sections
MORE

ആഗോള സൈബര്‍ ആക്രമണമുണ്ടാകും; ഭീതിയിൽ രാജ്യങ്ങൾ

cyber-hackers
SHARE

ഹാക്കര്‍മാര്‍ സംയുക്തമായി വന്‍ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുകയാണെന്നും ഇതിലൂടെ ആഗോള തലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ട്. ദ്രോഹബുദ്ധിയോടെ നടത്തുന്ന ഈ ആക്രമണം ഇമെയിലിലൂടെയായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ആഗോളതലത്തില്‍ പല മേഖലകളെ ഇതു ബാധിക്കാം. ഇന്‍ഷുറന്‍സ്, റീട്ടെയ്ല്‍ വില്‍പ്പന, ആരോഗ്യപരിപാലനം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ബാങ്കിങ് മേഖലകളെ ലക്ഷ്യം വച്ചായിരിക്കും ആക്രമണം എന്നും സൂചനയുണ്ട്.

അമേരിക്ക, യൂറോപ് തുടങ്ങിയ സ്ഥലങ്ങളിലെ, സേവനങ്ങളെ കേന്ദ്രീകരിച്ചുള്ള സമ്പദ്‌വ്യവസ്ഥകളെയായിരിക്കും സൈബർ ആക്രമണം കൂടുതലായി ബാധിക്കുക എന്നാണ് പ്രവചനം. ആക്രമണത്തില്‍ ഇവിടങ്ങളിലുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ നഷ്ടം. എന്നാല്‍, പല പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി തീര്‍ന്നിരിക്കുന്നതിനാല്‍, പല രാജ്യങ്ങളിലെയും സ്വകാര്യ മേഖലയെയും സ്വകാര്യ വ്യക്തികളെയും പോലും ബാധിച്ചാലും അദ്ഭുതപ്പെടേണ്ട എന്നും പറയുന്നു.

ഇന്‍ഷുറന്‍സ് മേഖലയെ ഈ ആക്രമണം സാരമായി ബാധിച്ചേക്കാമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് ലോയിഡ്‌സ് ഓഫ് ലണ്ടനും യുകെയിലെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയായ എഓണും (Aon) ചേര്‍ന്നാണ്. ഇന്‍ഷുറന്‍സ് മേഖലയ്ക്കു മാത്രം ഏകദേശം 27 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം വന്നേക്കാമെന്നും അവര്‍ വിലയിരുത്തുന്നു.

2017ല്‍ നടന്ന ഒരാക്രമണത്തില്‍ മുംബൈ മുതല്‍ ലൊസാഞ്ചലസ് വരെയുള്ള നിരവധി തുറമുഖ നഗരങ്ങളിലെ ആയിരക്കണക്കിനു കംപ്യൂട്ടറുകളെ കേടുവരുത്തിയിരുന്നു. യുക്രെയ്‌നില്‍ നിന്നു പടര്‍ന്ന ഈ വൈറസ് ആക്രമണത്തില്‍ ഓസ്‌ട്രേലിയയിലെ ഒരു ചോക്ലേറ്റ് ഫാക്ടറിയുടെ പ്രവര്‍ത്തനം പോലും താറുമാറാക്കിയിരുന്നു. പല രാജ്യങ്ങളിലെയും സർക്കാറുകള്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സ്വകാര്യ ബിസിനസുകാരെ വരെ ബോധവൽകരിക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ചില രാജ്യത്തെ സർക്കാറുകൾ നേരിട്ടു നടത്തുന്നുവെന്നും ആരോപണമുണ്ട്. ചില അധികാരികൾ അല്ലെങ്കില്‍ ധനമോഹികളായ ക്രിമിനലുകളായിരിക്കാം ഇവയ്ക്കു പിന്നിലെന്നാണ് ആരോപണം.

അടുത്തകാലത്തു നടന്ന മറ്റൊരു സൈബര്‍ ആക്രമണമായിരുന്ന ഡൊമെയ്ന്‍ നെയ്ം സിസ്റ്റം (ഡിഎന്‍എസ്) ഹൈജാക്കിങിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ബ്രിട്ടന്റെ നാഷണല്‍ സൈബര്‍ സെക്യുരിറ്റി സെന്റര്‍ പറഞ്ഞു. ഇതു പല രാജ്യങ്ങളിലെയും സർക്കാറുകളെയും വാണിജ്യ സ്ഥാപനങ്ങളെയും ബാധിച്ചിരുന്നു. വേറൊരു ആക്രമണം ഫ്രഞ്ച് എൻജീനിയറിങ് കണ്‍സള്‍ട്ടന്‍സി അള്‍ട്രാന്‍ ടെക്‌നോളജീസിനു നേരിട്ടായിരുന്നു. ഇതു കമ്പനിയുടെ പല യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ജര്‍മനിയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ രാജ്യത്തെ നൂറുകണക്കിനു രാഷ്ടീയക്കാരുടെയും, പൊതുപ്രവര്‍ത്തകരുടെയും സ്വകാര്യ വിവരങ്ങളും രേഖകളും ഹാക്കര്‍മാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ജര്‍മന്‍ ചാന്‍സലര്‍ അങ്‌ഗെലാ മേര്‍ക്കലിനെ (Angela Merkel) പോലും ബാധിച്ചിരുന്നു. ഇതായിരിക്കാം ജര്‍മനിയില്‍ നടന്ന ഏറ്റവും വലിയ ഡേറ്റാ ചോര്‍ച്ച എന്നു പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA