5ജി ജിയോ ഫോൺ, 5ജി നെറ്റ്‌വർക്ക്, അടുത്ത ‘ഫ്രീ സൂനാമി’ക്കൊരുങ്ങി മുകേഷ് അംബാനി
ലോകത്തൊരിടത്തും 5ജി ഡിവൈസുകളും നെറ്റ്‌വർക്കുകളും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പരീക്ഷണങ്ങളും പൈലറ്റ് പദ്ധതികളും മാത്രമാണു നടക്കുന്നത്. പൂർണതോതിൽ ഇതവതരിപ്പിക്കണമെങ്കിൽ കുറഞ്ഞത് ഒരു വർഷം കൂടി ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, നെറ്റ്‌വർക്ക് സാങ്കേതിക വിദ്യ എന്നിവയെല്ലാം വേണ്ടതുണ്ട്. സർക്കാർ തലത്തിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനിടെ റിലയൻസ് ജിയോയും ബിഎസ്എൻഎല്ലും രാജ്യത്ത് ആദ്യം തന്നെ 5ജി കൊണ്ടുവരാനുള്ള ടവർ ടെക്നോളജി ഒരുക്കി കാത്തിരിക്കുകയാണ്.
ടെലികോം രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട ജിയോ 5ജി ഫോണുകളും 5ജി നെറ്റ്‍വർക്കും ഒരു വർഷത്തിനുള്ളിൽ തന്നെ കൊണ്ടുവരുമെന്നാണ് അറിയുന്നത്. അടുത്ത വർഷം ഏപ്രിലിൽ ജിയോയുടെ 5ജി ഫോണും 5ജി നെറ്റ്‌വർക്കും വരുമെന്നാണ് അറിയുന്നത്. 5ജി ഫോൺ നിർമിക്കാനായി ജിയോ മുൻനിര കമ്പനികളുമായി ചർച്ച നടത്തി കഴിഞ്ഞു.
ഈ വർഷം ജൂലൈയിലാണ് 5ജി സ്പെക്ട്രം ലേലം നടക്കുന്നത്. രാജ്യത്തെ എല്ലാ സർക്കിളുകളിലേക്കും വേണ്ട സ്പെക്ട്രം ജിയോ ലേലം വിളിച്ചു സ്വന്തമാക്കുമെന്നുറപ്പാണ്. ഏപ്രിലിൽ രാജ്യത്ത് എല്ലായിടത്തും 5ജി നെറ്റ്‌വർക്ക് എത്തിക്കുമെന്ന് ജിയോ വക്താവ് പറഞ്ഞു.
2019-20 ഓടുകൂടി രാജ്യത്ത് 5ജി സംവിധാനം സജ്ജമാകുമെന്നാണ് കരുതുന്നത്. എന്നാൽ, ഇന്ത്യയിൽ 5ജി ഡിവൈസുകൾ വ്യാപകമാകാൻ 2021 വരെ കാത്തിരിക്കേണ്ടി വരും. 2019-2020 കാലയളവിൽ 5ജി ഇക്കോസിസ്റ്റം ലഭ്യമാകുമെന്ന് കരുതാം. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും 5ജി എത്തും. ഇതിനായി താങ്ങാനാവുന്ന വിലയ്ക്ക് 5ജി ഹാൻഡ്സെറ്റുകൾ ലഭ്യമാക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ മുകേഷ് അംബാനി പറഞ്ഞിരുന്നു.
5ജി നെറ്റ്‌വർക്കും ഡിവൈസുകളും നിർമിക്കാനും സജ്ജമാക്കാനും ജിയോ ഇപ്പോൾ തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആദ്യം 5ജി കൊണ്ടുവരിക ജിയോ ആയിരിക്കുമെന്നാണ് ടെക് വിദഗ്ധരും പറയുന്നത്. 5ജി വന്നാൽ ആദ്യം നടപ്പിലാക്കുക റിലയൻസ് ജിയോ ആയിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ അത്യാധുനിക സംവിധാനങ്ങളോടെ അതിവേഗ 4ജി വോൾട്ട് കൊണ്ടുവന്ന ജിയോ വരാനിരിക്കുന്ന പദ്ധതികൾ കൂടി മുൻകൂട്ടി കണ്ടാണ് പുതിയ ടവറുകൾ സ്ഥാപിക്കുന്നത്. 5ജി നടപ്പിലാക്കാൻ പുതിയ ഫൈബർ കേബിളുകളും അനുബന്ധ ഉപകരണങ്ങളും ജിയോ സജ്ജമാക്കി കഴിഞ്ഞു.
ദിവസവും 8,000 മുതല്‍ 10,000 ടവറുകൾ വരെയാണ് ജിയോ പുതിയതായി സ്ഥാപിക്കുന്നത്. ഈ ടവറുകളെല്ലാ വേണമെങ്കിൽ 5ജിയിലും പ്രവർത്തിക്കാൻ കേവലം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം മതിയെന്നാണ് അറിയുന്നത്. ഏകദേശം 27 കോടി വരിക്കാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുന്നത്. 5ജി വന്നാൽ ആദ്യം നടപ്പിലാക്കുക ജിയോ ആയിരിക്കും. സോഫ്റ്റ്‌വെയറിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നിലവിലെ ടവർ ഉപയോഗിച്ച് തന്നെ 5ജിയും ലഭ്യമാക്കാനാകും. ജിയോയ്ക്ക് പുറമെ ബിഎസ്എൻഎല്ലും 5ജി നടപ്പിലാക്കാൻ വേണ്ട ടെക്നോളജിക്ക് പിന്നാലെയാണ്.