sections
MORE

പൈലറ്റ് പുകവലിച്ചു, അന്ന് വിമാനം പറന്നത് വൻ ദുരന്തത്തിലേക്ക്, പിന്നാലെ വൻപൊട്ടിത്തെറിയും

nepal-crash-
SHARE

ഒരു വർഷം മുൻപാണ് നേപ്പാൾ തലസ്ഥാനമായ കഠ്‌മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ യുഎസ്–ബംഗ്ലാ എയർലെയിൻ ബൊംബാഡിയർ യുബിജി–211 വിമാനം തകർന്നുവീണ് 50 പേർ മരിച്ചത്. 21 പേർക്കു പരുക്കേറ്റു. അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോക്പിറ്റിലിരുന്നു പൈലറ്റ് പുകവലിച്ചതാണ് വൻ ദുരന്തത്തിനു കാരണമായതെന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. വ്യോമയാന നിയങ്ങൾ പാലിക്കാതെ കോക്പിറ്റിലിരുന്നു പുകവലിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു.

വിമാനത്തിലിരുന്ന് പുകവലിക്കരുത് എന്നാണ് നിയമം. രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളിലൊന്നും പുകവലി അനുവദിക്കില്ല. എന്നാൽ പൈലറ്റ് പുകവലിച്ചതിന്റെ തെളിവ് കോക്പിറ്റ് വോയിസ് റെക്കോർഡറിൽ നിന്നു ലഭിച്ചിരുന്നു. ദുരന്തത്തിനു കാരണം പൈലറ്റിന്റെ നിയമം ലംഘിച്ചുള്ള പുകവലിയും അശ്രദ്ധയുമാണെന്നാണ് റിപ്പോർട്ട്. അതേസമയം, കൺട്രോൾ റൂമുമായുള്ള പൈലറ്റിന്റെ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

പ്രതികൂല കാലാവസ്ഥയിൽ, നിയന്ത്രണം വിട്ടിറങ്ങിയ വിമാനം വിമാനത്താവളത്തിന്റെ വേലിയിൽ ഇടിച്ചശേഷം തീപിടിക്കുകയായിരുന്നു. ധാക്കയിൽനിന്നുള്ള യുഎസ്–ബംഗ്ല എയർലൈൻസ് വിമാനത്തിൽ 67 യാത്രക്കാരടക്കം ആകെ 71 പേരുണ്ടായിരുന്നു. യാത്രക്കാരിൽ 33 പേർ നേപ്പാളുകാരും 32 പേർ ബംഗ്ലദേശുകാരുമായിരുന്നു. ഓരോ ചൈന, മാലദ്വീപ് പൗരൻമാരും. വിമാനമിറക്കാനുള്ള രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് എയർ ട്രാഫിക് കൺട്രോൾ അധികൃതർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മൂന്നു ദശകത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു ഇത്.

തെക്കുദിശയിൽ വിമാനമിറങ്ങാനുള്ള അനുമതി കൺട്രോൾ ടവർ നൽകിയപ്പോൾ, വടക്കുഭാഗത്തേക്കു തിരിയുകയാണെന്നു പൈലറ്റ് പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിച്ചെങ്കിലും ഇല്ലെന്നാണു മറുപടി നൽകിയത്. വടക്കു ദിശയിൽ രണ്ടു തവണ വിമാനം വട്ടം ചുറ്റിയതോടെ, പ്രശ്നമുണ്ടോയെന്നു വീണ്ടും കൺട്രോൾ ടവർ അന്വേഷിച്ചു. ഇല്ലെന്നു പൈലറ്റ് മറുപടി നൽകി. വിമാനത്തിന്റെ ദിശ കൃത്യമല്ലെന്നു കൺട്രോൾ അറിയിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നു വിമാനത്താവള വേലിയിൽ ഇടിച്ചിറങ്ങിയ വിമാനം നിലം തൊട്ടതോടെ തീപിടിച്ചു. ‘പൊടുന്നനെ അതിശക്തമായി വിമാനം കുലുങ്ങി. പിന്നാലെ വൻപൊട്ടിത്തെറിയുണ്ടായി.’ രക്ഷപ്പെട്ട യാത്രക്കാരിൽ ചിലർ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. രണ്ടു പൈലറ്റുമാർ അടക്കം നാലു വിമാനജീവനക്കാരും ബംഗ്ലദേശുകാരായിരുന്നു. 1992ൽ കഠ്മണ്ഡുവിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തായ് എയർലൈൻസ് വിമാനം തകർന്ന് 167 പേരാണു കൊല്ലപ്പെട്ടത്. തകർന്ന യുഎസ്–ബംഗ്ല ബൊംബഡയർ ക്യൂ 400 വിമാനത്തിനു 17 വർഷം പഴക്കമുണ്ടായിരുന്നു. യുഎസ്, ബംഗ്ലദേശ് സംയുക്ത സംരംഭമായ യുഎസ്–ബംഗ്ല ഗ്രൂപ് ഉടമസ്ഥതയിലുള്ളതാണു യുഎസ്–ബംഗ്ല എയർലൈൻസ്. 

വിമാനസുരക്ഷ മോശം

പർവത മേഖലയായ നേപ്പാളിലെ വിമാനത്താവളങ്ങളിൽ അപകട സാധ്യത കൂടുതലാണ്. റോഡ് യാത്രാസൗകര്യങ്ങൾ കുറവായതുകൊണ്ടു നേപ്പാളിൽ ചെറുവിമാന യാത്രകൾ കൂടുതലാണ്. മോശം കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ കാരണങ്ങളുമാണു വിമാനാപകട സാധ്യത വർധിപ്പിക്കുന്നത്. 1949ൽ രാജ്യത്തു വിമാന സർവീസ് ആരംഭിച്ചതിനു ശേഷം ചെറുതും വലുതുമായി എഴുപതിലധികം അപകടങ്ങളുണ്ടായി. എഴുന്നൂറിലേറെപ്പേർ മരിച്ചു. സുരക്ഷാ അപര്യാപ്തത ചൂണ്ടിക്കാട്ടി നേപ്പാൾ വിമാനക്കമ്പനികൾക്കു യൂറോപ്പിലേക്കു സർവീസ് നടത്തുന്നതിനു യൂറോപ്യൻ യൂണിയന്റെ വിലക്കുണ്ട്.

നേപ്പാളിലെ സമീപകാല വിമാന അപകടങ്ങൾ

∙ 2016 ഫെബ്രുവരി: ഹിമാലയ താഴ്‌വാരത്തിലെ ജോംസമിലേക്കുള്ള യാത്രയ്ക്കിടെ ചെറുവിമാനം തകർന്ന് 23 പേർ മരിച്ചു

∙ 2012 സെപ്റ്റംബർ:  സീത എയർവെയ്‌സിന്റെ ഡോണിയർ വിമാനം കഠ്മണ്ഡു വിമാനത്താവളത്തിൽ തകർന്നു 19 പേർ മരിച്ചു

∙ 2012 മേയ്: ഡോണിയർ വിമാനം മലനിരകളിൽ തട്ടി തകർന്ന് മുക്‌തിനാഥ് ക്ഷേത്രത്തിലേക്കു പോയ പ്രമുഖ ബാലനടി തരുണി സച്‌ദേവും അമ്മയും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.

∙ 2011 സെപ്റ്റംബർ: എവറസ്‌റ്റ് ചുറ്റിക്കണ്ടു മടങ്ങുകയായിരുന്ന വിനോദയാത്രാ സംഘത്തിന്റെ ചെറുവിമാനം തകർന്നുവീണ് 10 ഇന്ത്യക്കാർ ഉൾപ്പെടെ 19 പേർ മരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA