ADVERTISEMENT

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത് ഡിജിറ്റല്‍ സൂനാമിയുടെ കാലമാണെന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു തൊഴിൽ ലഭിക്കാൻ നിലവിലെ പഠന രീതികൾ അപര്യാപ്തമായി വരുമെന്നും കോഴ്‌സെറ ഇന്ത്യ ആൻഡ് എഷ്യ പസിഫിക് മാനേജിങ് ഡയറക്ടർ രാഘവ് ഗുപ്‌ത. മനോരമ ഓൺലൈൻ ‘ടെക്സ്പെക്‌റ്റേഷന്‍’ രണ്ടാം ദിനത്തിൽ‌ ‘വിദ്യാഭ്യാസ രംഗത്തെ നവരീതികളും ഡിജിറ്റൽ പഠനത്തിലേക്കുള്ള പുതിയ മാറ്റവും’ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മേഖലയ്ക്കു പ്രാപ്തരാകാനൊരുങ്ങുന്ന വിദ്യാർഥികൾക്കു മുന്നിൽ നിലവിൽ ഇരട്ട തടസ്സങ്ങളാണുള്ളത്. ഒന്നാമത്തെ തടസ്സം ലോകമെമ്പാടും നിലവിലുള്ള ഓട്ടമേഷനാണ് (മാനുഷിക അധ്വാനം കുറച്ച് യന്ത്രങ്ങളും സോഫ്റ്റ്‌വെയറുകളും ജോലി ഏറ്റെടുക്കുന്ന രീതി). രണ്ടാമത്തേത് കോവിഡ്19 ലോകത്ത് കൂടിക്കൊണ്ടിരിക്കുന്നു എന്നതും. 

 

ലോക്‌ഡൗണിനു പിന്നാലെ ഒട്ടേറെ പേർക്കാണു തൊഴിൽ നഷ്ടമായത്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് അടുത്ത 2–3 വർഷത്തേക്ക് ജോലി നേടിയെടുക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പക്ഷേ ഏതു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു തിരിച്ചറിഞ്ഞാൽ ആ പ്രശ്നമില്ല. കോവിഡ് മാറിയാലും തൊഴിൽ രീതികളിൽ ഏറെ മാറ്റം വന്നിട്ടുണ്ടാകും. ആഴ്ചയിൽ 5–6 ദിവസം ഓഫിസിലേക്കു പോകുന്നതിനു പകരം 1–2 ദിവസത്തിലേക്ക് ചുരുങ്ങും. വിദ്യാഭ്യാസ മേഖലയിലും കോഴ്‌സുകളുടെ രീതിയെല്ലാം മാറുകയാണ്. ഒപ്പം ഭാവിയിൽ വിദ്യാർഥികൾക്കു വേണ്ട തൊഴിൽ ‘സ്കിൽ’ ഏതൊക്കെയെന്നതും മാറുന്നു. 

 

ഡിജിറ്റൽ–ഡേറ്റ സംബന്ധിയായ കോഴ്‌സുകൾക്കു പ്രാധാന്യം നൽകേണ്ട സമയമായിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ സൂനാമിയുടെ കാലമാണിത്. അതു പ്രയോജനപ്പെടുത്താനാകണം. പ്രത്യേക മേഖലകളെ ഫോക്കസ് ചെയ്തുള്ള കോഴ്‌സ് തിരഞ്ഞെടുക്കലാണു വേണ്ടത്.  സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളെ തൊഴിലിനു പ്രാപ്തരാക്കുന്ന വിധത്തിലുള്ള കോഴ്‌സുകൾ തയാറാക്കുന്ന രീതിയിലേക്കു മാറണം. ഫാക്കൽറ്റികൾക്കും അതിനനുസരിച്ചു പരിശീലനം നൽകണം.

 

‘കോഴ്‌സെറ’ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി പല സർവകലാശാലകളും ചർച്ച ആരംഭിച്ചിട്ടുണ്ട്. അതൊരു നല്ല സൂചനയാണ്. സർവകലാശാലകളിൽനിന്നുള്ള കണ്ടന്റും വിവിധ തൊഴിൽ സ്ഥാപനങ്ങൾക്കു ചേർന്ന വിധത്തിലുമുള്ള കണ്ടന്റും ചേർന്ന വിവരങ്ങളായിരിക്കും കോഴ്‌സെറ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടാവുക. ഇന്ത്യയിൽ കോഴ്‌സെറയ്ക്ക് മുൻ വർഷത്തേക്കാളും 7 ശതമാനം വളർച്ച ഇത്തവണയുണ്ടായിട്ടുണ്ട്. പലരും മാറിച്ചിന്തിക്കുന്നുവെന്നു ചുരുക്കം. 

 

വിദൂര വിദ്യാഭ്യാസത്തിന്റെ രീതികളും മാറുകയാണ്. പഠനസാമഗ്രികൾ തപാലിൽ അയച്ചുതന്നു പഠിക്കുന്ന രീതി മാറി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നു വേണമെങ്കിലും ഗുണമേന്മയുള്ള കോഴ്‌സുകൾ നേരിട്ടു പഠിക്കാമെന്നായി. ലോക പ്രശസ്ത ഫാക്കൽറ്റികൾ നേരിട്ടു ക്ലാസെടുക്കുന്നത് കേൾക്കാമെന്നായി. ഓൺലൈൻ വിദ്യാഭ്യാസം കൊണ്ടുവന്ന മാറ്റമാണിത്. എന്നാൽ ഇതു പലർക്കും അറിയാത്ത പ്രശ്നമുണ്ട്. അവിടെയാണ് ‘ഡിജിറ്റൽ ഡിവൈഡ്’ രൂപപ്പെടുന്നത്. അതെല്ലാം പരിഹരിക്കപ്പെടണം. പക്ഷേ തുടക്കമെന്ന നിലയ്ക്ക് മികച്ച രീതിയിലാണ് എല്ലാം മുന്നോട്ടു പോകുന്നതെന്നും രാഘവ് ഗുപ്ത പറഞ്ഞു. 

 

താൻ എംബിഎ പഠിച്ചിരുന്ന കാലത്ത് ബ്ലോക്ക് ചെയിനിനെപ്പറ്റി ഒരു സർവകലാശാലയിലും പഠിപ്പിച്ചിരുന്നില്ലെന്ന കാര്യവും രാഘവ് ഓർമിച്ചു. അത്തരം ഘട്ടങ്ങളിൽ സഹായിക്കുകയെന്നതാണ് ഓൺലൈൻ കോഴ്സുകളുടെ ലക്ഷ്യം. ഇത്തരം കോഴ്സുകളിൽ വിദ്യാർഥികളെ ‘എൻഗേജ്’ ചെയ്തു നിർത്തുകയെന്നതും വലിയ വെല്ലുവിളിയാണ്. കണക്ടിവിറ്റി പ്രശ്നം പലപ്പോഴും ഉണ്ടാകാറുണ്ട്. കോഴ്‍സെറ അതിനു പരിഹാരം കണ്ടത് സൂം ആപ്പുമായി ചേർന്ന് ‘ലൈവ് 2 കോഴ്‌സെറ’ എന്ന സെഷൻ ആരംഭിച്ചാണ്. ഇതിൽ കോഴ്‌സെറയുടെ ക്ലാസുകളെല്ലാം റിക്കാർഡ് ചെയ്യാനാകും. പിന്നീട് ഇന്റർനെറ്റ് ഇല്ലെങ്കിലും എല്ലാ ക്ലാസുകളും പഠിച്ചെടുക്കാം. 

 

ഓൺലൈൻ പഠനകാലത്തെ വെല്ലുവിളികൾ മറികടക്കാൻ ഇത്തരം രീതികൾ അവലംബിക്കണമെന്നും രാഘവ് ഗുപ്‌ത പറഞ്ഞു. മറ്റു പല ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം ഏറെ മുന്നിലാണ്. എന്നാൽ പല സർവകലാശാലകളും ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിനോട് ‘യേസ്’ പറയാൻ തയാറായിട്ടില്ല. ആ രീതിയിലേക്കു മാറുന്നതിന് പലരുമായും ചർച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ രാജ്യത്ത് ഒരു പുതിയ വിദ്യാഭ്യാസ നയം അത്യാവശ്യമാണെന്നും രാഘവ് ഗുപ്ത കൂട്ടിച്ചേർത്തു.

 

English Summary: Raghav Gupta, Managing Director-India and Asia Pacific, Coursera, Speaks At Techspectations 2020 Digital Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com