കൂടുതൽ എഫ്ടിഎ ചാനലുകൾ വേണ്ടവർ അധികതുക നൽകുകയും വേണം. എന്നാൽ സൺ ഡയറക്ട് നൽകുന്ന എല്ലാ എഫ്ടിഎ ചാനലുകളും 154 രൂപയ്ക്ക് നൽകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വരിക്കാരെ പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ള സൺ ഡയറക്ടിന്റെ പുതിയ ഓഫർ മറ്റു കമ്പനികൾക്കും വൻ വെല്ലുവിളിയാണ്. അതായത് സൺ നൽകുന്ന എല്ലാ ഫ്രീ ചാനലുകളും ആസ്വദിക്കാം. മറ്റു കമ്പനികളെല്ലാം 154 രൂപയ്ക്ക് 100 ചാനലുകളാണ് നൽകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഏറ്റവും കൂടുതൽ വരിക്കാരുളള ഡിടിഎച്ച് സർവീസാണ് സൺ.
എന്നാൽ പേചാനലുകൾ ലഭിക്കാൻ കൂടുതൽ തുക നൽകേണ്ടിവരും. മറ്റു കമ്പനികളുടെ 150 എഫ്ടിഎ ചാനലുകൾ ലഭിക്കാൻ ഏകദേശം 210 രൂപ വരെ നൽകണം. എന്നാൽ സൺ ഡയറക്ട് 154 രൂപയ്ക്ക് മുഴുവൻ ചാനലുകളും നൽകും. ഇതോടൊപ്പം സണ്ണിന്റെ കീഴിലുള്ള 35 ചാനലുകൾ വൻ ഓഫർ നിരക്കിൽ നൽകാനും നീക്കം നടത്തുന്നുണ്ട്. നിലവിൽ സൺ ടിവിയുടെ കീഴിലുള്ളത് 35 ചാനലുകളാണ്. ഇതിനു ഈടാക്കുന്നത് 22.40 രൂപയാണ്. മൊത്തം മുന്നോറോളം ചാനലുകളാണ് സൺ ഡയറക്ട് നൽകുന്നത്. ഇതിൽ 150 ചാനലുകൾ എഫ്ടിഎ ചാനലുകളാണ്.