ഫോണുകളും വാട്സാപും ചോർത്താൻ ഇസ്രയേലി ‘സ്പൈ വാൻ’, ഞെട്ടിക്കും റിപ്പോർട്ട് പുറത്ത്
Mail This Article
ടെക് ലോകത്ത് വാട്സാപ്, ഫെയ്സ്ബുക് ചോർത്തലുമായി ബന്ധപ്പെട്ടുളള വിവാദങ്ങൾ തുടരുകയാണ്. ഉപയോക്താക്കളുടെ ഫോണുകൾ ചോർത്താൻ ഇസ്രയേല്‍ കമ്പനികൾ വിവിധ ടെക്നോളജികളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്രയേലി നിരീക്ഷണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതും ഒരു കിലോമീറ്റർ വരെ അകലെയുള്ള ഏത് സ്മാർട് ഫോണും ഹാക്കുചെയ്യാൻ പ്രാപ്തിയുള്ളതുമായ ഹൈടെക് ‘സ്പൈ വാനിനെ’ കുറിച്ച് സൈപ്രിയറ്റ് പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ എന്തിനാണ് ഇത്തരമൊരു വാൻ ഉപയോഗിക്കുന്നത് എന്നതിന് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഫോർബ്സിലാണ് ഇത് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് വന്നത്. ഇതിനു ശേഷമാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. അതിശയകരമായ രീതിയിൽ നിരീക്ഷണം നടത്തിയിരുന്ന വാനിനെ കുറിച്ചു റിപ്പോർട്ടിൽ പറയുന്നുണ്ട്. സൈപ്രസിൽ റജിസ്റ്റർ ചെയ്ത ഇസ്രയേലി ചാര സ്ഥാപനമായ വൈസ്‌പിയറിന്റെ ഉടമസ്ഥതയിലുള്ള ഹൈടെക് വാനിൽ ഏകദേശം 90 ലക്ഷം ഡോളർ മൂല്യമുള്ള സ്‌നൂപ്പിങ് ഗിയർ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വാട്സാപ്, ഫെയ്‌സ്ബുക് സന്ദേശങ്ങൾ, ടെക്സ്റ്റുകൾ, കോളുകൾ, കോൺടാക്റ്റുകൾ എന്നിവയുൾപ്പെടെ ഏത് സ്മാർട് ഫോൺ ആപ്ലിക്കേഷൻ സുരക്ഷയെയും തകര്‍ക്കാൻ കഴിയുന്നതാണെന്ന് വൈസ്‌പിയർ സ്ഥാപകൻ ടാൽ ഡിലിയൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ചാരവൃത്തി സാങ്കേതികവിദ്യയും എൻക്രിപ്ഷനും തമ്മിലുള്ള വിടവിൽ നിന്ന് ‘ധാരാളം പണം’ സമ്പാദിക്കുന്നതിനെക്കുറിച്ചും ഇസ്രയേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ 24 വർഷത്തെ പരിചയസമ്പന്നനായ ഡിലിയൻ വെളിപ്പെടുത്തി. രഹസ്യങ്ങൾ ചോർത്താൻ ‘പിൻവാതിലുകൾ’ കണ്ടെത്താൻ സർക്കാരുകൾ പാടുപെടുന്നതിനാൽ കൂടുതൽ പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാൻ ഏതെങ്കിലും സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നു അന്വേഷിക്കുന്നുണ്ട്. അറ്റോർണി ജനറൽ കോസ്റ്റാസ് ക്ലറൈഡ്സ് ഈ കേസിൽ ഒരു സ്വതന്ത്ര അന്വേഷകനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബറിൽ ലാർനാക്ക നഗരത്തിലെ വൈസ്‌പിയറിന്റെ ആസ്ഥാനത്ത് നടത്തിയ തിരച്ചിലിൽ വാൻ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല.
കഴിഞ്ഞയാഴ്ച രാജ്യത്തെ നീതിന്യായ മന്ത്രി, പൊലീസ് മേധാവി, കടുത്ത ഇടതുപക്ഷ അകെൽ പാർട്ടി മേധാവി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഏതെങ്കിലും പൗരന്റെ സ്വകാര്യത ലംഘിക്കുന്നത് താൻ ഒരിക്കലും സഹിക്കില്ലെന്ന് പ്രസിഡന്റ് നിക്കോസ് അനസ്താസിയേഡ്സ് വ്യക്തമാക്കിയിരുന്നു. എന്നാൽ വാൻ ഉപയോഗിച്ച് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചാരവൃത്തിക്കായി വാൻ ഉപയോഗിച്ചിരുന്നില്ലെന്നും വൈസ്പിയർ വക്താവ് പറഞ്ഞു. വാൻ മൂന്നാം കക്ഷി വാടകയ്ക്കെടുത്തിട്ടില്ലെന്നും അറിയിച്ചു.